2017-05-01 10:37:00

സമാധാനത്തിന്‍റെ അപ്പസ്തോലികയാത്ര പാപ്പാ ഈജിപ്തില്‍ - റിപ്പോര്‍ട്ട്


പാപ്പാ ഫ്രാന്‍സിസ് ഈജിപ്തിലേയ്ക്കു നടത്തിയ അപ്പസ്തോലിയ യാത്രയുടെ റിപ്പോര്‍ട്ട് - രണ്ടാം ഭാഗം 

ഏപ്രില്‍ 28, 29 വെള്ളി ശനി ദിവസങ്ങളിലിയാരുന്നല്ലോ പാപ്പാ ഫ്രാന്‍സിസ് പിരമിഡുകളുടെയും ഫറവോമാരുടെയും ചരിത്രമുറങ്ങുന്ന മണ്ണിലേയ്ക്ക് സമാധാനയാത്ര നടത്തിയത്. ഇത് 18-Ɔമത്തെ രാജ്യാന്തരപര്യടനമായിരുന്നു. രാഷ്ട്രങ്ങളും മതങ്ങളും ജനതകളും കൈകോര്‍ത്താല്‍ മരണസംസ്ക്കാരം ഇല്ലാതാക്കി ലോകത്ത് സമാധാനം പുനര്‍സ്ഥാപിക്കാമെന്ന ശക്തമായ സന്ദേശമാണ് ഈ യാത്രയില്‍ ശ്രദ്ധേയം. പാപ്പാ ഫ്രാന്‍സിസ് ശനിയാഴ്ച ഇറ്റലിയിലെ സമയം രാത്രി 8.30-ന് വത്തിക്കാനില്‍ തിരിച്ചെത്തുകയുണ്ടായി. പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ അവസാനഭാഗത്തേയ്ക്കും ആദ്യദിനത്തിലെ പ്രസക്തമായ മൂന്നു സമ്മേളനങ്ങളിലേയ്ക്കുമുള്ള ഒരു തിരനോട്ടമാണ് (ശബ്ദരേഖയുള്ള) ഈ റിപ്പോര്‍ട്ട്.

  1. വിശുദ്ധ ലിയോയുടെ പുരാതന സെമിനരിയില്‍‍

ഈജിപ്ത് വിട്ടുപോരും മുന്‍പ് അവസാനമായി പാപ്പാ ഫ്രാന്‍സിസ് അവിടത്തെ കത്തോലിക്കാ വൈദികരും സന്ന്യസ്തരും സെമിനാരി വിദ്യാര്‍ത്ഥികളുമായി നടത്തിയ നേര്‍ക്കാഴ്ചയായിരുന്നു ഏപ്രില്‍ 29-Ɔ൦ തിയതി ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.15-നായിരുന്നു കൂടിക്കാഴ്ച വിശുദ്ധ ലിയോയുടെ പേരിലുള്ള സെമിനാരിയില്‍ നടന്നത്. ബഹുഭൂരിപക്ഷം മുസ്ലിങ്ങളുള്ള ഈജിപ്തില്‍ കത്തോലക്കര്‍ ജനസംഖ്യയുടെ തുലോം 0.1 ശതമാനം, അതായത് ഏകദേശം നാലരലക്ഷത്തോളം മാത്രമാണ്. അവരെ പ്രതിനിധീകരിച്ച് 1500-ല്‍ അധികം സന്ന്യസ്തരും വൈദികരും വൈദികവിദ്യാര്‍ത്ഥികളും തലസ്ഥാനനഗരമായ കെയിറോയുടെ പ്രാന്തപ്രദേശത്തുള്ള മാഡിയിലുള്ള പുരാതന സെമിനാരിയിലാണ് സംഗമിച്ചത്.

ശനിയാഴ്ച രാവിലെ കെയിറോയിലെ വ്യോമസേനാ മൈതാനിയില്‍ നടന്ന സമൂഹബലിയര്‍പ്പണത്തിനുശേഷം അപ്പസ്തോലിക സ്ഥാനപിതിയുടെ മന്ദിരത്തിലാണ് പാപ്പാ വിശ്രമിച്ചത്. ഉച്ചതിരിഞ്ഞ് 3.15-ന് 17 കി.മി. കാറില്‍ സഞ്ചരിച്ച് മാഡി പാത്രിയാര്‍ക്കല്‍ സെമിനാരിയില്‍ എത്തിച്ചേര്‍ന്ന പാപ്പായെ റെക്ടര്‍ തോമാ ആഡ്ലിയുടെ നേതൃത്വത്തില്‍ വലിയൊരു ജനാവലിയാണ് ഹൃദ്യമായി സ്വീകരിച്ചത്. വേദിയിലേയ്ക്കു നീങ്ങവെ പാപ്പാ പ്രായമായവരും രോഗികളുമായ വൈദികരെയും സന്ന്യസ്തരെയും അഭിവാദ്യംചെയ്തു. മടക്കയാത്രയ്ക്കു മുന്‍പുള്ള പാപ്പായുടെ ഈ പരിപാടി ഒരു സായാഹ്നപ്രാര്‍ത്ഥനയായിരുന്നു.

റെക്ടര്‍ തോമാ ആഡ്ലിയുടെ സ്വാഗതാശംസയെ തുടര്‍ന്ന് പാപ്പാ പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചു.  സങ്കീര്‍ത്തനം 121 ആലപിക്കപ്പെട്ടു. “പര്‍വ്വതങ്ങളിലേയ്ക്കിതാ ഞങ്ങള്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. ഞങ്ങളുടെ സഹായം എവിടെനിന്നു വരും? കര്‍ത്താവേ, ഞങ്ങളുടെ സഹായം അങ്ങില്‍നിന്നാണല്ലോ!”  തുടര്‍ന്ന്, “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്....!” വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 5, 13-16-വരെയുള്ള വചനഭാഗം പാരായണംചെയ്യപ്പെട്ടു.

വൈദികരോടും സന്ന്യസ്തരോടും...  (Discourse 5)

വൈദികരേ, സന്ന്യസ്തരേ, സെമിനാരി വിദ്യാര്‍ത്ഥികളേ, സമാധാനം! ഇത് കര്‍ത്താവു നല്കിയ ദിവസമാണ്! നമുക്ക് ആനന്ദിക്കാം. ക്രിസ്തു വിജശ്രീലാളിതനായി മരണത്തെ എന്നേയ്ക്കുമായി കീഴടക്കി. നമുക്ക് അവിടുന്നില്‍ സന്തോഷിക്കാം! ഈ കൂട്ടായ്മ ഇന്നാട്ടിലെ കത്തോലിക്കാസഭയുടെ ഹൃദയമാണ്. നിങ്ങള്‍ ഈ നാടിന്‍റെ പുളിമാവാണ്. ഇവിടത്തെ ഓര്‍ത്തഡോക്സ് സഭാ സമൂഹങ്ങളോടു ചേര്‍ന്ന് ദൈവരാജ്യത്തിന്‍റെ സ്ഥാപനത്തിനും വര്‍ദ്ധനവിനുമായി പരിശ്രമിക്കാം (മത്തായി 13, 3).

നന്ദിപറയുന്നതോടൊപ്പം, നിങ്ങളുടെ ഇവിടത്തെ കഠിനാദ്ധ്വാനത്തെ പ്രോത്സാഹിപ്പിക്കുന്നു. കുരിശ് രക്ഷയുടെ അടയാളമാണ്. കുരിശും ക്ലേശങ്ങളും ഉപേക്ഷിക്കരുത്. കുരിശിനെ ഉപേക്ഷിക്കുന്നവര്‍ ഉത്ഥിതനെയാണ് പരിത്യജിക്കുന്നത്! അതിനാല്‍ ഭയപ്പെടരുത്. ദൈവരാജ്യത്തിന്‍റെ വയലില്‍ പ്രത്യാശയോടെ നമ്മെത്തന്നെ സമര്‍പ്പിക്കാം. നിരാശപ്പെടുത്തുന്ന ധാരാളം കാര്യങ്ങളും വിനാശത്തിന്‍റെ പ്രവചനങ്ങളും ചുറ്റുമുണ്ട്. എന്നാല്‍ നിരാശയുള്ളിടത്ത് പ്രത്യാശയുടെ പ്രതീകവും, സമൂഹത്തിന് ക്രിസ്തുവിന്‍റെ ഉപ്പും വെളിച്ചവുമാകണം നിങ്ങള്‍! പ്രത്യാശയുടെ വിതക്കാരും, സൗഹൃദത്തിന്‍റെയും സംവാദത്തിന്‍റെയും കൂട്ടായ്മയുടെയും പാലം പണിക്കാരായിരിക്കണം നിങ്ങള്‍.  അതിനാല്‍ പ്രലോഭനങ്ങള്‍ക്കു കീഴ്പ്പെടരുതെന്ന് ഉദ്ബോധിപ്പാക്കാനാണ് ഞാന്‍ വന്നത്. ക്രിസ്തുവിന്‍റെ പ്രേഷിതര്‍ മറികടക്കേണ്ട 7 പ്രലോഭനങ്ങള്‍ പാപ്പാ പങ്കുവച്ചു. ഈജിപ്തിലെ താപസ്സന്മാര്‍ പങ്കുവച്ചിട്ടുള്ള ഇക്കാര്യങ്ങള്‍ ഞാന്‍ ഓര്‍പ്പിക്കുകയാണ് നിങ്ങളെ!

a. നയിക്കുന്നതിനു പകരം, പിന്മാറാനുള്ള ആഗ്രഹംഇടയന്‍ അജഗണങ്ങളെ നവമായ മേലച്ചില്‍പ്പുറങ്ങളിലേയ്ക്ക് നയിക്കേണ്ടവനാണ് (സങ്കീ. 23). നിരാശയിലോ നിഷേധാത്മകമായ ചിന്താഗതിയിലോ ജീവിക്കേണ്ടവനോ പിന്മാറേണ്ടവനോ അല്ല ഇടയന്‍. ആദ്യചുവടും നേരായ വഴിയും കാട്ടി നയിക്കേണ്ടത് ഇടയനാണ്. പ്രതിനന്ദി പ്രതീക്ഷിക്കാതെ നയിക്കുക, നന്മചെയ്യുക.

b. നിരന്തരമായ പരാതിയും പിറുപിറുക്കലും  നിഷേധാത്മകമായ കാര്യങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നതും,  പരാതിപ്പെട്ടു ജീവിക്കുന്നതും നല്ലതല്ല. തടസ്സങ്ങളെ അവസരങ്ങളും,  പ്രയാസങ്ങളെ വെല്ലുവിളികളുമായി സ്വീകരിച്ച് മറികടക്കുകയാണ് ഇടയധര്‍മ്മം. അതിനാല്‍ അജപാലകര്‍ ജീവിതപരിസരങ്ങളില്‍ തളരുന്ന കൈകളെയും കാല്‍മുട്ടുകളെയും ബലപ്പെടുത്തട്ടെ, മനുഷ്യര്‍ക്കു തുണയായി ജീവിക്കുക (ഹെബ്ര. 12, 12).

c. പരദൂഷണവും അസൂയയും  ജനങ്ങളെ സഹായിക്കുകയും കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്നതിനു പകരം കുറ്റംപറഞ്ഞ് തളര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് അപകടമാണ്. പരദൂഷണവും അസൂയയും മറ്റുള്ളവരെ മുറിപ്പെടുത്തും. ഇത് വളര്‍ത്തുന്നതിനു പകരും തളര്‍ത്തും. വ്യക്തിയെ നശിപ്പിക്കുന്ന ക്യാന്‍സറാണ് അസൂയ! വിഭജിതമായിരിക്കുന്ന ഒരു സാമ്രാജ്യം നിലനില്ക്കില്ല (മത്തായി 3, 24). പാപം ഭൂമിയില്‍ പിറന്നത് സാത്താന്‍റെ അസൂയയാലാണ് (വിജ്ഞാനം 2, 24). പാപഹേതുവും നന്മയ്ക്കെതിരായ ആയുധവുമാണ് പരദൂഷണവും അസൂയയും.

d. മറ്റുള്ളവരുമായി എപ്പോഴും നമ്മെ തുലനംചെയ്യുന്ന പ്രലോഭനം   വ്യക്തിയുടെ അനന്യതയ്ക്കും തനിമയ്ക്കും ഒപ്പം വ്യത്യാസങ്ങള്‍ സൃഷ്ടിയുടെ സമ്പന്നതയാണ്. കൂടുതല്‍ കഴുവുള്ളവരുമായി നമ്മെ തുലനംചെയ്യുന്നത് വെറുപ്പും വൈര്യാഗ്യവും വരുത്തിവയ്ക്കും. പിന്നെ അത് ജീവിതത്തില്‍ അഹങ്കാരവും അലസതയും വളര്‍ത്തും. അങ്ങനെ മറ്റുള്ളവരെ നിനച്ച് അലക്ഷ്യമായി ജീവിക്കുന്നവര്‍ തളര്‍വാദം പിടിപെട്ടവരെപ്പോലയായിരിക്കും.  പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ സ്വഭാവവൈരുദ്ധ്യം ക്രിയാത്മകമാകുന്നത് ദൈവാത്മാവിനോടുള്ള തുറവിലും വിധേയത്വത്തിലുമാണ്.

d. ഫറവോന്മാരാകാനുള്ള വ്യാമോഹം (Pharaohs in Egypt)    ഫറവോന്മാരാകുകയെന്നാല്‍ ദൈവത്തോടും സഹോദരങ്ങളോടും ഹൃദകാഠിന്യം കാട്ടുകയെന്നാണ് - നാം മറ്റുള്ളവരെക്കാള്‍ സമര്‍ത്ഥരാണെന്ന ഭാവമാണത്. അത് അഹങ്കാരവും,  ശുശ്രൂഷിക്കുന്നതിനെക്കാള്‍ ശുശ്രൂഷിക്കപ്പെടാനുള്ള മനോഭാവവുമാണ്. ക്രിസ്തുവിന്‍റെ ശിഷ്യന്മാരില്‍പ്പോലും ഈ അധികാരമോഹം ഉണ്ടായിരുന്നതായി കാണാം (മത്തായി 9, 34). നിങ്ങളില്‍ ഒന്നാമന്‍ സേവകനും ശുശ്രൂഷകനും ആയിരിക്കണം എന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത് (മര്‍ക്കോസ് 9, 35).

e. വ്യക്തിമാഹാത്മ്യവാദവും പൊങ്ങച്ചവും  ‘ഞാനും പിന്നെ ഞാനും... വലിയ പ്രളയമാണ്!’ ഇതൊരു ഈജിപ്ഷ്യന്‍ പഴമൊഴിയാണ്.  സ്വാര്‍ത്ഥരുടെ പ്രലോഭനമാണിത്. ‍ഞാന്‍ എന്ന ചിന്തയാല്‍ നിറഞ്ഞ്,  മറ്റുള്ളവരെക്കുറിച്ചും സ്വന്തം ജീവിതലക്ഷ്യംപോലും മറന്നുപോകുന്നവര്‍... സ്വന്തംകാര്യം ഊതിവീര്‍പ്പിച്ചു പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും യാതൊരു മടിയോ നാണമോ ഇല്ലാത്തവര്‍! മാത്രമല്ല, സ്വയം ന്യായീകരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ മൗതികദേഹമായ സമൂഹത്തില്‍ രക്ഷയും ജീവിതവിശുദ്ധിയും പരസ്പരബന്ധിയാണ്. വ്യക്തിമാഹാത്മ്യവാദം ഉതപ്പിനും സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നു.

f. ലക്ഷ്യവും ലക്ഷ്യബോധവുമില്ലാതെ ജീവിക്കരുത്.  സമര്‍പ്പണജീവിതത്തില്‍ പ്രവേശിച്ചിട്ടും, താന്‍ ‘മീനോ പക്ഷിയോ’ എന്നു സംശയിക്കുന്നവരുണ്ട്. ആകാശത്തിനും ഭൂമിക്കുംമദ്ധ്യേ ജീവിക്കുക! ദൈവത്തിനും ലോകത്തിനും ഇടയ്ക്ക് ഒരു വിഭജിതഹൃദയവുമായി ദിവസങ്ങള്‍ തള്ളിനീക്കുന്നവര്‍ ധാരാളം പേരുണ്ട്. ആദ്യസ്നേഹം മറന്നുപോയവര്‍... (വെളി. 2, 4). അങ്ങനെയായാല്‍ എങ്ങനെ മറ്റുള്ളവരെ നയിക്കാനാകും?

ബലമുള്ള മരത്തിന്‍റെ വേര് അടിയുറച്ചതായിരിക്കും. അടിയുറച്ചാല്‍ പിന്നെ ഉയരാം, വളരാം! ദൈവോത്മുഖരായി ജീവിക്കാം! അതിനാല്‍ പ്രലോഭനങ്ങളെ മറികടന്ന്, ക്രിസ്തുവില്‍ വസിക്കുക. എന്നില്‍ വസിച്ചാല്‍ ഞാന്‍ അവനിലും വസിക്കും. “ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ ശാഖകളുമാണ്...” (യോഹ. 15). പ്രഭാഷണാന്തരം സമര്‍പ്പണവ്രത നവീകരണമായിരുന്നു.

എല്ലാവരും ചേര്‍ന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥനചൊല്ലി, അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് കൂടിക്കാഴ്ച സമാപിച്ചത്.

  1. മടക്കയാത്ര

മാഡിയിലെ സെമിനാരിയുടെ വേദിയില്‍നിന്നും ഇറങ്ങിയ പാപ്പാ എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ട് പ്രാദേശികസമയം - സായാഹ്നം 4 മണി. 40 കി.മി. അകലെയുള്ള കെയിറോ വിമാനത്താവളത്തിലേയ്ക്ക് യാത്രയായി. 4.45-ന് പാപ്പാ വിമാനത്താവളത്തില്‍ എത്തി. പ്രസിഡന്‍റ് അല്‍-സീസും ഏതാനും രാഷ്ട്രപ്രതിനിധികളും പാപ്പായെ കാത്തുനിന്നിരുന്നു. എല്ലാവരെയും ഒരിക്കല്‍ക്കൂടി ഔപചാരികമായി അഭിവാദ്യംചെയ്യുകയും നന്ദിപറയുകയും ചെയ്യുന്നത് കാണാമായിരുന്നു. ചുവപ്പു പരവധാനിയിലൂടെ തന്‍റെ ചെറിയബാഗുമായി പാപ്പാ വിമാനപ്പടവുകള്‍ കയറി. കവാടത്തില്‍ തിരിഞ്ഞുനിന്നുകൊണ്ട്... രാഷ്ട്രത്തലവന്മാരോടും ജനപ്രതിനിധികളോടും, അങ്ങകലെ അംബരചുംബികളായി നിന്ന പിറമി‍ഡുകളെ നോക്കി ഈജിപ്തിലെ സംസ്ക്കാര സമ്പന്നമായ ജനതയോടും യാത്രപറഞ്ഞുകൊണ്ട് വിമാനത്തിലേയ്ക്ക് പ്രവേശിച്ചു. പ്രാദേശിക സമയം കൃത്യ 5 മണിക്ക് പാപ്പായുടെ അല്‍-ഇത്താലിയ വിമാനാം A321  പടി‍ഞ്ഞാറിന്‍റെ മെഡിറ്ററേനിയന്‍ തീരങ്ങളെ ലക്ഷ്യമാക്കി തെളിഞ്ഞ ആകാശത്തിലേയ്ക്ക് പറന്നുയര്‍ന്നു!

  1. ഏപ്രില്‍‍ 28 വെള്ളി

പാപ്പാ ഫ്രാന്‍സിസിന്‍റെ ഈജിപ്ത് അപ്പസ്തോലിക യാത്രയില്‍ ആദ്യ ദിവസമായ വെള്ളിയാഴ്ച നടന്ന ശ്രദ്ധേയമായ സംഭവമായിരന്നു രാഷ്ട്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച.  ഈജിപ്തിലെ ഭരണപക്ഷത്തെയും മറ്റു പാര്‍ലിമെന്‍ററി അംഗങ്ങളെയും രാജ്യാന്തര പ്രതിനിധികളെയും നാടിന്‍റെ നയതന്ത്രപ്രതിനിധികളെയും തലസ്ഥാന നഗരമായ കെയിറോയിലെ ഹേലിയോപൊളിസിലുള്ള അല്‍-മെസ്സാ രാജ്യാന്തര സമ്മേളന കേന്ദ്രത്തിലാണ് (Al Massah International Convention Center) പാപ്പാ അഭിസംബോധനചെയ്തത്.  ആമുഖമായി പ്രസിഡന്‍റ്, അല്‍-സീസി രാഷ്ട്രത്തിന്‍റെ പേരില്‍ പാപ്പായ്ക്ക് സ്വാഗതമര്‍പ്പിച്ചു:

ഈജിപ്തിലെ ഭരണകര്‍ത്താക്കളോട്

അറബിയിലുള്ള സമാധാന ആശംസയോടെയാണ് പാപ്പാ ആരംഭിച്ചത്. 2014-ല്‍ വത്തിക്കാനില്‍വന്ന് തന്നെ ക്ഷണിച്ചതിനും, ഇപ്പോള്‍ സ്വീകരിച്ചതിനും പ്രസിഡന്‍റ്, അല്‍-സീസിന് പാപ്പാ നന്ദിയര്‍പ്പിച്ചു. പാത്രിയര്‍ക്കിസ് തവാദ്രോസ് രണ്ടാമനുമായി 2013-ലും, അല്‍-അസ്സാര്‍ യൂണിവേഴ്സിറ്റിയുടെ തലവന്‍, ഡോക്ടര്‍ അഹമ്മദ് അല്‍-തയീബുമായി 2016-ലും നടന്ന സൗഹൃദ നേര്‍ക്കാഴ്ചകളും പാപ്പാ ആമുഖമായി അനുസ്മരിച്ചു. 

a. ഈജിപ്ത് മഹത്തായൊരു സംസ്ക്കാരം.  പൗരാണികതയുടെ മണ്ണില്‍ കാലുകുത്തിയതില്‍ സന്തോഷം!  ഇന്നും ലോകം അംഗീകരിക്കുന്ന മഹത്തായ സംസ്ക്കാരമാണ് ഈജിപ്ത്. അതിന്‍റെ മഹത്വം കാലാതീതമാണ്. ഫറവോമാരുടെയും കോപ്റ്റുകളുടെയും മുസ്ലീങ്ങളുടെയും നാടു മാത്രമല്ല ഈജിപ്ത്, പൂര്‍വ്വപിതാക്കന്മാരുടെയും നാടാണിത്. ബൈബിളിന്‍റെ ഏടുകളില്‍ ധാരാളം പ്രതിപാദിക്കപ്പെടുന്ന നാടാണിത്. ആദ്യമായി മോശയ്ക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തികൊടുത്തത് ഇവിടെയാണ്. ഇവിടെ സീനായ് മലയിലാണ് ദൈവം തന്‍റെ ജനത്തിനും മാനവകുലത്തിനുമായി 10 കല്പനകള്‍ നല്കിയത്. ഈജിപ്തിലെ മണ്ണ് തിരുക്കുടുംബത്തിന് – യേശുവിനും, മറിയത്തിനും യൗസേപ്പിനും അഭയംനല്കിയിട്ടുള്ളതും ചരിത്രമല്ലേ!  രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്രിസ്തുവിനോട് ഈജിപ്തു കാണിച്ച ആതിഥ്യം മാനവികതയുടെ മനോദര്‍പ്പണത്തില്‍ ഇന്നും മായാതെ നില്ക്കുന്നു. അതിനാല്‍ ഈനാടു ‍ഞങ്ങളുടേതാണ് എന്നൊരു വികാരം ശക്തവും സ്വാഭാവികവുമാണ്. അറബിയില്‍ പറയുംപോലെ “Misr um al-dunya” മിസ്രും അല്‍-ദുനിയാ! ഈജിപ്ത് ലോക മാതാവാണ്!

ഇന്നും സുഡാന്‍, എരിത്രിയ, സീറിയ, ഇറാക്ക് എന്നീ രാജ്യങ്ങളില്‍നിന്നും, ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും ഈ നാട് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സ്വീകരിക്കുക മാത്രമല്ലെ, അവരെ ഇവിടത്തെ സംസ്ക്കാരത്തിലേയ്ക്ക് ഉള്‍ചേര്‍ക്കാന്‍ കാര്യമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. മദ്ധ്യപൂര്‍വ്വദേശത്തെ അതിക്രമങ്ങള്‍ ആളിപ്പടരാതെ സൂക്ഷിക്കുകയും, അതിനു തടയിടുവാന്‍ പോരുന്നതുമായ സങ്കീര്‍ണ്ണവും തന്ത്രപ്രധാനവുമായ നിലപാടാണ് ഈജിപ്ത് ഇന്ന് കൈക്കൊള്ളുന്നത്. അപ്പത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹ്യനീതിക്കും ഈജിപ്തിന്‍റെ മണ്ണില്‍ കുറവില്ല എന്ന അവസ്ഥയും നിലപാടുമാണ് ഇന്നാട്ടിലേയ്ക്ക് ജനതകളെ മാടി വിളിക്കുന്നത്. ഈജിപ്ഷ്യന്‍ ജനതയുടെ ഈ ജനിതക നന്മയും മഹത്വവും ലിഖിത നിയമത്തിനുംമേലെ ജീവിക്കുന്ന നിയമവും, ആശകള്‍ക്കും അഭിലാഷങ്ങള്‍ക്കുംമീതം യഥാര്‍ത്ഥമായ അര്‍പ്പണവും, വാക്കുകള്‍ക്കുമപ്പുറം പ്രവൃത്തികളുമാക്കി പരിവര്‍ത്തനംചെയ്യാനായാല്‍ ഐക്യാര്‍ഢ്യത്തിന്‍റെ ലക്ഷ്യം പൂവണിയുകതന്നെ ചെയ്യും.

b. കലുഷിതമാകുന്ന സാമൂഹ്യാന്തരീക്ഷം    അധികാരത്തിനും, ആയുധവിപണനത്തിനും, മതമൗലികവാദത്തിനും, ചിലപ്പോള്‍ ദൈവത്തിന്‍റെപേരിലും അഴിച്ചുവിടുന്ന, മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത അനീതിയും അതിക്രമങ്ങളും ഇന്നാട്ടില്‍ ഇന്ന് അധികമായി കടന്നുവരുന്നുവെന്നത് ഖേദകരംതന്നെ! ക്രൂരവും വിവേകരഹിതവുമായ അതിക്രമങ്ങള്‍ക്കുവേദിയാകുന്ന നാടിന്‍റെ സമാധാനം ഊട്ടിയുറപ്പിക്കാനും ബലപ്പെടുത്താനുമുള്ള വലിയ ഉത്തരവാദിത്തം നിങ്ങളുടേതാണ്. എത്രയോ കുടുംബങ്ങളാണ് ഇന്നിവിടെ അനീതിയുടെ അതിക്രമങ്ങളാല്‍ വേദനിക്കുന്നത്. തങ്ങളുടെ മക്കളെയോര്‍ത്തു വിലപ്പിക്കുന്ന മാതാപിതാക്കളും കുടുംബങ്ങളും ഇവിടെ ഈ വേദിയില്‍ ഇരിപ്പുണ്ട്.

അതിക്രമങ്ങള്‍ക്ക് ഇരയായവരില്‍ ഈ നാടിന്‍റെ യുവജനങ്ങളെയും സായുധസേനാംഗങ്ങളെയും പൊലീസുകാരെയും, ഈജിപ്ഷ്യന്‍ പൗരന്മാരെയും പ്രത്യേകമായി ഓര്‍ക്കുന്നു. അതുപോലെ ഭീഷണിയും കൊലപാതകവും അതിക്രമങ്ങളുംമൂലം വടക്കന്‍ സീനായ് വിട്ടുപോകേണ്ടിവന്നവരെ മറക്കില്ല. വേദനിക്കുന്നവരെ തുണയ്ക്കാനും അഭയമേകാനും ഓടിയെത്തിയ അധികാരികളെയും നല്ല പൗരന്മാരെയും നന്ദിയോടെ ഓര്‍ക്കുന്നു. കോപ്റ്റിക്ക് ദേവാലയങ്ങളില്‍ കഴിഞ്ഞ ഡിസംബറിലും, വളരെ അടുത്ത് റ്റാന്‍റയിലും അലക്സാന്‍ഡ്രിയയിലും കൊല്ലപ്പെട്ടവരെയും അനുസ്മരിക്കുന്നു. അവരുടെ കുടുംബങ്ങളെയും നാട്ടുകാരെയും ഹൃദയപൂര്‍വ്വം അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നു. അവരുടെ മനസ്സുകളെ ദൈവം പ്രശാന്തമാക്കട്ടെ!

c. വികസനത്തിന്‍റെ കേന്ദ്രം വ്യക്തിയായിരിക്കണം  പ്രിയ പ്രസിഡന്‍റ്, പൗരപ്രമുഖരേ, നിങ്ങളുടെ ദേശീയവും അന്തര്‍ദേശിയവുമായ സമാധാന പ്രയത്നങ്ങളെ ശ്ലാഘിക്കുന്നു. പുരോഗതിയും സമൃദ്ധിയും സമാധാനവും ത്യാഗം ആവശ്യപ്പെടുന്നുണ്ട്. അതിന് ഏറെ കഠിനാദ്ധ്വാനവും ബോദ്ധ്യവും സമര്‍പ്പണവും ആവശ്യമാണ്. മനുഷ്യാവകാശത്തോടുള്ള വിവേചനമില്ലാത്ത ആദരവും, സമത്വത്തിന്‍റെ മനോഭാവവും, മതസ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും അതിന് ആവശ്യമാണ്.  (cf. Universal Declaration of Human Rights; Egyptian Constitution of 2014, Chapter 3) . അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചുപറയുമ്പോള്‍, സ്ത്രീകളോടും, കുട്ടികളോടും, പാവങ്ങളോടും രോഗികളോടും നാം പ്രത്യേകം പരിഗണനയുള്ളവരായിരിക്കണം. യഥാര്‍ത്ഥമായ പുരോഗതിയുടെ കേന്ദ്രവും മാനദണ്ഡവും മനുഷ്യവ്യക്തിയായിരിക്കണം. അവരുടെ വിദ്യാഭ്യാസത്തിനും അന്തസ്സിനും ആരോഗ്യത്തിനുമുള്ള കൂട്ടുത്തരവാദിത്ത്വം പുരോഗതിക്ക് ആവശ്യമാണ്. സമൂഹത്തിലെ ദുര്‍ബലരായവരോട് – വിശിഷ്യാ സ്ത്രീകളോടും, കുട്ടികളോടും, പ്രായമായവരോടും, രോഗികളോടും, വൈകല്യങ്ങളുള്ളവരോടും, ന്യൂനപക്ഷങ്ങളോടും - ആരെയും ഒഴിവാക്കാതെ കാണിക്കുന്ന കരുതലിനെ ആശ്രയിച്ചായിരിക്കും ഒരു രാഷ്ട്രത്തിന്‍റെ അഭിവൃദ്ധിയും മഹത്വവും. 

d. ദൈവത്തെ സംരക്ഷിക്കാന്‍ മനുഷ്യനോ?   ഇന്നിന്‍റെ സങ്കീര്‍ണ്ണവും ലോലവുമായ ആഗോളചുറ്റുപാടില്‍ “ചിന്നഭിന്നമായ രീതിയില്‍ ഒരു മൂന്നാം ലോകമഹായുദ്ധം” നടമാടുകയാണ്. അങ്ങനെയുള്ളൊരു ലോകത്ത് തലപൊക്കുന്ന തിന്മയുടെ ഓരോ ചിന്താഗതിയെയും, മൗലികവാദരീതികളെയും നിഷേധിക്കാതെയും, ദൈവനാമവും വിശുദ്ധമായതിനെക്കുറിച്ചുള്ള അവബോധവും ആദരവും നശിപ്പിക്കുന്ന പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുകയും ചെയ്യാതെ ഒരു നാടിനോ  പൗരസമൂഹത്തിനോ നിലനില്പുണ്ടാവുകയില്ല.   ഏറെ ധാരണയോടും വ്യക്തതയോടുംകൂടെ ഈ ചിന്തകള്‍ നാടിന്‍റെ പ്രസിഡന്‍റ് വിവിധ വേദികളില്‍ അവതരിപ്പിച്ചിട്ടുള്ളത് ചാരിതാര്‍ത്ഥ്യത്തോടെ ഇവിടെ അനുസ്മരിക്കട്ടെ.

പ്രപഞ്ച സ്രഷ്ടാവും ദാതാവുമായ ദൈവം മനുഷ്യരാല്‍ സംരക്ഷിക്കപ്പെടേണ്ടതില്ല, അവിടുന്നാണ് നമ്മെ സംരക്ഷിക്കുന്നത്. ഈ വസ്തുത വരുംതലമുറയ്ക്ക് പകര്‍ന്നുനല്കാനുള്ള വലിയ ഉത്തരവാദിത്ത്വം നമുക്കുണ്ട്. അവിടുന്ന് ഒരിക്കലും മക്കളുടെ മരണമോ വിനാശമോ ആഗ്രഹിക്കുന്നില്ല. മറിച്ച് നമ്മുടെ ജീവനും സന്തോഷവുമാണ് അഭിലഷിക്കുന്നത്. അവിടുന്ന് ഒരിക്കലും അതിക്രമം ആഗ്രഹിക്കുന്നില്ല, അതിനെ ന്യായീകരിക്കുന്നുമില്ല.   അതിക്രമങ്ങളെ സ്നേഹിക്കുന്നവനെ കര്‍ത്താവ് വെറുക്കുന്നു (സങ്കീ. 11, 5), എന്നാണ് സങ്കീര്‍ത്തകന്‍ പഠിപ്പിക്കുന്നത്. സത്യദൈവം നമ്മെ കലവറയില്ലാത്ത സ്നേഹത്തിലേയ്ക്കും, പ്രതിനന്ദി പ്രതീക്ഷിക്കാത്തതുമായ ക്ഷമയിലേയ്ക്കും, കാരുണ്യത്തിലേയ്ക്കുമാണ് ക്ഷണിക്കുന്നത്, ജീവനോടുള്ള സമഗ്രമായ ആദരവിനും, മനുഷ്യമക്കള്‍ക്കും ഈശ്വരവിശ്വാസികള്‍ക്കും, അവിശ്വാസികള്‍ക്കുമിടയില്‍പ്പോലുമുള്ള സാഹോദര്യത്തിനായും അവിടുന്ന് ആഗ്രഹിക്കുന്നു. മനുഷ്യമനസ്സുകളില്‍ വെറുപ്പും വിദ്വേഷവും വിതച്ച് സാധാരക്കാരുടെ ജീവിതം തട്ടിയെടുക്കുന്ന മിഥ്യയായൊരു പരലോകത്തെക്കുറിച്ചുള്ള വ്യാമോഹം പ്രചിരപ്പിക്കുകയും, വിശ്വാസം സത്യസന്ധമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്നവരുടെ മുഖംമൂടികള്‍ ഉറിഞ്ഞുമാറ്റാനുള്ള ഉത്തരവാദിത്ത്വം നമുക്കുണ്ട്.

e. മതവും അതിക്രമങ്ങളും തമ്മിലുള്ള പൊരുത്തക്കേട്   വിശ്വാസവും അതിക്രമവും തമ്മിലും, ദൈവവും കൂട്ടക്കുരുതിയും തമ്മിലുള്ള പൊരുത്തക്കേട് മനസ്സിലാക്കിയും, അതിനെതിരെ ബോധ്യത്തോടെ നിലയുറപ്പിച്ചുകൊണ്ട്, മതമൗലികവാദത്തിന്‍റെ മാരകമായ മാര്‍ഗ്ഗങ്ങളെ തച്ചുടയ്ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വമാണ്. നീതി പ്രസംഗിക്കുകയും അനീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരോട് ചരിത്രം പൊറുക്കുകയില്ലെന്നു പ്രഖ്യാപിക്കാനുള്ള ഉത്തരവാദിത്ത്വം നമുക്കുണ്ട്. സമത്വത്തെക്കുറിച്ച് പ്രസംഗിക്കുകയും വ്യത്യസ്തരെയും ഭിന്നശേഷിക്കാരെയും പാവങ്ങളെയും വിവേചിച്ചുതള്ളുകയും ചെയ്യുന്നവരോടു ചരിത്രം പൊറുക്കുകയില്ല. അഹിംസാമാര്‍ഗ്ഗത്തിലൂടെ നല്ലൊരു ലോകം പടുത്തുയര്‍ത്താന്‍ സമാധനത്തിനായി അദ്ധ്വാനിക്കുന്ന സ്ത്രീ പുരുഷന്മാരെയാണ് ലോകത്ത് ഇന്നാവശ്യം. “സമാധാനപാലകര്‍ അനുഗൃഹീതരാകുന്നു, എന്തെന്നാല്‍ അവര്‍ ദൈവമക്കളെന്ന് വിളിക്കപ്പെടും” (മത്തായി 5, 9).

f. മതം ദൈവത്തിന്‍റെയും ഭൂമി എല്ലാവരുടേതും   പൂര്‍വ്വജോസഫ് ഫറവോയുടെ ഗവര്‍ണ്ണരായിരുന്ന കാലത്ത് ജനതകളെ പട്ടിണിയില്‍നിന്നു രക്ഷിച്ചു (ഉല്പത്തി 47, 57). സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ശുഷ്ക്കതയില്‍നിന്ന് ഈ ഭൂപ്രദേശത്തെയും ഇവിടത്തെ ജനതകളെയും രക്ഷിക്കാന്‍ ഈജിപ്ത് ഇന്ന് വിളിക്കപ്പെടുന്നു. എല്ലാവിധത്തിലുള്ള അതിക്രമങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും നിരാകരിക്കാനും തള്ളിപ്പറയാനും ഈജിപ്ത് വിളിക്കപ്പെട്ടിരിക്കുന്നു.  സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിനും അന്തസ്സുള്ള തൊഴിലിനും ന്യായമായ അടിസ്ഥാന വിദ്യാഭ്യാസത്തിനുമായി കേഴുന്ന മനുഷ്യഹൃദയങ്ങളില്‍ അറിവിന്‍റെ വിത്തുപാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.  അങ്ങനെ സമാധനം വളര്‍ത്താന്‍ പരിശ്രമിക്കുമ്പോള്‍ ഭീകരതയെ നാം ചെറുക്കണം. മതം ദൈവത്തിന്‍റേതാണ്, എന്നാല്‍ നാട് എല്ലാവരുടേതുമാണ് “al-din lillah wal watan liljami” എന്ന 1952-ലെ ഈജിപ്തിന്‍റെ വിപ്ലവകാലത്തെ ആപ്തവാക്യം തെളിയിക്കാന്‍ ഈ നാടിനു ഇന്നു സാധിക്കട്ടെ!

എല്ലാവരുടെയും വിശ്വാസസ്വാതന്ത്ര്യം ആദരിച്ചും, അടിസ്ഥാന മാനുഷികമൂല്യങ്ങള്‍ മാനിച്ചും കൂട്ടായ്മയില്‍ ജീവിക്കാമെന്ന് കാണിച്ചുകൊടുക്കാന്‍ ഈജിപ്തിനു സാധിക്കും (Cont. 2014, art.5).  ഇസ്ലാം യഹൂദര്‍, ക്രൈസ്തവര്‍ - എന്നിങ്ങനെ മുന്നൂ വലിയ മതങ്ങളുടെ പിള്ളത്തൊട്ടിലായ ഇന്നാടിന് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമാണുള്ളത്. അതുവഴി ഈ ഭൂപ്രദേശം ഇപ്പോഴുള്ള വലിയ അനര്‍ത്ഥങ്ങളില്‍നിന്ന് മോചിതമായി സമാധാനത്തിന് അടിസ്ഥാനമായ സഹോദര്യത്തിന്‍റെയും നീതിയുടെയും സമുന്നതമായ മൂല്യങ്ങള്‍ ഇവിടെ വീണ്ടും പ്രസരിപ്പിക്കാന്‍ ഇടവരട്ടെ! (2014 World Day of Peace, 4) ഈജിപ്തുപോലെ ഒരു വന്‍രാഷ്ട്രത്തില്‍നിന്നും ഇതില്‍ക്കുറഞ്ഞ് എന്തു പ്രതീക്ഷിക്കാനാണ്!

  1. ക്രൈസ്തവൈക്യ സമ്മേളനവും പ്രഭാഷണവും  

ഈജിപ്തിലെ ക്രൈസ്തവൈക്യ സമ്മേളനത്തെ തുടര്‍ന്ന് വെള്ളിയാഴ്ച  പ്രാദേശിക സമയം വൈകുന്നേരും 5.20-ന് കോപ്റ്റിക് പോപ്, താവാദ്രോസ് ദ്വിതിയനുമായി നടത്തിയ കൂടിക്കാഴ്ചയും അതിനു ശേഷം നടന്ന കോപ്റ്റിക് ഓര്‍ത്തഡോസ് സഭാപ്രതിനിധികളുമായുള്ള സമ്മേളനം. കെയിറോയിലെ പാത്രിയാര്‍ക്കല്‍ ഭവനത്തിനെ ഹാളായിരുന്നു സംഗമവേദി. ഈജിപ്ത് സന്ദര്‍ശനത്തില്‍ ക്രൈസ്തവൈക്യഭാവം പ്രകടമാക്കിയ സംഭവമായിരുന്നു.

പാത്രിയാര്‍ക്കിസ് താവാദ്രോസ് പാപ്പായ്ക്ക് സ്വാഗതമാശിസിച്ചു: ഈജിപ് എപ്രകാരം പുരാതനകാലം മുതല്ക്കേ ദൈവപ്രബോധനങ്ങളുടെ  ദീപഗോപുരമായിരുന്നു. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ആത്മീയ സംഗമവേദിയെന്നും നാടിനെ കോപ്റ്റിക് സഭാതലവന്‍ വിശേഷിപ്പിച്ചു. പാപ്പാ ഫ്രാന്‍സിസിന്‍റെ സഹോദര സാന്നിദ്ധ്യത്തിനു നന്ദിപറയുകയും... ക്രൈസ്തവരുടെ പരസ്പരസ്നേഹമാണ് ക്രിസ്തുവിന് ലോകത്ത് സാക്ഷിയാകേണ്ടതെന്നും... അദ്ദേഹം പ്രസ്താവിച്ചു.

കോപ്റ്റിക്ക് ഓര്‍ത്തഡോക്സ്  സഭാപ്രതിനിധികളെ അഭിസംബോധനചെയ്തു (Discourse 3):   ക്രൈസ്തവലോകം ആഘോഷിച്ച പെസഹായുടെ സന്തോഷത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പാപ്പാ ആരംഭിച്ചത്. ഉത്ഥിതനിലുള്ള വിശ്വാസവും ഉത്ഥാനസന്തോഷവും ക്രൈസ്തവരെ ഒന്നിപ്പിക്കുന്നു. പത്രോസിന്‍റെ പരമാധികരത്തിലുള്ള സഭയും ഈജിപ്തില്‍ മാര്‍ക്കോസ് സുവിശേഷകന്‍ തുടക്കമിട്ട സഭയും തമ്മിലുള്ള സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഈ സന്ദര്‍ശനം. നാം ക്രിസ്തുവില്‍ ഒന്നാണെന്നും, അവിടുന്ന് നമ്മുടെ സകലതുമാണെന്നും പ്രഘോഷിക്കുമ്പോഴും കര്‍ത്താവിന്‍റെ വിരുന്നു മേശയില്‍ ദൃശ്യമാകുന്നൊരു കൂട്ടായ്മയ്ക്കായി ഇനിയും പ്രാര്‍ത്ഥിക്കണം, പരിശ്രമിക്കണം.

ഇന്ന് ഇവിടെ ഫലവത്താകുന്ന കൂട്ടായ്മയുടെ അടയാളമാണ് നവമായ പ്രഖ്യാപനം. ഒരു കര്‍ത്താവും, ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവും... (എഫേ. 4, 5). ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിലുള്ള കൂട്ടായ പ്രഖ്യാപനത്തിലൂടെ... സമ്പൂര്‍ണ്ണക്രൈസ്തവ ഐക്യത്തിനായുള്ള പരിശ്രമം സാക്ഷാത്ക്കരിക്കാനാവട്ടെ!  പാപ്പാ ആശംസിച്ചു. കൂട്ടായ്മയുടെ ഈ പ്രയാണത്തില്‍ തെയോതോക്കോസ് ദൈവമാതാവ്... നമുക്ക് തുണയാവട്ടെ, എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹിച്ചത്.

രാത്രി 7 മണിയോടെ പാപ്പാ കെയിറോയിലുള്ള അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്ക് മടങ്ങി.

മന്ദിരത്തിനു മുന്നില്‍ രാത്രിയുടെ യാമത്തിലും പാപ്പായെ കാത്തുനിന്ന 300-ല്‍ അധികം യുവജനങ്ങളെ മന്ദരിത്തിന്‍റെ മട്ടുപ്പാവില്‍നിന്നും പാപ്പാ അബിസംബോധനചെയ്തു:  

നാടിന്‍റെ നാനാഭാഗത്തു നിന്നും എത്തിയ തീര്‍ത്ഥാടകരായ യുവജനങ്ങളേ, എന്‍റെ അഭിവാദ്യങ്ങള്‍. നാം ഇനിയും നാളെ ബലിവേദിയില്‍ സംഗമിക്കും.... ഒരുമിച്ചു പ്രാര്‍ത്ഥിക്കും. നിങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാന്‍ അതിയായ സന്തോഷമുണ്ട്.... അറബിയ്ല്‍ പാപ്പാ സ്വര്‍ഗ്ഗസ്ഥാന പിതാവെ തുടങ്ങിക്കൊടുത്തു... യുവജനങ്ങള്‍ അതേറ്റുചൊല്ലി.  ഒരു കാര്യം കൂടി.... ആശീര്‍വ്വാദത്തിനു മുന്‍പ്...! നിങ്ങള്‍ക്ക് ഏറ്റം പ്രിയപ്പെട്ടവരെയും ഒപ്പം നിങ്ങള്‍ക്ക് ഇഷ്ടമില്ലാതെവരെയും ആരെങ്കിലുമുണ്ടെങ്കില്‍ അവരെയും ഓര്‍ക്കാം. രണ്ടു കൂട്ടര്‍ക്കുവേണ്ടിയും... ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കുവേണ്ടിയും ഒരുനിമിഷം മൗനമായി പ്രാര്‍ത്ഥിക്കാം. പിന്നെ, പാപ്പാ അവര്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദം നല്കി... തുടര്‍ന്ന് ഈജിപ്ത് നീണാള്‍ വാഴട്ടെ! എന്നുള്ള ആശംസയോടെയാണ് വെള്ളിയാഴ്ചത്തെ പരിപാടികള്‍ക്ക് തിരശ്ശീലവീണത്. 








All the contents on this site are copyrighted ©.