2017-05-01 13:03:00

പാവപ്പെട്ടവര്‍ക്കും സാമൂഹ്യനീതിക്കും വേണ്ടി പ്രവര്‍ത്തിക്കുക


പാവപ്പെട്ടവരോടുള്ള ഔത്സുക്യത്തിലും സാമൂഹ്യനീതിക്കായുള്ള യത്നത്തിലും നിന്ന് ആരുംതന്നെ ഒഴിവാക്കപ്പെട്ടിട്ടില്ലെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയില്‍, എല്ലാ ജീവിത തുറകളിലുമുള്ള ആബാലവൃദ്ധം ജനങ്ങള്‍ അംഗങ്ങളായുള്ള കത്തോലിക്കാ പ്രസ്ഥാനമായ “കത്തോലിക്ക പ്രവര്‍ത്തന”ത്തിന്‍റെ (അത്സിയോനെ കത്തോലിക്ക-AZIONE CATTOLICA) 150-Ͻ൦ സ്ഥാപന വാര്‍ഷികത്തോടനുബന്ധിച്ച് പ്രസ്തുത പ്രസ്ഥാനത്തിന്‍റെ അംഗങ്ങള്‍ക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഞായറാഴ്ച (30/04/017) അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചാവേളയില്‍ അവരെ സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഇറ്റലിയില്‍ 1867 ല്‍ മാരിയൊ ഫാനി, ജൊവാന്നി ആക്വദേമി എന്നിവര്‍ ചേര്‍ന്നു തുടക്കമിട്ട ചെറിയൊരു പ്രസ്ഥാനമാണ്  ഇന്ന് ദശലക്ഷങ്ങള്‍ക്ക് പങ്കാളിത്തമുള്ള ഒന്നായി പടര്‍ന്നു പന്തലിച്ചിരിക്കുന്ന “കത്തോലിക്കാപ്രവര്‍ത്തനം”

ഉപവിപ്രവര്‍ത്തനം സദുദ്ദേശപരമായ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയവയിലൂടെ ലോകത്തിന്‍റെ ജീവിതത്തില്‍ സുവിശേഷത്തിന്‍റെ നല്ലവിത്തു വിതയ്ക്കുക എന്ന ഉത്തരവാദിത്വം കത്തോലിക്കപ്രവര്‍ത്തനത്തിന്‍റെ അംഗങ്ങള്‍ക്കെല്ലാവര്‍ക്കും കഴിഞ്ഞ 150 വര്‍ഷങ്ങളിലെന്നപോലെ ഇന്നും ശക്തമായി അനുഭവപ്പെടുന്നുണ്ട് എന്ന് അനുസ്മരിച്ച പാപ്പാ സമാധാനം നീതി സാഹോദര്യം എന്നിവ ആഗ്രഹിക്കുന്ന സകലരോടും, അവര്‍ ഭിന്നരീതിയില്‍ ചിന്തിക്കുന്നവരാണെങ്കില്‍ത്തന്നെയും, ഭയം കൂടാതെ സംഭാഷണത്തില്‍ ഏര്‍പ്പെടാനും സമൂഹത്തിന്‍റെ അതിരുകളിലേക്കു പോകാനും പ്രചോദനം പകര്‍ന്നു.

സകലരെയും പരിപാലിച്ചുകൊണ്ടും മാനുഷിക വളര്‍ച്ചയ്ക്കും വിശ്വാസാഭിവൃദ്ധിക്കും സഹായമേകിക്കൊണ്ടും, നമ്മെ തലോടുന്ന കര്‍ത്താവിന്‍റെ   കാരുണ്യം പങ്കുവച്ചുകൊണ്ടും പ്രയാണം ചെയ്യുന്ന ഒരു ജനതയാണെന്ന അവബോധം പുലര്‍ത്തുന്നതിന് നീണ്ട ജീവിതയാത്രയുടെ സ്മരണ നല്ലതാണെന്നും എന്നാല്‍ പിന്നോട്ടു നോക്കിയല്ല, മുന്നോട്ടു നോക്കിയാണ് നടക്കേണ്ടതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

  

  








All the contents on this site are copyrighted ©.