2017-05-01 09:29:00

പാപ്പാ ചൂണ്ടിക്കാണിക്കുന്ന പ്രേഷിതരുടെ 7 പ്രലോഭനങ്ങള്‍


ഈജിപ്ത് അപ്പോസ്തോലിക സന്ദര്‍ശനത്തില്‍ വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കുമായി നല്കിയ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തി എടുത്തത് :

കെയിറോ, ഏപ്രില്‍ 29  ശനി

ഈജിപ്ത് വിട്ടുപോരും മുന്‍പ് അവസാനമായി പാപ്പാ ഫ്രാന്‍സിസ് അവിടത്തെ വൈദികരും സന്ന്യസ്തരും സെമിനാരി വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി. ഏപ്രില്‍ 29-Ɔ൦ തിയതി ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.15-ന് കെയിറോ നഗരപ്രാന്തത്തില്‍ വിശുദ്ധ ലിയോയുടെ പേരിലുള്ള സെമിനാരിയിലായിരുന്നു കൂടിക്കാഴ്ച. 1500-ല്‍ അധികം സന്ന്യസ്തരും വൈദികരും വൈദികവിദ്യാര്‍ത്ഥികളും പാപ്പായുമായുള്ള നേര്‍ക്കാഴ്ചയ്ക്ക് എത്തിച്ചേര്‍ന്നു. ഒരു സായാഹ്നപ്രാര്‍ത്ഥനയുടെ പശ്ചാത്തലത്തിലാണഅ ഈജിപ്തിലെ പ്രേഷിതരെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തത്.

വൈദികരേ, സന്ന്യസ്തരേ, സെമിനാരി വിദ്യാര്‍ത്ഥികളേ, സമാധാനം! ഇത് കര്‍ത്താവു നല്കിയ ദിവസമാണ്! നമുക്ക് ആനന്ദിക്കാം. ക്രിസ്തു വിജശ്രീലാളിതനായി മരണത്തെ എന്നേയ്ക്കുമായി കീഴടക്കി. നമുക്ക് അവിടുന്നില്‍ സന്തോഷിക്കാം! ഈ കൂട്ടായ്മ ഇന്നാട്ടിലെ കത്തോലിക്കാസഭയുടെ ഹൃദയമാണ്. നിങ്ങള്‍ ഈ നാടിന്‍റെ പുളിമാവാണ്. ഇവിടത്തെ ഓര്‍ത്തഡോക്സ് സഭാ സമൂഹങ്ങളോടു ചേര്‍ന്ന് ദൈവരാജ്യത്തിന്‍റെ സ്ഥാപനത്തിനും വര്‍ദ്ധനവിനുമായി പരിശ്രമിക്കാം (മത്തായി 13, 3).

നന്ദിപറയുന്നതോടൊപ്പം, നിങ്ങളുടെ ഇവിടത്തെ കഠിനാദ്ധ്വാനത്തെ പ്രോത്സാഹിപ്പിക്കുന്നു.  കുരിശ് രക്ഷയുടെ അടയാളമാണ്. കുരിശും ക്ലേശങ്ങളും ഉപേക്ഷിക്കരുത്. കുരിശിനെ ഉപേക്ഷിക്കുന്നവര്‍ ഉത്ഥിതനെയാണ് പരിത്യജിക്കുന്നത്! അതിനാല്‍ ഭയപ്പെടരുത്. ദൈവരാജ്യത്തിന്‍റെ വയലില്‍ പ്രത്യാശയോടെ നമ്മെത്തന്നെ സമര്‍പ്പിക്കാം. നിരാശപ്പെടുത്തുന്ന ധാരാളം കാര്യങ്ങളും വിനാശത്തിന്‍റെ പ്രവചനങ്ങളും ചുറ്റുമുണ്ട്. എന്നാല്‍ നിരാശയുള്ളിടത്ത് പ്രത്യാശയുടെ പ്രതീകവും, സമൂഹത്തിന് ക്രിസ്തുവിന്‍റെ ഉപ്പും വെളിച്ചവുമാകണം നിങ്ങള്‍! പ്രത്യാശയുടെ വിതക്കാരും, സൗഹൃദത്തിന്‍റെയും സംവാദത്തിന്‍റെയും കൂട്ടായ്മയുടെയും പാലം പണിക്കാരായിരിക്കണം നിങ്ങള്‍.  അതിനാല്‍ പ്രലോഭനങ്ങള്‍ക്കു കീഴ്പ്പെടരുതെന്ന് ഉദ്ബോധിപ്പാക്കാനാണ് ഞാന്‍ വന്നത്. ക്രിസ്തുവിന്‍റെ പ്രേഷിതര്‍ മറികടക്കേണ്ട 7 പ്രലോഭനങ്ങള്‍ പാപ്പാ പങ്കുവച്ചു. ഈജിപ്തിലെ താപസ്സന്മാര്‍ പങ്കുവച്ചിട്ടുള്ള ഇക്കാര്യങ്ങള്‍ ഞാന്‍ ഓര്‍പ്പിക്കുകയാണ് നിങ്ങളെ!

1. നയിക്കുന്നതിനു പകരം, പിന്മാറാനുള്ള ആഗ്രഹം.

ഇടയന്‍ അജഗണങ്ങളെ നവമായ മേലച്ചില്‍പ്പുറങ്ങളിലേയ്ക്ക് നയിക്കേണ്ടവനാണ് (സങ്കീ. 23). നിരാശയിലോ നിഷേധാത്മകമായ ചിന്താഗതിയിലോ ജീവിക്കേണ്ടവനോ പിന്മാറേണ്ടവനോ അല്ല ഇടയന്‍. ആദ്യചുവടും നേരായ വഴിയും കാട്ടി നയിക്കേണ്ടത് ഇടയനാണ്. പ്രതിനന്ദി പ്രതീക്ഷിക്കാതെ നയിക്കുക, നന്മചെയ്യുക.

2. നിരന്തരമായ പരാതിയും പിറുപിറുക്കലും

നിഷേധാത്മകമായ കാര്യങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നതും,  പരാതിപ്പെട്ടു ജീവിക്കുന്നതും നല്ലതല്ല. തടസ്സങ്ങളെ അവസരങ്ങളും,  പ്രയാസങ്ങളെ വെല്ലുവിളികളുമായി സ്വീകരിച്ച് മറികടക്കുകയാണ് ഇടയധര്‍മ്മം. അതിനാല്‍ അജപാലകര്‍ ജീവിതപരിസരങ്ങളില്‍ തളരുന്ന കൈകളെയും കാല്‍മുട്ടുകളെയും ബലപ്പെടുത്തട്ടെ, മനുഷ്യര്‍ക്കു തുണയായി ജീവിക്കുക (ഹെബ്ര. 12, 12).

3. പരദൂഷണവും അസൂയയും

ജനങ്ങളെ സഹായിക്കുകയും കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്നതിനു പകരം കുറ്റംപറഞ്ഞ് തളര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് അപകടമാണ്. പരദൂഷണവും അസൂയയും മറ്റുള്ളവരെ മുറിപ്പെടുത്തും. ഇത് വളര്‍ത്തുന്നതിനു പകരും തളര്‍ത്തും. വ്യക്തിയെ നശിപ്പിക്കുന്ന ക്യാന്‍സറാണ് അസൂയ! വിഭജിതമായിരിക്കുന്ന ഒരു സാമ്രാജ്യം നിലനില്ക്കില്ല (മത്തായി 3, 24). പാപം ഭൂമിയില്‍ പിറന്നത് സാത്താന്‍റെ അസൂയയാലാണ് (വിജ്ഞാനം 2, 24). പാപഹേതുവും നന്മയ്ക്കെതിരായ ആയുധവുമാണ് പരദൂഷണവും അസൂയയും.

4. മറ്റുള്ളവരുമായി എപ്പോഴും നമ്മെ തുലനംചെയ്യുന്ന പ്രലോഭനം

വ്യക്തിയുടെ അനന്യതയ്ക്കും തനിമയ്ക്കും ഒപ്പം വ്യത്യാസങ്ങള്‍ സൃഷ്ടിയുടെ സമ്പന്നതയാണ്. കൂടുതല്‍ കഴുവുള്ളവരുമായി നമ്മെ തുലനംചെയ്യുന്നത് വെറുപ്പും വൈര്യാഗ്യവും വരുത്തിവയ്ക്കും. പിന്നെ അത് ജീവിതത്തില്‍ അഹങ്കാരവും അലസതയും വളര്‍ത്തും. അങ്ങനെ മറ്റുള്ളവരെ നിനച്ച് അലക്ഷ്യമായി ജീവിക്കുന്നവര്‍ തളര്‍വാദം പിടിപെട്ടവരെപ്പോലയായിരിക്കും.

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ സ്വഭാവവൈരുദ്ധ്യം ക്രിയാത്മകമാകുന്നത് ദൈവാത്മാവിനോടുള്ള തുറവിലും വിധേയത്വത്തിലുമാണ്.

5. ഫറവോന്മാരാകാനുള്ള വ്യാമോഹം (Pharaohs in Egypt)

ഫറവോന്മാരാകുകയെന്നാല്‍ ദൈവത്തോടും സഹോദരങ്ങളോടും ഹൃദകാഠിന്യം കാട്ടുകയെന്നാണ് - നാം മറ്റുള്ളവരെക്കാള്‍ സമര്‍ത്ഥരാണെന്ന ഭാവമാണത്. അത് അഹങ്കാരവും,  ശുശ്രൂഷിക്കുന്നതിനെക്കാള്‍ ശുശ്രൂഷിക്കപ്പെടാനുള്ള മനോഭാവവുമാണ്. ക്രിസ്തുവിന്‍റെ ശിഷ്യന്മാരില്‍പ്പോലും ഈ അധികാരമോഹം ഉണ്ടായിരുന്നതായി കാണാം (മത്തായി 9, 34). നിങ്ങളില്‍ ഒന്നാമന്‍ സേവകനും ശുശ്രൂഷകനും ആയിരിക്കണം എന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത് (മര്‍ക്കോസ് 9, 35).

6. വ്യക്തിമാഹാത്മ്യവാദവും പൊങ്ങച്ചവും

‘ഞാനും പിന്നെ ഞാനും... വലിയ പ്രളയമാണ്!’ ഇതൊരു ഈജിപ്ഷ്യന്‍ പഴമൊഴിയാണ്.  സ്വാര്‍ത്ഥരുടെ പ്രലോഭനമാണിത്. ‍ഞാന്‍ എന്ന ചിന്തയാല്‍ നിറഞ്ഞ്,  മറ്റുള്ളവരെക്കുറിച്ചും സ്വന്തം ജീവിതലക്ഷ്യംപോലും മറന്നുപോകുന്നവര്‍... സ്വന്തംകാര്യം ഊതിവീര്‍പ്പിച്ചു പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും യാതൊരു മടിയോ നാണമോ ഇല്ലാത്തവര്‍! മാത്രമല്ല, സ്വയം ന്യായീകരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ മൗതികദേഹമായ സമൂഹത്തില്‍ രക്ഷയും ജീവിതവിശുദ്ധിയും പരസ്പരബന്ധിയാണ്. വ്യക്തിമാഹാത്മ്യവാദം ഉതപ്പിനും സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നു.

7. ലക്ഷ്യവും ലക്ഷ്യബോധവുമില്ലാതെ ജീവിക്കരുത്.

സമര്‍പ്പണജീവിതത്തില്‍ പ്രവേശിച്ചിട്ടും, താന്‍ ‘മീനോ പക്ഷിയോ’ എന്നു സംശയിക്കുന്നവരുണ്ട്. ആകാശത്തിനും ഭൂമിക്കുംമദ്ധ്യേ ജീവിക്കുക! ദൈവത്തിനും ലോകത്തിനും ഇടയ്ക്ക് ഒരു വിഭജിതഹൃദയവുമായി ദിവസങ്ങള്‍ തള്ളിനീക്കുന്നവര്‍ ധാരാളം പേരുണ്ട്. ആദ്യസ്നേഹം മറന്നുപോയവര്‍... (വെളി. 2, 4). അങ്ങനെയായാല്‍ എങ്ങനെ മറ്റുള്ളവരെ നയിക്കാനാകും?  

ബലമുള്ള മരത്തിന്‍റെ വേര് അടിയുറച്ചതായിരിക്കും. അടിയുറച്ചാല്‍ പിന്നെ ഉയരാം, വളരാം! ദൈവോത്മുഖരായി ജീവിക്കാം! അതിനാല്‍ പ്രലോഭനങ്ങളെ മറികടന്ന്, ക്രിസ്തുവില്‍ വസിക്കുക. എന്നില്‍ വസിച്ചാല്‍ ഞാന്‍ അവനിലും വസിക്കും. “ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ ശാഖകളുമാണ്...” (യോഹ. 15).








All the contents on this site are copyrighted ©.