2017-05-01 14:28:00

നൈലിന്‍റെ ചിത്രസരണി : രക്തപ്പുഴയൊഴുക്കിയ ഹൃദയകാഠിന്യം


 “ഫറവോന്‍റെ ഹൃദയകാഠ്യനം മൂലം നൈല്‍ജലം രക്തമായി മാറി.... ഈജിപ്തിലെങ്ങും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം കാണപ്പെട്ടു...” പുറപ്പാട് : 7, 14-25.

ഏപ്രില്‍ 29-Ɔ൦ തിയതി ശനിയാഴ്ച രാവിലെ ഈജിപ്തില്‍ കെയിറോയിലുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിന്‍റെ പിന്‍ഭാഗത്തുള്ള ടെറസില്‍നിന്നുകൊണ്ട് താഴെ ഒഴുകിയ നീല നൈല്‍ നദിയെ നോക്കി പാപ്പാ ഫ്രാന്‍സിസ് ധ്യാനിച്ചു. രാവിലെ 10-മണിക്ക് 19 കി.മി. അകലെ  വ്യോമസേനയുടെ മൈതാനിയില്‍ ദിവ്യബലി അര്‍പ്പിക്കാനുള്ള ഒരുക്കത്തില്‍, ഇന്നും രക്തപ്പുഴയൊഴുകുന്ന നൈലിനെക്കുറിച്ച് പാപ്പാ ധ്യാനിച്ചു കാണണം. 10 മിനിറ്റിലധികം നൈലിനെ ധ്യാനിച്ചുകൊണ്ട്  പാപ്പാ മെല്ലെ ടെറസ്സില്‍  നടന്നതായി കൂടെയുണ്ടായിരുന്ന ആരാധനക്രമകാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി സാക്ഷ്യപ്പെടുത്തി.

ഏപ്രില്‍ 28, 29 വെള്ളി ശനി -രണ്ടു ദിവസങ്ങള്‍ നീണ്ടതായിരുന്നു പാപ്പായുടെ ഈജിപ്തിലേയ്ക്കുള്ള അപ്പസ്തോലിക പര്യടനം.  കൊല്ലുംകൊലയും ഇന്നും  അരങ്ങേറി രക്തപ്പുഴയൊഴുകുന്ന ചരിത്രമണ്ണിലേയ്ക്ക് പാപ്പാ പുറപ്പെട്ടത്  സമാധാനദൂതുമായിട്ടാണ്. അവിടെ രാഷ്ട്രനേതാക്കളും, ഇസ്ലാമിക മതശ്രേഷ്ഠരും ക്രൈസ്തവ ആചാര്യന്‍മാരും അന്നാട്ടിലെ ജനങ്ങളുമായും പാപ്പാ കൂടിക്കാഴ്ച നടത്തി.

ഈജിപ്തിലെ ഇന്നിന്‍റെ അടിയന്തിരവും പ്രക്ഷോഭാത്മകവുമായ സാമൂഹിക സാംസ്ക്കാരിക വെല്ലുവിളിയെ നേരിടാന്‍ ക്രൈസ്തവരും മുസ്ലീങ്ങളും ഹെബ്രായരും എല്ലാവിശ്വാസികളും കടപ്പെട്ടിരിക്കുന്നു :  കാരണം, “നാമെല്ലാവരും ജീവിക്കുന്നത് കാരുണ്യവാനായ ഏകദൈവത്തിന്‍റെ സൂര്യനു കീഴിലാണ്. അതിനാല്‍ നാമെല്ലാവരും സഹോദരങ്ങളാണ്. ദൈവമില്ലെങ്കില്‍ മനുഷ്യജീവിതം സൂര്യനില്ലാത്ത ഭൂമിപോലെയായിരിക്കും...” നവമായ സാഹോദര്യത്തിന്‍റെ സൂര്യന്‍ ദൈവനാമത്തില്‍ ഈജിപ്തില്‍ ഉദിച്ചുയര്‍ന്ന് സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രഭ വിരിയിക്കട്ടെ! 800 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍ കമീലിനെ സന്ദര്‍ശിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് നമുക്കായി മാദ്ധ്യസ്ഥം വഹിക്കട്ടെ!

( ഈജിപ്തിലെ അല്‍-അസ്സാര്‍ ഇസ്ലാമിക യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിലെ ചിന്താശകലമാണിത്...Extract from Discourse 1 of Pope Francis in Egypt, 28 April 2017). 








All the contents on this site are copyrighted ©.