2017-04-29 12:56:00

ഭീകരതയുടെ അന്ത്യത്തിന് സംഭാഷണം അനിവാര്യം


ഇസ്ലാം വിഭാഗങ്ങളായ സുന്നി മുസ്ലീങ്ങളും ഷിയ മുസ്ലീങ്ങളും തമ്മിലുള്ള സംഭാഷണം പരിപോഷിപ്പിക്കപ്പെടേണ്ടത് ഭീകരപ്രവര്‍ത്തനത്തിനറുതിവരുത്തുന്നതിന് അനിവാര്യമാണെന്ന് വത്തിക്കാനില്‍, സമഗ്രമാനവപുരോഗതിക്കായുള്ള  വിഭാഗത്തിന്‍റെ  ചുമതലവഹിക്കുന്ന കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടുര്‍ക്സണ്‍(Peter Kodwo Appiah Turkson).

“ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം” (എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്) എന്ന അന്താരാഷ്ട്ര പ്രസ്ഥാനത്തിന്‍റെ ഇറ്റലിയുടെ ഘടകത്തിലെ അംഗങ്ങളുമായി വെള്ളിയാഴ്ച(28/04/17) നടന്ന കൂടിക്കാഴ്ചാവേളയില്‍ ഇന്ന് നിലവിലുള്ള പ്രശ്നങ്ങളില്‍ ചിലതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അവരുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

ഷിയ സുന്നി മുസ്ലീങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പ് തുടര്‍ന്നാല്‍ പ്രശ്ന പരിഹൃതി സാധ്യമല്ല എന്നും കര്‍ദ്ദിനാള്‍ ടുര്‍ക്സണ്‍ അഭിപ്രായപ്പെട്ടു.

ഫ്രാന്‍സീസ് പാപ്പായുടെ ഇടയസന്ദര്‍ശനത്തിന്‍റെ വേദിയായ ഈജിപ്റ്റിലെ അവസ്ഥയെക്കുറിച്ചു പരാമര്‍ശിക്കവെ അദ്ദേഹം ഈ മാസം 9 ന് (09/04/17) ഓശാന ഞായറാഴ്ച അന്നാട്ടിലെ രണ്ടു ദേവാലയങ്ങളിലുണ്ടായ ബോംബാക്രമണങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ആരാധനായിടങ്ങള്‍ നിര്‍മ്മിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നതിന് കൂടുതല്‍ സഹായകമായ നിയമഭേദഗതി കൊണ്ടുവരുന്നത് ഉചിതമായിരിക്കുമെന്നും ഈജിപ്തില്‍ ക്രൈസ്തവര്‍ ഭിന്ന വിഭാഗങ്ങളില്‍പ്പെട്ടവരാണെങ്കിലും അവരെ ഏകസമൂഹമായി കാണുന്നതാണ് യുക്തമെന്നും പറഞ്ഞു.








All the contents on this site are copyrighted ©.