2017-04-28 12:31:00

സുവിശേഷവത്ക്കരണത്തിന്‍റെ ആനന്ദം ജീവിക്കുക സഭയുടെ അഭിനിവേശം


സുവിശേഷവത്ക്കരണത്തിന്‍റെ മധുരതരവും സാന്ത്വനദായകവുമായ ആനന്ദം ജീവിക്കുകയാണ് സഭയുടെ അഭിനിവേശമെന്ന് മാര്‍പ്പാപ്പാ.

കത്തോലിക്കാപ്രവര്‍ത്തനത്തിന്‍റെ അന്താരാഷ്ട്ര വേദിയുടെ, വത്തിക്കാനില്‍ ചേര്‍ന്നിരിക്കുന്ന യോഗത്തില്‍ (CONGRESS OF INTERNATIONAL FORUM OF CATHOLIC ACTION) പങ്കെടുക്കുന്നവരടങ്ങിയ 300 ഓളം പേരെ, ഈ ചതുര്‍ദിനസമ്മേളനത്തിന്‍റെ (27-30/04/17) ആരംഭ ദിനമായിരുന്ന  വ്യാഴാഴ്ച (27/04/17) സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

“സകലരോടും കുടെ സകലര്‍ക്കും വേണ്ടിയുള്ള ദൗത്യത്തില്‍ കത്തോലിക്കാ പ്രവര്‍ത്തനം" എന്ന വിചിന്തനപ്രമേയം ഈ സമ്മേളനം സ്വീകരിച്ചിരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ ചരിത്രപരമായി “കത്തോലിക്കാ പ്രവര്‍ത്തന” പ്രസ്ഥാനത്തിന്‍റെ ദൗത്യം, ലോകത്തില്‍ തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അല്‍മായ വിശ്വാസികളെ പരിശീലിപ്പിക്കുക എന്നതാണ് എന്ന് അനുസ്മരിച്ചു.

ഇന്ന് കത്തോലിക്കാ പ്രവര്‍ത്തന പ്രസ്ഥാനത്തിന്‍റെ സമൂര്‍ത്ത ദൗത്യം പ്രേഷിതരായ ശിഷ്യരെ വാര്‍ത്തെടുക്കുകയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

കത്തോലിക്കാ പ്രവര്‍ത്തന പ്രസ്ഥാനത്തെ താങ്ങിനിറുത്തുന്നത് പ്രാര്‍ത്ഥന, പരിശീലനം, ത്യാഗം, പ്രേഷിതത്വം എന്നീ ചതുര്‍സ്തംഭങ്ങളാണെന്ന് പ്രസ്താവിച്ച പാപ്പാ പ്രേഷിതത്വത്തിന് പ്രാര്‍ത്ഥനയും പരിശീലനവും ത്യാഗവും
ആവശ്യമാണെന്ന് വിശദീകരിച്ചു.

വിശ്വാസവളര്‍ച്ചയ്ക്കുതകുന്നതാകണം രൂപവല്‍ക്കരണമെന്നു ചൂണ്ടിക്കാട്ടിയ പാപ്പാ പ്രാര്‍ത്ഥനയാകട്ടെ ഹൃദയത്തെ മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്കും അവരുടെ സന്തോഷസന്താപങ്ങളിലേക്കും എത്തിക്കുന്ന പവിത്രമായൊരു പരോന്മുഖതയുള്ളതും നമ്മെ അകലങ്ങളിലേക്കെത്തിക്കുന്നതുമായിരിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.

ത്യാഗത്തെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ  അത് അപരന് ഉപകാരപ്രദമായി ഭവിക്കുന്നതാണെന്നു പ്രസ്താവിച്ചു. മറ്റുള്ളവരുടെ വളര്‍ച്ചയ്ക്കായി തങ്ങളുടെ സമയം നീക്കിവയ്ക്കാനും, കുറവുള്ളവരുമായി തങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കാനും പാപ്പാ ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.