2017-04-22 13:34:00

ക്രൈസ്തവരും ബൗദ്ധരും അഹിംസയുടെ പാതയില്‍ ഒത്തൊരുമിച്ച്


സംഘര്‍ഷഭരിതമായ ഇന്നത്തെ ലോകത്തില്‍ ക്രൈസ്തവരും ബൗദ്ധരും അഹിംസയുടെ പാതയില്‍ ഒത്തൊരുമിച്ചു ചരിക്കേണ്ടിതിന്‍റെ പ്രാധാന്യം മതാന്തരസംവാദാത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി (PONTIFICAL COUNCIL FOR INTERRELIGIOUS DIALOGUE) ചൂണ്ടിക്കാട്ടുന്നു.

പതിവുപോലെ ഇക്കൊല്ലവും, ബുദ്ധന്‍റെ ജനനം, ബോധോദയം, മരണം എന്നിവയുടെ സംയുക്ത ഓര്‍മ്മയാചരണമായി വൈശാഖമാസത്തിലെ പൗര്‍ണ്ണമിനാളില്‍ കൊണ്ടാടപ്പെടുന്ന ബുദ്ധപൂര്‍ണ്ണിമ, അഥവാ, വേശാഖ് ഉത്സവത്തോടനുബന്ധിച്ച് ഈ സമിതി ബുദ്ധമതാനുയായികളായ സഹോദരങ്ങള്‍ക്കായി “ക്രൈസ്തവരും ബൗദ്ധരും: അഹിംസയുടെ പാതയില്‍ ഒത്തൊരുമിച്ച്” എന്ന ശീര്‍ഷകത്തില്‍ നല്കിയ ആശംസാസന്ദേശത്തിലാണ് ക്രിസ്തുവിന്‍റെയും ബുദ്ധന്‍റെയും ജീവിതം പ്രദാനം ചെയ്യുന്ന അക്രമരാഹിത്യത്തിന്‍റെ വെളിച്ചത്തിലേക്ക് ഇരു മതങ്ങളുടെയും അനുയായികളുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.

മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷാന്‍ ലൂയി തൊറായും കാര്യദര്‍ശി  ആര്‍ച്ചുബിഷപ്പ് മിഘേല്‍ ആംഹല്‍ അയൂസൊ ഗിസോതും ആണ് ഈ സന്ദേശത്തില്‍ ഒപ്പു വച്ചിരിക്കുന്നത്.

ക്രിസ്തുവും ബുദ്ധനും അഹിംസയുടെ പ്രചാരകരും സമാധാനശിലിപികളും ആയിരുന്നു എന്ന സത്യം അനുസ്മരിക്കുന്ന സന്ദേശം ഉദാത്തമായ പ്രബോധനങ്ങള്‍ ഉണ്ടായിരുന്നിട്ടും നമ്മു‌ടെ സമൂഹങ്ങള്‍ ഗതകാലവര്‍ത്തമാനകാലങ്ങളിലെ സംഘര്‍ഷങ്ങളുടെ മുറിവുകള്‍ പേറേണ്ടിവന്നിരിക്കുന്നുവെന്ന വസ്തുത എടുത്തുകാട്ടുന്നു.

ഗാര്‍ഹിക പീഢനങ്ങള്‍, സാമ്പത്തിക,സാമൂഹ്യ,സാംസ്കാരിക,മാനസികങ്ങളായ ആക്രമണങ്ങള്‍, നമ്മുടെ പൊതുഭവനത്തിന് എതിരായ ആക്രമണങ്ങള്‍, പരിസ്ഥിതിക്ക് എതിരായ ആക്രമണങ്ങള്‍ തുടങ്ങിയവ സംഘര്‍ഷങ്ങളുടെ പട്ടികയില്‍ വരുന്നുവെന്നും മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി വിശദീകരിക്കുന്നു.

അക്രമത്തിന്‍റെ ഉത്ഭവം മനുഷ്യന്‍റെ ഹൃദയത്തില്‍ നിന്നാകയാലും വ്യക്തിയുടെ തിന്മകള്‍ സമൂഹത്തിലേക്കു പടരുന്നതിനാലും അക്രമത്തിന്‍റെ കാരണങ്ങള്‍ പഠിച്ച് ഹൃദയത്തിനകത്തുള്ള തിന്മകള്‍ക്കെതിരെ പോരാടാന്‍ ക്രൈസ്തവരെയും ബൗദ്ധരെയും ബോധവല്‍ക്കരിക്കാന്‍ ഈ മതങ്ങള്‍ക്കുള്ള കടമയെക്കുറിച്ചും ഈ സമിതി സന്ദേശത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

   








All the contents on this site are copyrighted ©.