2017-04-19 12:37:00

ഉയിര്‍പ്പിന്‍റെ ഉഷസ്സില്‍ ജന്മംകൊള്ളുന്ന വിശ്വാസം


ഉയിര്‍പ്പുകാലത്തിലെ ആദ്യത്തെതായിരുന്ന ഈ ബുധനാഴ്ച  (19/04/17) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍  ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടുക്കാഴ്ച പതിവുപോലെ അരങ്ങേറി. വസന്തകാല സൂര്യകിരണങ്ങളാല്‍ പ്രശോഭിതമായിരുന്നെങ്കിലും ശീതക്കാറ്റുവീശുകയും താപനില താഴുകയും ചെയ്ത ഒരു ദിനമായിരുന്നു ഈ ബുധനാഴ്ച.  ഉത്ഥാനത്തിരുന്നാളിനോടനുബന്ധിച്ചു പുഷ്പങ്ങളാലും ചെട‌ികളാലും അലങ്കരിച്ചിരുന്ന വേദിതന്നെ ആയിരുന്നു പൊതുകൂടിക്കാഴ്ചയ്ക്കും പാപ്പാ ഉപയോഗപ്പെടുത്തിയത്. കൂടിക്കാഴ്ചയ്ക്കായി പാപ്പാ  വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലേക്കു പ്രവേശിച്ചപ്പോള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരുടെ സന്തോഷം കരഘോഷങ്ങളാലും ഗാനാലാപനങ്ങളാലും ആരവങ്ങളാലും ആവിഷ്കൃതമായി. അള്‍ത്താര ശുശ്രൂഷകരുടെ വേഷമണിഞ്ഞിരുന്ന രണ്ടു ബാലന്മാരെയും രണ്ടു ബാലികകളെയും വണ്ടിയില്‍ കയറ്റി ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചെയ്തു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍ അതില്‍നിന്ന് ഇറങ്ങിയ ഫ്രാന്‍സീസ് പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു

സഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്ഷ പ്രദാനം ചെയ്തതുമായ സുവിശേഷം ഞാന്‍ എപ്രകാരമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്മരിപ്പിക്കാം.2 അതനുസരിച്ചു നിങ്ങള്‍ അചഞ്ചലരായി അതില്‍ നിലനിന്നാല്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ത്ഥമാകില്ല.3 എനിക്കു ലഭിച്ചതു സര്‍വ്വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക്  എല്‍പിച്ചുതന്നു. വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുള്ളതുപോലെ, 4 ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കോപ്പായ്ക്കും പിന്നീട് പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി” (1 കോറിന്തോസ് 15,1-5)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് താന്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. “ഉത്ഥിതനായ ക്രിസ്തു നമ്മുടെ പ്രത്യാശ” ആണ് എന്ന സത്യം പാപ്പാ വിശദീകരിച്ചു.

പ്രഭാഷണസംഗ്രഹം:

 നാം ആഘോഷിച്ചതും ആരാധനക്രമപരമായി ആഘോഷം തുടരുന്നതുമായ പെസഹാത്തിരുന്നാളിന്‍റെ വെളിച്ചത്തിലാണ് ഇന്നത്തെ നമ്മുടെ സമാഗമം. അതുകൊണ്ടുതന്നെ, ക്രിസ്തീയ പ്രത്യാശയെ അധികരിച്ചുള്ള പ്രബോധന പരമ്പരയില്‍ ഇന്ന് ഞാന്‍ നിങ്ങളോടു പറയാന്‍ ആഗ്രഹിക്കുന്നത്, പൗലോസപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്കുള്ള ലേഖനത്തില്‍ അവതരിപ്പിച്ചിരിക്കുന്നതു പോലെ, നമ്മുടെ പ്രത്യാശയായ ഉത്ഥിതനായ ക്രിസ്തുവിനെക്കുറിച്ചാണ്.

കോറിന്തോസിലെ സമൂഹത്തില്‍, തീര്‍ച്ചയായും, മുഖ്യചര്‍ച്ചാവിഷയമായിരുന്ന ഒരു പ്രശ്നം പരിഹരിക്കാന്‍ പൗലോസ് അപ്പസ്തോലന്‍ അഭിലഷിക്കുന്നു. കോറിന്തോസുകാര്‍ക്കുള്ള ലേഖനത്തില്‍ അവസാനം പരാമര്‍ശിക്കപ്പെടുന്ന വിഷയമാണ് ഉത്ഥാനം. വിഷയത്തിന്‍റെ പ്രാധാന്യമനുസരിച്ചാണെങ്കില്‍ ഇത് ഒന്നാമത്തെ സ്ഥാനത്തുവരുന്നു. വാസ്തവത്തില്‍ സകലത്തിന്‍റെയും അടിസ്ഥാനം ഇതാണ്.

ക്രൈസ്തവരോട് സംസാരിക്കവെ പൗലോസ് അനിഷേധ്യമായ ഒരു സംഗതിയില്‍ നിന്നാണ് ആരംഭിക്കുന്നത്. അത് ഒരു ജ്ഞാനിയുടെ മനനത്തിന്‍റെ ഫലമല്ല പ്രത്യുത ഒരു വസ്തുതയാണ്. ക്രിസ്തുമതം പിറവിയെടുക്കുന്നത് ​ഇവിടെനിന്നാണ്. ഇതൊരു സിദ്ധാന്തമല്ല, തത്ത്വശാസ്ത്ര സംവിധാനമല്ല, മറിച്ച്, യേശുവിന്‍റെ ആദ്യശിഷ്യന്മാര്‍ സാക്ഷ്യപ്പെടുത്തിയ ഒരു സംഭവത്തില്‍ നിന്നു തുടങ്ങുന്ന വിശ്വാസയാത്രയാണ് ഇത്. പൗലോസ് അതു സംഗ്രഹിക്കുന്നത് ഇപ്രകാരമാണ്: “ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കോപ്പായ്ക്കും പിന്നീട് പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി” (കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനം, 15,3-5) ഇതാണ് യാഥാര്‍ത്ഥ്യം. അവിടന്ന് മരിച്ചു, അടക്കപ്പെട്ടു, ഉത്ഥാനം ചെയ്തു, പ്രത്യക്ഷനായി. അതായത് യേശു ജീവിക്കുന്നു എന്നര്‍ത്ഥം. ഇതാണ് ക്രിസ്തീയ സന്ദേശത്തിന്‍റെ കാതല്‍.

വിശ്വാസത്തിന്‍റെ സത്തയായ ഈ സംഭവം പ്രഘോഷിക്കവെ, പൗലോസ് പെസഹാരഹസ്യത്തിന്‍റെ അവസാന ഘടകത്തിന്, അതായത്, യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന വസ്തുതയ്ക്ക്, സര്‍വ്വോപരി, ഊന്നല്‍ നല്കുന്നു. വാസ്തവത്തില്‍ മരണത്തോടെ എല്ലാം അവസാനിച്ചിരുന്നെങ്കില്‍ അവിടുന്നില്‍ നമ്മള്‍ പരമമായ അര്‍പ്പണത്തിന്‍റെ ഒരു മാതൃക ദര്‍ശിച്ചേനെ. എന്നാല്‍ നമ്മില്‍ വിശ്വാസം ജനിപ്പിക്കാന്‍ അതിനു കഴിയുമായിരുന്നില്ല. ഒരു വീരപുരുഷനായി നാം അവിടത്തെ കരുതുമായിരുന്നു. ‌അവിടന്നു മരിച്ചു, എന്നാല്‍ ഉയിര്‍ത്തെഴുന്നേറ്റു.  ഉത്ഥാനത്തില്‍ നിന്നാണ് വിശ്വാസം ജന്മംകൊള്ളുന്നത്. ക്രിസ്തു മരിച്ചു, കുരിശില്‍ മരിച്ചു എന്ന അംഗീകരിക്കുന്നത് വിശ്വാസത്തിന്‍റെ ഒരു പ്രവൃത്തിയല്ല, അത് ചരിത്രപരമായ ഒരു വസ്തുതയാണ്. എന്നാല്‍ അവിടന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നു വിശ്വസിക്കുന്നതാകട്ടെ വിശ്വാസത്തിന്‍റെ പ്രവൃത്തിയാണ്. ഉയിര്‍പ്പിന്‍റെ ഉഷസ്സിലാണ് നമ്മുടെ വിശ്വാസം ജന്മംകൊള്ളുന്നത്. ഉത്ഥിതനുമായി കണ്ടുമുട്ടിയവരുടെ പട്ടികയില്‍ അവസാനത്തെ ആളായിവരുന്ന  പൗലോസ് സ്വയം വിശേഷിപ്പിക്കുന്നത് അകാലജാതന്‍ എന്നാണ്. (1 കോറിന്തോസ് 15,8)

സ്വന്തം ജീവചരിത്രം നാടകീയമായതിനാലാണ് പൗലോസ് ഈ പ്രയോഗം ഉപയോഗിക്കുന്നത്. അദ്ദേഹം ഒരു അള്‍ത്താര ശുശ്രൂഷകനല്ല മറിച്ച് സഭയെ പീഢിപ്പിക്കുന്നവനായിരുന്നു. സ്വന്തം ബോധ്യങ്ങളില്‍ അഭിമാനിച്ചിരുന്നവന്‍ ആയിരുന്നു. ജീവിതത്തെയും അതിലന്തര്‍ലീനമായിരിക്കുന്ന കടമകളെയുംക്കുറിച്ചു സുവ്യക്തമായ ഒരു ധാരണയുള്ളവനാണ് താനെന്ന് പൗലോസ് സ്വയം കരുതിയിരുന്നു. എല്ലാം തികഞ്ഞ ഒരു വ്യക്തിയെന്നു കരുതിയ പൗലോസിന്‍റെ ജീവിതത്തില്‍ ഒരു ദിവസം അപ്രതീക്ഷിതമായതു സംഭവിക്കുന്നു. പൗലോസ് ഉത്ഥിതനായ യേശുവിനെ ഡമാസ്കസിലേക്കുള്ള വഴിയില്‍ വച്ച് കണ്ടുമുട്ടുന്നു. അവിടെ നിലംപതിക്കുന്ന ഒരു മനുഷ്യന്‍ മാത്രമല്ല ജീവിതത്തിന്‍റെ അര്‍ത്ഥം തന്നെ കീഴ്മേല്‍ മറിച്ച ഒരു സംഭവത്തിന്‍റെ  പിടിയിലായ ഒരു മനുഷ്യനും ഉണ്ടാകുകയാണ്. മര്‍ദ്ദകന്‍ അപ്പസ്തോലനായി മാറുന്നു. ഇതെന്തുകൊണ്ടു സംഭവിക്കുന്നു? എന്തുകൊണ്ടെന്നാല്‍ ജീവിക്കുന്ന യേശുവിനെ കണ്ടു. ഇതാണ് ഇതര അപ്പസ്തോലന്മാരുടെയും സഭയുടെയും നമ്മു‌ടെയും എന്ന പോലെ പൗലോസിന്‍റെയും വിശ്വാസത്തിന്‍റെ അടിസ്ഥാനം.

ക്രിസ്തുമതം വിസ്മയത്തിന്‍റെതാണ്, ആകയാല്‍ അത്ഭുതപ്പെടാന്‍ കഴവുറ്റ ഒരു ഹൃദയം ഒരുവനുണ്ടാകേണ്ടത് ഒരു മുന്‍വ്യവസ്ഥയാണ്. അടഞ്ഞ ഒരു ഹൃദയത്തിന് യുക്തിയുടെ അടിസ്ഥാനത്തില്‍ ചരിക്കുന്ന ഒരു ഹൃദയത്തിന് അത്ഭുതപ്പെടാനാകില്ല, ക്രിസ്തുമതം എന്തെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. എന്തെന്നാല്‍ ക്രിസ്തുമതം ഒരു കൃപയാണ്.

മരണത്തില്‍ നിന്നല്ല  നമ്മോടു ദൈവത്തിനുള്ള സ്നേഹത്തില്‍ നിന്നു തുടങ്ങുക എന്നാണ് ക്രൈസ്തവരായിരിക്കുകയെന്നതിനര്‍ത്ഥം. കത്തിനില്ക്കുന്ന ചെറിയൊരു മെഴുകുതിരി മതി രാത്രികളുടെ കൂരിരുളിനെ ജയിക്കാന്‍. മരണമേ നിന്‍റെ   വിജയമെവിടെ, മരണമേ നിന്‍റെ ദംശനമെവിടെ  എന്ന പൗലോസപ്പസ്തോലന്‍റെ  വാക്കുകള്‍ പെസഹായുടെ ഈ ദിനങ്ങളില്‍ നമ്മുടെ ഹൃദയങ്ങളില്‍ സംവഹിക്കാം. നമ്മു‍ടെ പുഞ്ചിരിയുടെയും നമ്മു‌ടെ ക്ഷമാപൂര്‍വ്വകമായ പങ്കുചേരലിന്‍റെയും കാരണമെന്തെന്ന് നമ്മോടു ചോദിച്ചാല്‍ നമുക്കു പറയാന്‍ കഴിയും യേശു ഇപ്പോഴും ഇവിടെ ഉണ്ടെന്ന്, അവിടന്ന് നമ്മുടെ ഇടയില്‍ ജീവിച്ചിരിക്കുന്നുവെന്ന്, യേശു ഇവിടെ ഈ ചത്വരത്തില്‍ നമ്മോടൊപ്പമുണ്ട്. അവിടന്ന് ജീവിക്കുന്നു, ഉയിര്‍ത്തെഴുന്നേറ്റു.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

പതിവുപോലെ, പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.