2017-04-18 18:22:00

നവതിയുടെ നിറവ് ദൈവത്തോടുള്ള നന്ദിയുടെ നിറവെന്ന് മുന്‍പാപ്പാ ബന‍ഡിക്ട്


ഏപ്രില്‍ 16-Ɔ൦ തിയതി ഈസ്റ്റര്‍ ഞായറാഴ്ചയായിരുന്നു സ്ഥാനത്യാഗിയായ പാപ്പായുടെ ജന്മനാള്‍! തന്‍റെ 90-Ɔ൦ പിറന്നാളില്‍ ദൈവത്തോടുള്ള നന്ദിയുടെ വികാരത്താല്‍ ഹൃദയം വിതുമ്പുകയാണെന്ന് മുന്‍പാപ്പാ ബനഡിക്ട് 16-Ɔമന്‍ പ്രസ്താവിച്ചു. ഏപ്രില്‍ 17-Ɔ൦ തിയതി തിങ്കളാഴ്ച മദ്ധ്യാഹ്നത്തില്‍ പാപ്പായുടെ വിശ്രമജീവിത സ്ഥാനമായ വത്തിക്കാന്‍ തോട്ടത്തിലെ ‘മാത്തര്‍ എക്ലേസിയ’ ഭവനത്തില്‍ ജനന്മനാടായ ജര്‍മ്മനിയിലെ ബവേറിയയില്‍നിന്നും വത്തിക്കാനില്‍ എത്തിയ ഒരുകൂട്ടം ജനങ്ങള്‍ക്കൊപ്പം നടത്തിയ ലളിതമായ ആഘോഷങ്ങളില്‍ക്കിടയിലാണ് മുന്‍പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.   

ബവേറയയില്‍നിന്നും എത്തിച്ചേര്‍ന്ന 50-ഓളം പേര്‍ - കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളും പുരുഷന്മാരുമുള്ള സമൂഹത്തെ നോക്കിക്കൊണ്ട് ആത്മനിര്‍വൃതിയോടെ 90-ന്‍റെ ക്ഷീണമൊന്നും വകവയ്ക്കാതെ അദ്ദേഹം മൊഴിഞ്ഞു. തന്‍റെ നീണ്ട ജീവിതയാത്രയില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദൈവം അവയില്‍നിന്നെല്ലാം കൈപിടിച്ചുയര്‍ത്തുകയും നയിക്കുകയുംചെയ്തു. ജര്‍മ്മന്‍ ഭാഷയില്‍ സന്തോഷവദനനായി പറഞ്ഞു.

എന്നും സ്വപ്നംകാണുന്നതും ഗൃഹാതുരത്വം ഉണര്‍ത്തുന്നതുമായ ബവേറിയന്‍ താഴ്വാരമായ (The Gebirgsschützen , Bavarian mountain rifles) തന്‍റെ ജന്മസ്ഥലമാണ് ഈ കൂട്ടായ്മയില്‍ ഇന്നിവിടെ കാണുന്നത്. മനോഹരമായ തന്‍റെ നാടിനു ദൈവത്തിന് നന്ദിപറയുന്നു. പ്രകൃതി രമണീയമാണ് ബോവേറിയ! നല്ല ജനങ്ങളും, ദേവാലയമണി ഗോപുരങ്ങളും, പൂക്കളുടെ മേല്‍ത്തട്ടോടുകൂടിയ വീടുകളും ആ നാടിന്‍റെ പ്രത്യേകത തന്നെ! നല്ല മനുഷ്യര്‍ പാര്‍ക്കുന്ന ഇടമാണത്.  ബവേറിയന്‍ മനോഹാരിതയ്ക്കു പിന്നില്‍ അവിടത്തുകാരുടെ ഈശ്വരവിശ്വാസമാണെന്ന് പാപ്പാ വിശേശിപ്പിച്ചു. ദൈവത്തെ അറിയുന്നവരാണ് ബവേറിയക്കാര്‍. നിങ്ങള്‍ ദൈവത്തെ സ്നേഹിക്കുന്നു. ലോകത്തിന്‍റെ സ്രഷ്ടാവ് ദൈവമാണെന്ന് ഏറ്റുപറയുന്നു. മനുഷ്യര്‍ ഒരുമയോടെ പാര്‍ക്കുമ്പോഴാണ് ഭൂമി നന്മയുള്ളതാകുന്നതെന്നും നിങ്ങള്‍ മനസ്സിലാക്കുന്നു. 90-Ɔ൦ പിറന്നാള്‍ ആഘോഷിക്കുന്ന പാപ്പാ ബനഡിക്ട് വിവരിച്ചു.

ബവേറിയന്‍ സാന്നിദ്ധ്യത്തിനും സ്നേഹത്തിനും നന്ദി! നിങ്ങളുടെ തുറവും സന്തോഷവും, കൂട്ടായ്മയും വിശ്വാസത്തില്‍ അധിഷ്ഠിതമാണ്.  ബവേറിയന്‍ ഗവര്‍ണ്ണര്‍ക്കും ഈ കൂട്ടായ്മയുടെ സംഘാടകരായ മറ്റു ഉദ്യോഗസ്ഥര്‍ക്കും നന്ദി! വെള്ളയും നീലയും കലര്‍ന്ന ബവേറിയന്‍ പതാകയെ അനുസ്മരിപ്പിക്കുമാറുള്ള റോമിലെ നീലാംബരത്തിനു കീഴില്‍ ഒത്തുചേരാന്‍ സാധിച്ചതില്‍ അതിയായി സന്തോഷിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! നാട്ടില്‍ എല്ലാവരെയും എന്‍റെ ആശംസകളും നന്ദിയും അറിയിക്കണം.

ജീവിതത്തിന്‍റെ സായാഹ്നയാത്ര തുടരുകയാണ്. സുന്ദരമായ ഒരു നാടിന്‍റെ മനോഹാരിതയിലേയ്ക്കുള്ള യാത്രയില്‍ ഇനിയും എല്ലാം നന്മയായിരിക്കുമെന്ന പ്രത്യാശയില്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം നടന്നുനീങ്ങട്ടെ! ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!








All the contents on this site are copyrighted ©.