2017-04-16 15:41:00

മുന്‍പാപ്പാ ബനഡിക്ട് 16-Ɔമന് പ്രാര്‍ത്ഥനയോടെ നവതി ആശംസകള്‍


സഭയ്ക്കും ലോകത്തിനും ഇന്നും അനുഗ്രഹമാകുന്ന ആ സ്നേഹസാന്നിദ്ധ്യത്തിന് പ്രാര്‍ത്ഥനയോടെ ദീര്‍ഘായുസ്സു നേര്‍ന്നു!

2005-മുതല്‍ 2013-വരെ ആഗോളസഭയെ ഭരിച്ച മുന്‍പാപ്പാ ബനഡിക്ടിന് 90 വയസ്സു തികഞ്ഞു. ഏപ്രില്‍ 16-Ɔ൦ തിയതി ഈസ്റ്റര്‍ നാളില്‍ത്തന്നെയാണ് പാപ്പാ റാത്സിങ്കറിന്‍റെ ജന്മനാള്‍.  1927 ഏപ്രില്‍ 16-Ɔ൦ തിയതി ജര്‍മ്മനിയിലെ ബവേറിയയില്‍ മേര്‍ക്ടില്‍ ആം ഇന്‍ എന്ന സ്ഥലത്താണ് ജോസഫ് ആലോഷ്യസ് റാത്സിങ്കര്‍ ജനിച്ചത്.

1951-ല്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. അന്നാളില്‍ തുടങ്ങിയ സഭാസേവനം ദൈവശാസ്ത്ര വിഷയങ്ങളുടെ പ്രഫസറായും, പിന്നീട് മ്യൂനിക്ക്-ഫ്രെയിസിംഗ് രൂപതയുടെ മെത്രാനായും, സഭയുടെ കര്‍ദ്ദിനാളായും, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവനായും, പത്രോസിന്‍റെ പിന്‍ഗാമിയായും തുടര്‍ന്നു. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നിര്യാണത്തെ തുടര്‍ന്നുള്ള കര്‍ദ്ദിനാള്‍ സംഘമാണ് 2005 ഏപ്രില്‍ 19-ന് കര്‍ദ്ദിനാള്‍ ജോസഫ് റാത്സിങ്കറിനെ ആഗോള സഭാതലവനായി തിരഞ്ഞെടുത്തത്. 2013 ഫെബ്രുവരി 28-ന് വിരമിക്കുംവരെ ആ സേവനം സ്തുത്യര്‍ഹമായി അദ്ദേഹം തുടര്‍ന്നു. ആധുനിക യുഗത്തിലെ സഭയുടെ ദൈവശാസ്ത്ര പണ്ഡിതന്മാരില്‍ അഗ്രഗണ്യനാണ് മുന്‍പാപ്പാ ബനഡിക്ട് 16-Ɔമന്‍. 

ഇപ്പോള്‍ വത്തിക്കാന്‍ തോട്ടത്തിലുള്ള ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തില്‍ പ്രാര്‍ത്ഥനയില്‍ ഏകാന്തജീവിതം നയിക്കുകയാണ് ചിന്തകനും ദൈവശാസ്ത്ര പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ അദ്ദേഹം.

പാപ്പാ ബനഡിക്ടിന്‍റെ സാന്നിദ്ധ്യം നിശ്ശബ്ദമെങ്കിലും വിലപ്പെട്ടതാണെന്നും, അത് പ്രാര്‍ത്ഥനയുടെ സാന്നിദ്ധ്യമാണെന്നും പാപ്പാ ഫ്രാന്‍സിസ് എപ്പോഴും വിശേഷിപ്പിച്ചിട്ടുണ്ട്. ആയിരം പൂര്‍ണ്ണചന്ദ്രനെ കാണാന്‍ യോഗീവര്യാനായ പാപ്പായ്ക്കു ഭാഗ്യമുണ്ടാകട്ടെയെന്നു  പ്രാര്‍ത്ഥിക്കുന്നു!








All the contents on this site are copyrighted ©.