2017-04-16 13:47:00

കുരിശിന്‍റെ മുന്നില്‍ തലകുനിച്ച് ആത്മനവീകരണത്തിനായി പ്രാര്‍ത്ഥിക്കാം


ദുഃഖവെള്ളിയാഴ്ച ഏപ്രില്‍ 14-Ɔ൦ തിയതി പ്രാദേശിക സമയം രാത്രി 9.15-നായിരുന്നു റോമാനഗരത്തില്‍ പതിവുള്ള കൊളോസിയത്തിലെ കുരിശിന്‍റെവഴി. പാപ്പാ ഫ്രാന്‍സിസ് നയിച്ച കുരിശിന്‍റെവഴിയില്‍ 25,000-ത്തില്‍ അധികംപേര്‍ പങ്കെടുത്തതായി വത്തിക്കാന്‍റെ സുരക്ഷാവിഭാഗത്തിന്‍റെ കണക്കുകള്‍ വെളിപ്പെടുത്തി. കുരിശിന്‍റെവഴിയുടെ അന്ത്യത്തില്‍ കൊളോസിയത്തിലെ വേദിയില്‍നിന്നുകൊണ്ട് സന്ദേശം നല്‍കുന്നതിനു പകരം പാപ്പാ ഫ്രാന്‍സിസ് ചൊല്ലിയ ധ്യാനാത്മകമായ പ്രാര്‍‍ത്ഥനയുടെ പരിഭാഷ ചുവടെ ചേര്‍ക്കുന്നു :

1. ക്രിസ്തുവേ, അങ്ങ് സ്വന്തജനത്താല്‍ പരിത്യക്തനായി. ഏതാനും വെള്ളിത്തുട്ടുകള്‍ക്ക് അങ്ങ് ഒറ്റിക്കൊടുക്കപ്പെട്ടു. അവസാനം അങ്ങു കൊലയ്ക്കു കൊടുക്കപ്പെടുകയുംചെയ്തു! പ്രധാനാചാര്യന്മാരാല്‍ പുറന്തള്ളപ്പെട്ട അങ്ങ് പാപികളാല്‍ വിധിക്കപ്പെട്ടു. അവര്‍ അങ്ങയെ ചുവന്ന മേലങ്കി അണിയിച്ച് പരിഹസിച്ചു. പിന്നെ മുള്‍മുടി ധരിപ്പിക്കുകയും, പ്രഹരിക്കുകയുംചെയ്തു. അങ്ങ് ഭാരമുള്ള കുരിശു വഹിക്കേണ്ടിവന്നു. ആണികളാല്‍ തറയ്ക്കപ്പെട്ടു. അങ്ങേ വിലാവ് പടയാളികള്‍ കുന്തത്താല്‍ കുത്തിത്തുറന്നു. ജീവിന്‍റെയും അസ്തിത്വത്തിന്‍റെയും നാഥനായ അവിടുന്ന് കുരിശില്‍ മരിച്ചു. പിന്നെ സംസ്ക്കരിക്കപ്പെട്ടു.

ഞങ്ങുടെ ദൃഷ്ടികള്‍ ലജ്ജയാല്‍ താഴ്ത്തിയും, ഹൃദയംനിറയെ പ്രത്യാശയോടെയും ഏകരക്ഷകനായ ഈശോയേ, ഞങ്ങള്‍ ഈ വര്‍ഷവും അങ്ങേ സന്നിധിയില്‍ വരുന്നു!  അനുദിന ജീവിതത്തില്‍ ഞങ്ങള്‍ വരുത്തിക്കൂട്ടുന്ന നശീകരണത്തിന്‍റെയും നാശനഷ്ടങ്ങളുടെയും തകര്‍ച്ചകളുടെയും സംഭവങ്ങളെ ഓര്‍ത്ത് ലജ്ജയോടെ ഞങ്ങള്‍ വരുന്നു. രക്തം ചിന്തേണ്ടിവരുന്ന നിര്‍ദ്ദോഷികളായ സ്ത്രീകളെയും കുട്ടികളെയും ഓര്‍ത്തു ഞങ്ങള്‍ വേദനയോടെ ശിരസ്സുനമിക്കുന്നു. വര്‍ഗ്ഗത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും ജാതിയുടെയും പേരില്‍ മനുഷ്യര്‍ വിവേചിക്കപ്പെടുകയും, അങ്ങിലുള്ള വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുകയും അഭയാര്‍ത്ഥികളാക്കപ്പെടുയും ചെയ്യുന്നവരെ ഓര്‍ത്തും ഞങ്ങള്‍ വേദനിക്കുന്നു.

2. യൂദാസിനെയും പത്രോസിനെയുംപോലെ ഉത്തരവാദിത്ത്വമില്ലാത്തവരായി അങ്ങയെ ഒറ്റപ്പെടുത്തി, ഞങ്ങളും അങ്ങയെ ഒറ്റുകൊടുത്തു.  പരിത്യക്തനായ അങ്ങേ മുന്നില്‍ ഞങ്ങളിതാ, ലജ്ജയാല്‍  ശിരസ്സുനമിക്കുന്നു. അനീതിക്കു മുന്നില്‍ മൗനമായി നില്ക്കേണ്ടിവന്ന അവസരങ്ങള്‍ക്കും, ആര്‍ത്തിപിടിച്ച് സഹോദരങ്ങളെ സഹായിക്കാതെ മടിച്ചുനിന്ന നിമിഷങ്ങള്‍ക്കും യേശുവേ, ഞങ്ങള്‍ മാപ്പിരക്കുന്നു. അന്യരെ കീറിമുറിക്കുന്നതിനും, കീഴടക്കുന്നതിനും പരിശ്രമിച്ച അവസരങ്ങള്‍ക്കും ഇപ്പോള്‍ ക്ഷമയാചിക്കുന്നു. മാത്രമല്ല സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി ഞങ്ങള്‍  ശബ്ദമുയര്‍ത്തിയതിനും, മറ്റുള്ളവര്‍ക്കുവേണ്ടി വാദിക്കുന്നതില്‍നിന്നു പിന്‍തിരിഞ്ഞുനിന്നതിനും യേശുവേ, ഞങ്ങളോടു ക്ഷമിക്കണമേ!. തിന്മയുടെ പാതയിലൂടെ നടക്കാന്‍ കാണിച്ചിട്ടുള്ള തിടുക്കത്തിനും, നന്മയുടെ വഴിയില്‍ മടിച്ചുനിന്നതിനും ഇന്നാളില്‍ മാപ്പപേക്ഷിക്കുന്നു.

മെത്രാന്മാരും, വൈദികരും സന്ന്യസ്തരുമായവരില്‍ ചിലരെങ്കിലും സമൂഹത്തില്‍ ഉതപ്പുണ്ടാക്കി അങ്ങേ മൗതിക ദേഹമായ സഭയെ മുറിപ്പെടുത്തിയതില്‍ ഞങ്ങള്‍ ലജ്ജിതരാണ്. അവരുടെ ജീവിതസമര്‍പ്പണത്തിന്‍റെ അരൂപിയും ആദ്യമുഹൂര്‍ത്തങ്ങളും മറന്നു ജീവിച്ചതിനും, സഹോദരങ്ങളുടെ ആത്മീയ തീക്ഷ്ണത കെടുത്തിയതിനും ലജ്ജയോടെ ഞങ്ങളിപ്പോള്‍ ക്ഷമ യാചിക്കുന്നു.

3. ക്രിസ്തുവേ, ഹൃദയ ഭാരത്താല്‍ ഞങ്ങള്‍ ഗൃഹാതുരത്വം അനുഭവിക്കുകയും വേദനിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ യോഗ്യതയാലല്ല, അങ്ങേ കാരുണ്യവര്‍ഷത്താലും, പ്രത്യാശപകരുന്ന വിശ്വസ്തതയാലുമാണ് ഞങ്ങള്‍ ജീവിക്കുന്നത്. മാത്രമല്ല, ഞങ്ങളുടെ അവിശ്വസ്തത ഒരിക്കലും അങ്ങേ സ്നേഹത്തിന്‍റെ വ്യാപ്തിയോ ആഴമോ കുറയ്ക്കുന്നില്ലെന്നും മനസ്സിലാക്കിത്തരണമേ! അങ്ങേ മാതൃസഹജവും പിതൃതുല്യവുമായ സ്നേഹം ഞങ്ങളുടെ ഹൃദയകാഠിന്യത്തെ പരിഗണിക്കുന്നില്ല. എന്നിട്ടും ഞങ്ങളുടെ പേരുകള്‍ അങ്ങേ ഹൃദയത്തില്‍ കൊത്തിവയ്ക്കപ്പെടുന്നു. കണ്ണിലെ കൃഷ്ണമണിപോലെ അങ്ങു ഞങ്ങളെ കാത്തുപാലിക്കുകയും ചെയ്യുന്നു.

അങ്ങേ കുരിശാണ് സ്നേഹവും ക്ഷമയും നല്കി ഞങ്ങളുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നത്.  യേശുവേ, കുരിശിന്‍റെ ഈ മുകരാത്രിയെ അങ്ങേ ഉത്ഥാനത്തിന്‍റെ പൊന്‍പുലരിയാക്കി മാറ്റണമേ! ഞങ്ങള്‍ അര്‍പ്പിക്കുന്ന പ്രത്യാശ അങ്ങേ കരങ്ങളിലാണെന്ന് അറിയുന്നു. അങ്ങേ കുരിശിലുള്ള വിശ്വാസത്തിന്‍റെ പ്രത്യാശയാല്‍ ജീവിക്കാനും, പുളിമാവുപോലുള്ള എളിയ വിശ്വാസ സമൂഹമായി വിശ്വസ്തതയോടെ ജീവിച്ചുകൊണ്ട് മുറിപ്പെട്ട മാനവകുലത്തിന് പ്രത്യാശയുടെ പുതിയ ചക്രവാളം തുറന്നുകൊടുക്കാനും ക്രൈസ്തവമക്കളെ പ്രാപ്തരാക്കണമേ!  ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ അങ്ങ് വീണ്ടുംവരുമ്പോള്‍ വിജയഭേരിയോടെയുള്ള അങ്ങേ രണ്ടാംവരവിനായി വഴിയൊരുക്കാന്‍ മാനവികതയുടെ മരുഭൂമിയില്‍ വിളിച്ചുപറയുന്ന സുവിശേഷ ശബ്ദമാകാന്‍ ഈ ഭൂമിയില്‍ അങ്ങേ സഭയെ സഹായിക്കണമേ. താല്‍ക്കാലികമായി നന്മ പരാജയപ്പെടുകയും തിന്മ തലപൊക്കുകയും ചെയ്യുമ്പോള്‍, പരമമായി നന്മ വിജയിക്കും എന്ന പ്രത്യാശ ഞങ്ങളില്‍ വളര്‍ത്തണമേ.

4. യേശവേ, ദൈവപുത്രാ! മനുഷ്യരക്ഷയ്ക്കായി രക്തംചിന്തിയ നിര്‍ദ്ദോഷിയായ കുഞ്ഞാടേ!  ഞങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരമായും, ഞങ്ങള്‍ ക്ഷമിക്കുപ്പെടുവാനും അങ്ങേ ഹൃദയം പിളര്‍ക്കപ്പെട്ടുവല്ലോ! ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന അതിക്രമങ്ങളാലും യുദ്ധങ്ങളാലും മനുഷ്യരുടെ നിസംഗതയാലും വലയുന്ന സഹോദരീ സഹോദരന്മാരെ ഓര്‍ക്കണേ! ഞങ്ങളെ ബന്ധനസ്ഥരാക്കുന്ന പാപത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും ലൗകികമായകളുടെയും ചങ്ങല പൊട്ടിച്ച് ഞങ്ങളെ സ്വതന്ത്രരാക്കണമേ!  ക്രിസ്തുവേ, അങ്ങേ കുരിശില്‍ ഞങ്ങള്‍ അപമാനിതരാകാതിരിക്കട്ടെ! ഞങ്ങള്‍ അങ്ങേ കുരിശിന്‍റെ നന്മയെ ചൂഷണംചെയ്യാനും ഇടയാക്കല്ലേ. മറിച്ച് ഞങ്ങള്‍ അതിനെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യട്ടെ! കാരണം അങ്ങേ സ്നേഹത്തിന്‍റെ മഹത്വവും, കാരുണ്യത്തിന്‍റെ ശക്തിയും ഞങ്ങളുടെ പാപഭാരത്തെ വെല്ലുന്നതാണല്ലോ! ആമേന്‍.

 








All the contents on this site are copyrighted ©.