2017-04-14 12:15:00

യുദ്ധാധിപന്മാരെ ചെറുക്കുക - പാപ്പാ


യുദ്ധ പ്രഭുക്കന്മാര്‍ക്ക് ലോകം തടയിടണമെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയിലെ ദിനപ്പത്രങ്ങളിലൊന്നായ “ല റെപ്പൂബ്ലിക്ക”യ്ക്ക് (LA REPUBBLICA) അനുവദിച്ച ഒരഭിമുഖത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആവശ്യകത ആവര്‍ത്തിച്ചത്.

ലോകത്തെ നശിപ്പിക്കുന്ന അക്രമത്തില്‍ നിന്നു നേട്ടം കൊയ്യുന്ന ഏക വിഭാഗമാണ് യുദ്ധ പ്രഭുക്കള്‍ എന്ന് പറയുന്ന പാപ്പാ ഈ യുദ്ധങ്ങള്‍ക്ക്  ഏറ്റവുമധികം വില നല്കേണ്ടിവരുന്നത് നിരപരാധികളും എളിയവരുമായ സാധാരണക്കാരായ പൗരന്മാരാണെന്ന് ഖേദം പ്രകടിപ്പിക്കുന്നു.

പാര്‍ശ്വവത്കൃതരും പുറന്തള്ളപ്പെടുന്നവരുമായ ഇവരുടെ ചാരെ ആയിരിക്കുകയെന്ന കടമ സഭയ്ക്കുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു തന്‍റെ   അഭിമുഖത്തില്‍.

സ്ത്രീപുരുഷന്മാരുടെ രക്തംകൊണ്ട് നേട്ടം കൊയ്യുന്ന ആയുധക്കടത്തുകാര്‍ക്ക്   അടിമയാണ് ഇന്നത്തെ ലോകമെന്ന ആശങ്ക പ്രകടിപ്പിക്കുന്ന പാപ്പാ ഈ ലോകത്തിന്‍റെ  സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുന്നു.

പാപത്തിന്‍റെയും അതിന്‍റെ സംഹാരശക്തിയുടെയും ആവിഷ്കാരം യുദ്ധങ്ങളിലും ആക്രമണത്തിന്‍റെ നിരവധിയായ രൂപങ്ങളിലും ഏറ്റം ദുര്‍ബലരോ‌ടുള്ള മോശമായ പെരുമാറ്റത്തിലും അവരെ തള്ളിക്കളയുന്നതിലും ദര്‍ശിക്കാനാകുമെന്നും പാപ്പാ പറയുന്നു.

ശകലിതലോകത്തെ സൗഖ്യമാക്കുന്നതിനുള്ള ചികിത്സ അക്രമമല്ലയെന്നും അക്രമം സകലരുടെയും അല്ലെങ്കില്‍ത്തന്നെയും അനേകരുടെ ശാരീരികവും ആദ്ധ്യാത്മികവുമായ മരണത്തിന് കാരണമാകുകയാണ് ചെയ്യുകയെന്നും പാപ്പാ വിശദീകരിക്കുന്നു.

സംഘര്‍ഷങ്ങള്‍ നിര്‍ബന്ധിത കുടിയേറ്റങ്ങള്‍ക്കും അത്യധികസഹനങ്ങള്‍ക്കും    കാരണമാകുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.








All the contents on this site are copyrighted ©.