2017-04-14 12:41:00

പാപ്പാ ഇറ്റലിയിലെ ചെസേന-സര്‍സീന രൂപതയിലേക്ക് ഒക്ടോബറില്‍


ഇറ്റലിയുടെ ഉത്തരപൂര്‍വ്വ പ്രദേശത്തുള്ള ചെസേന-സര്‍സീന രൂപതയില്‍ പാപ്പാ ഇടയസന്ദര്‍ശനം നടത്തും.

ഒക്ടോബര്‍ ഒന്നിനായിരിക്കും ഫ്രാന്‍സീസ് പാപ്പാ അവിടെ എത്തുക.

പീയുസ് ആറാമന്‍ പാപ്പായുടെ മൂന്നാം ജന്മശതാബ്ദിയോടനുബന്ധിച്ച് രൂപതാദ്ധ്യക്ഷന്‍ ഡഗ്ലസ് റെഗത്തിയേരിയുടെയും രൂപതാ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മത്തേയൊ മരീയ ത്സൂപ്പിയുടെയും ക്ഷണപ്രകാരമാണ് പാപ്പായുടെ ഈ സന്ദര്‍ശനം.

റോമിന്‍റെ ഇരുന്നൂറ്റിയമ്പതാമത്തെ മെത്രാനായിരുന്ന ആറാം പീയുസ് പാപ്പാ ചെസേനയില്‍ 1717 ഡിസംബര്‍ 25നാണ് ജനിച്ചത്.    

വത്തിക്കാനില്‍ നിന്ന് 325 കിലോമീറ്ററോളം അകലെ  വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന ചെസേന സര്‍സീന രൂപതയിലേക്ക് ഫ്രാന്‍സീസ് പാപ്പാ ഒക്ടോബര്‍ ഒന്നിനു രാവിലെ പ്രാദേശികസമയം 7 മണിക്ക് ഹെലിക്കോപ്റ്ററില്‍ പുറപ്പെടും. അന്നു വൈകുന്നേരംതന്നെ പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.

ഒരു ചത്വരത്തില്‍ വച്ച് പൗരസമൂഹവുമായുള്ള കൂടിക്കാഴ്ച, കത്തീദ്രലില്‍ വച്ച് വൈദികരും യുവജനങ്ങളും കുടുംബങ്ങളുമായുള്ള  കൂടിക്കാഴ്ച, കടല്‍ മാര്‍ഗ്ഗം   ഇറ്റലിയില്‍ അഭയംതേടിയിരിക്കുന്ന യുവതയുമൊത്ത് ബൊളോ‍ഞ്ഞയില്‍ വച്ചുളള സമാഗമം,   ദരിദ്രരുമൊത്തു ഉച്ചഭക്ഷണം, ബൊളോഞ്ഞ അതിരൂപതാകത്തീദ്രലില്‍ വട്ട് വൈദികരുമായുള്ള കൂടിക്കാഴ്ച, വിശുദ്ധ ഡോമിനിക്കിന്‍റെ നാമധേയത്തിലുള്ള ബസിലിക്കയില്‍ വച്ച് സര്‍വകലാശാലാ ലോകവുമായുള്ള സമാഗമം, ദിവ്യപൂജാര്‍പ്പ​ണം എന്നിവയാണ് പാപ്പായുടെ ഈ ഇടയസന്ദര്‍ശാനജന്തയിലുള്ള പരിപാടികള്‍

                

 








All the contents on this site are copyrighted ©.