2017-04-13 20:25:00

ഹൃദയലാളിത്യത്തിന്‍റെ സമഗ്രത സുവിശേഷപ്രഘോഷകര്‍ക്ക് അനിവാര്യം


വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് പൗരോഹിത്യകൂട്ടായ്മയുടെ സമൂഹബലിയര്‍പ്പിച്ചു. തൈലാശീര്‍വാദകര്‍മ്മവും നിര്‍വ്വഹിച്ചു.

ഏപ്രില്‍ 13-Ɔ൦ തിയതിപ്രാദേശിക സമയം രാവിലെ 9.30-നായിരുന്നു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പെസഹാവ്യാഴത്തിന്‍റെ തിരുക്കര്‍മ്മങ്ങള്‍ പാപ്പാ അനുഷ്ഠിച്ചത്. ദൈവവചനത്തിന്‍റെ സന്തോഷപൂര്‍ണ്ണരായ സംവാഹകരാകണം വൈദികരെന്ന് ദിവ്യബലിമദ്ധ്യേ പാപ്പാ ഉദ്ബോധിപ്പിച്ചു.

സദ്വാര്‍ത്തയുടെ പ്രഘോഷകരാണ് വൈദികര്‍. പ്രേഷിതജോലിയില്‍ പ്രകടമാക്കേണ്ടത് സഹതാപമല്ല, മറിച്ച് പാപികളെയും വേദനിക്കുന്നവരെയും കൈപിടിച്ച് ഉയര്‍ത്തുന്ന ജീവിത ശൈലിയായിരിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. സുവിശേഷത്തിന്‍റെ സന്തോഷമാണ് സഭ പ്രഘോഷിക്കേണ്ട സദ്വാര്‍ത്ത. കാരണം സുവിശേഷത്തിന്‍റെ സത്ത ആനന്ദമാണ്. സന്തോഷദായകവും ആശ്വാസപൂര്‍ണ്ണവുമാകേണ്ട സുവിശേഷപ്രഘോഷണം സഭയുടെ പ്രേഷിതദൗത്യമാണ്.  ഈ ദൗത്യവാഹകര്‍ കര്‍ത്താവിന്‍റെ അരൂപിയാല്‍ അഭിഷിക്തരാണ്.

ക്രിസ്തുവിന്‍റെ പൗരോഹിത്യാഭിഷേകം മറിയത്തിന്‍റെ ഉദരത്തില്‍ ആയിരുന്നപ്പോള്‍ത്തന്നെ പരിശുദ്ധാത്മാവിനാല്‍ പൂരിതമായി. നസ്രത്തിലെ സിനഗോഗില്‍ വീണ്ടും കര്‍ത്താവിന്‍റെ അരൂപിയാല്‍ ക്രിസ്തു പ്രചോദിതനായി. അങ്ങനെ അവിടുത്തെ പരസ്യജീവിതം സുവിശേഷാനന്ദത്താല്‍ നിറയ്ക്കപ്പെട്ടു. സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍, അവിടുന്ന് ആനന്ദതൈലത്താല്‍ അഭിഷിക്തനായി (സങ്കീ. 45, 8). സുവിശേഷസന്തോഷം നവമായ തോല്‍ക്കുടങ്ങളില്‍ സംഭരിക്കപ്പെടേണ്ടതാണ്. അങ്ങനെ സദ്വാര്‍ത്ത സുരക്ഷിതമാക്കപ്പെടുകയും, നവമായ ശൈലിയില്‍ എവിടെയും പാരിരക്ഷിക്കപ്പെടുകയുംവേണം, സംരക്ഷിക്കപ്പെടണം. മാത്രമല്ല അത് പങ്കുവയ്ക്കപ്പെടണം.

കാനായിലെ സമൃദ്ധിയുടെ കല്‍ഭരണികള്‍ സദ്വാര്‍ത്തയുടെ ആദ്യത്തെ പ്രതീകങ്ങളാണ്. അത് കന്യകാനാഥയുടെ സുവിശേഷ വ്യക്തിത്വത്തിന്‍റെ നിറവുമാണ്. പാത്രത്തിന്‍റെ വക്കുവരെ നിറയ്ക്കപ്പെട്ട സമൃദ്ധിയാണ് സുവിശേഷത്തില്‍ നാം കാണുന്നത് (യോഹ. 2, 7). സുവിശേഷ സന്തോഷം നിറ‍ഞ്ഞു തുളുമ്പുന്ന കൃപാപൂര്‍ണ്ണമായ വ്യക്തിത്ത്വം മറിയത്തിന്‍റേതാണ്. അതുപോലെ ഓരോ വൈദികനും പ്രേഷിതനും തന്‍റെ വ്യക്തിത്വത്തിന്‍റെ നിറവാര്‍ന്ന സന്തോഷത്താല്‍ സുവിശേഷ പ്രഘോഷകരാകേണ്ടവരാണ്.

നട്ടുച്ചനേരത്ത് കാനാനയക്കാരി സ്ത്രീ ശിരസ്സിലേറ്റി വന്ന ജലപ്പാത്രമാണ് ക്രിസ്തുവിന് പിന്നീട് ദാഹം ശമിപ്പിക്കുന്ന ജീവജലത്തിന്‍റെ സ്രോതസ്സായിത്തീര്‍ന്നത്. ഇത് സുവിശേഷസ്രോതസ്സിന്‍റെ രണ്ടാമത്തെ പ്രതീകമാണ്. അവളുടെ പാപങ്ങളുടെ കൂമ്പാരം ക്രിസ്തുവിന്‍റെ മുന്നില്‍ ചൊരിയപ്പെട്ടതുകൊണ്ടാണ് അവള്‍ തുറവോടും നവമായ ചൈതന്യത്തോടുംകൂടെ ജീവജലം നുകരാന്‍ ഒരുങ്ങിയത്. കാരുണ്യത്തോടെ സമറിയക്കാരിയുടെ ഹൃദയം തുറന്ന ക്രിസ്തു അവളിലൂടെ ആ ദൈവികപ്രഭ സമേറിയ ഗ്രാമം മുഴുവനും ചൊരിയാന്‍ ഇടയാക്കി.

സുവിശേഷ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും മൂന്നാമത്തെ സ്രോതസ്സായി മാറുന്നത്, കുരിശില്‍ കുത്തിത്തുറക്കപ്പെട്ട ക്രിസ്തുവിന്‍റെ തിരുവിലാവാണ്. ക്രിസ്തുവിന്‍റെ വിനീതവും ദരിദ്രവും എളിമയുള്ളതുമായ വ്യക്തിത്വത്തിന്‍റെ പ്രതീകമാണ് മുറിപ്പെട്ട തിരുഹൃദയം. അങ്ങനെ സുവിശേഷസ്നേഹവും സന്തോഷവും പ്രഘോഷിക്കാന്‍ ക്രിസ്തുവിന്‍റേതുപോലൊരു വിനായാന്വിതമായ വ്യക്തിത്ത്വവും ഉള്‍ക്കാഴ്ചയും വേണമെന്ന വസ്തുതയും ഇവിടെ വ്യക്തമാക്കപ്പെടുകയാണ്.

തിന്മയുടെ ശക്തികളാല്‍ ബന്ധിതരും, പാപത്താല്‍ പീഡിതരും, ദാരിദ്ര്യത്താല്‍ ക്ലേശിതരുമായവര്‍ക്ക് സമഗ്രവിമോചനത്തിന്‍റെ സുവിശേഷം ലഭ്യമാക്കാന്‍ ഈ ഹൃദയലാളിത്യത്തിന്‍റെ സമഗ്രത അനിവാര്യമാണെന്ന് ക്രൂശിതനായ ക്രിസ്തു നമ്മെ പെസഹാനാളില്‍ ഉദ്ബോധിപ്പിക്കുന്നു.








All the contents on this site are copyrighted ©.