2017-04-12 18:26:00

“കുടുംബങ്ങളിലെ സ്നേഹമാണ് രോഗികള്‍ക്കുള്ള ഏറ്റവും നല്ലമരുന്ന്...!”


രോഗികള്‍ക്കുള്ള ഏറ്റവും നല്ല മരുന്ന് കുടുംബങ്ങളിലെ സ്നേഹമാണെന്ന്  പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  5-നും 18-നും ഇടയ്ക്കു വയസ്സ് പ്രായമുള്ളവരും മാരകമായ രോഗങ്ങളുടെ പിടിയില്‍നിന്ന് മോചിതരാവുകയും ചെയ്ത 12 കുട്ടികളെയും, അവരുടെ മാതാപിതാക്കളെയും, ചികിത്സിച്ച ഡോക്ടര്‍മാരെയും പരിചാരകരെയും  ഏപ്രില്‍ 11-Ɔ൦ തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു. നീണ്ട ചികിത്സയ്ക്കുശേഷം സുഖപ്രാപ്തിയുടെ ഫലങ്ങള്‍ അനുഭവിക്കുന്ന കുട്ടികളുടെ സാക്ഷ്യം ശ്രവിച്ചശേഷം പാപ്പാ ഫ്രാന്‍സിസ് അവര്‍ക്കു നല്കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗം ചുവടെ ചേര്‍ക്കുന്നു :

ചികിത്സാ സൗകര്യങ്ങളും സമ്പദായങ്ങളും ഇന്ന് ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. വിലപിടിപ്പുള്ളതും ഫലദായകവുമായ ഔഷധങ്ങളും വൈദ്യശാസ്ത്ര വിദഗ്ദ്ധരും എവിടെയും ലഭ്യമാണ്. എന്നാല്‍ കുടുംബങ്ങളിലുള്ളവര്‍  നല്കുന്ന സ്നേഹവും സാന്ത്വനവുമായിരിക്കും സൗഖ്യദാനത്തിനുള്ള ഏറ്റവും നല്ല ഔഷധം. പാപ്പാ ആഹ്വാനംചെയ്തു. കുട്ടികളിലെ രോഗങ്ങള്‍ മാരകമായിരിക്കാം. അവര്‍ അനുഭവിക്കുന്ന വൈകല്യങ്ങള്‍ ചിലപ്പോള്‍ ചികിത്സയ്ക്ക് അതീതവുമായിരിക്കാം. എന്നാല്‍ കുടുംബങ്ങളിലുള്ളവരും അവരെ സഹായിക്കുന്നവരും അവരെ അടുത്തു പിന്‍ചെല്ലുകയും, സ്നേഹവും സാന്ത്വനവും അവരുമായി പങ്കുവയ്ക്കുകയും ചെയ്യുകയാണെങ്കില്‍, നിഷേധാത്മകമായ ജീവിതാവസ്ഥയെയും ശാരീരികാലസ്യങ്ങളുടെ വെല്ലുവിളികളെയും നേരിടാന്‍ അവര്‍ക്ക് എളുപ്പിത്തില്‍ സാധിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

റോമിലെ ‘ജേസു ബംബീനോ’ എന്ന കുട്ടികളുടെ ആശുപത്രിയില്‍  സുഖംപ്രാപിച്ച വിവിധ ദേശക്കാരും പ്രായക്കാരുമായ 12 കുട്ടികളായിരുന്നു. അവരാണ് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കായി വത്തിക്കാനില്‍ എത്തിയത്. ദീര്‍ഘനാളത്തെ ചികിത്സയിലൂടെ മാരകമായ രോഗങ്ങളെ അതിജീവിച്ചവരായിരുന്നു അവര്‍. ‘ജേസു ബംബീനോ പീഡിയാട്രിക്’ (Paediatric Hospital of Gesu Bambino) ആശുപത്രിയില്‍ ലഭിച്ച നല്ല ചികിത്സയും, അതിലേറെ അവര്‍ക്കു കിട്ടിയ നല്ല പരിചരണവും, മാതാപിതാക്കളുടെയും ഡോക്ടര്‍മാരുടെയും സ്നേഹവാത്സല്യങ്ങളുമാണ് വേദനയെല്ലാം ക്ഷമയോടെ ഉള്‍ക്കൊള്ളാനും മറികടക്കാനും കരുത്തുനല്കിയതെന്ന് കുട്ടികള്‍ പങ്കുവച്ചു.

അത്യപൂര്‍വ്വമായ രോഗങ്ങളെ മറികടന്ന ഈ കുട്ടികളെല്ലാം തങ്ങളുടെ ജീവിതാനുഭവം ഇറ്റാലിയന്‍ ടെലിവിഷന്‍ ‘റായി’യുടെ മൂന്നാമത്തെ ചാനലില്‍ (Rai 3-യില്‍) പങ്കുവച്ചതിനുശേഷമാണ് പാപ്പായെ കാണാന്‍ എത്തിയത്. കുട്ടികള്‍ക്കായുള്ള ജേസു ബംബീനോ ആശുപത്രിയുടെ പ്രസിഡന്‍റ് - മരിയേലാ ഈനോക്ക്, ഇറ്റാലിയന്‍ ടെലിവിഷന്‍ കമ്പനി, റായിയുടെ ഡയറക്ടര്‍ ജനറള്‍ - അന്തോണിയോ കാമ്പോ എന്നീ വിശിഷ്ടവ്യക്തികളും കുട്ടികള്‍ക്കൊപ്പം പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക്  സന്നിഹിതരായിരുന്നു.








All the contents on this site are copyrighted ©.