2017-04-12 10:29:00

സാന്ത്വനത്തിന്‍റെ ആശ്ലേഷവുമായി പാപ്പാ ഫ്രാന്‍സിസ് ഈജിപ്ത് സന്ദര്‍ശിക്കും


ഈജിപ്തിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക സന്ദര്‍ശം സാന്ത്വനത്തിന്‍റെ ആശ്ലേഷമാകുമെന്ന്, പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് (Prefect of the Congregation for Oriental Rites), കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി പ്രസ്താവിച്ചു. ഏപ്രില്‍ 11-Ɔ൦ തിയതി തിങ്കളാഴ്ച വത്തിക്കാന്‍റെ ദിനപത്രം, ‘ലൊസര്‍വത്തോരെ റൊമാനോ’യ്ക്കു (L’Osservatore Romano) നല്കിയ അഭിമുഖത്തിലാണ് ഏപ്രില്‍ 28, 29 വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുവാന്‍ പോകുന്ന അപ്പസ്തോലിക സന്ദര്‍ശനത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ സാന്ദ്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഏപ്രില്‍ 8-Ɔ൦ തിയതി ഓശാന ഞായര്‍ദിനത്തില്‍ കെയിറോയിലെ കോപ്റ്റിക് ദേവാലയത്തില്‍ നടന്ന ബോംബാക്രണത്തിനു ശേഷവും വത്തിക്കാന്‍ സ്ഥിരീകരിച്ച പാപ്പായുടെ ഈ സന്ദര്‍ശനം സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും സ്നേഹസമീപ്യമാകുമെന്നു കര്‍ദ്ദിനാള്‍ സാന്ദ്രി വിശേഷിപ്പിച്ചു. അത് മതമൈത്രിയുടെയും ക്രൈസ്തവൈക്യത്തിന്‍റെയും സമാധാനപാത തെളിയിക്കുമെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി സാക്ഷ്യപ്പെടുത്തി. കെയിറോയിലെ കോപ്റ്റിക് ദേവാലയത്തില്‍ ഓശാന ഞായര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും അനേകര്‍ മുറിപ്പെടുകയും ചെയ്തു.

ഇക്കഴിഞ്ഞ ഓശാന ഞായര്‍ ദിനത്തില്‍ ഈജിപ്തിലെ ആബാലവൃന്ദം ജനങ്ങള്‍ ഉയര്‍ത്തിയ കുരുത്തോലകള്‍ ഭീകരാക്രമണത്തില്‍ രക്തപങ്കിലമായി. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ ആഗോളതലവനായ പാത്രിയര്‍ക്കിസ് തവാദ്രോസ് പ്രസ്താവിച്ചതുപോലെ, ബോംബാക്രമണത്തില്‍ മരിച്ച ക്രൈസ്തവമക്കളെ രക്തസാക്ഷികളായിട്ടാണ് അടക്കംചെയ്തത്. രക്തസാക്ഷികളുടെ സ്വര്‍ഗ്ഗീയവൃന്ദം ഈജിപ്തിനുവേണ്ടി മാദ്ധ്യസ്ഥംവഹിക്കും.

ഈജിപ്തിനെ കീറിമുറിച്ച അടുത്തകാലത്തെ നാടകീയമായ സംഭവങ്ങള്‍ക്കിടയിലും പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക സന്ദര്‍ശനം ഒരു പ്രവാചകചിഹ്നമാണ്. അവിടുത്തെ ക്രൈസ്തവമക്കളെ വിശ്വാസത്തില്‍ ബലപ്പെടുത്തുന്നതിനും, അവരെ ഐക്യത്തിലും സമാധാനത്തിലും വളര്‍ത്തുന്നതിനും പോരുന്നതാണ് ഈ പ്രേഷിത സന്ദര്‍ശനമെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി അഭിപ്രായപ്പെട്ടു.

ഈജിപ്തിലെ മാരൊനൈറ്റ്, കാല്‍ഡിയന്‍, അര്‍മേനിയന്‍, സീറിയന്‍, ലാറ്റിന്‍ സഭാമക്കളെ വിശ്വാസത്തില്‍ ഊട്ടിയുറപ്പിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം അവിടത്തെ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് താവാദ്രോസ് ദ്വിതിയനുമായുള്ള സാഹോദര്യാശ്ലേഷത്തിന്‍റെയും പ്രകടനമായിരിക്കുമെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി ചൂണ്ടിക്കാട്ടി. റോമില്‍ വന്ന് പാപ്പാ ഫ്രാന്‍സിസിനെ സന്ദര്‍ശിക്കുകയും ഈജിപ്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിട്ടുള്ള പാത്രിയര്‍ക്കിസ് താവാദ്രോസുമായി ക്രിസ്തുവിലുള്ള സാഹോദര്യക്കൂട്ടായ്മയെ ദൃഢപ്പെടുത്തുന്നതാണ് ഈ സന്ദര്‍ശനം.

 പതിവുപോലെ ലോകമെമ്പാടുമുള്ള കത്തോലിക്കാ ദേവാലയങ്ങളില്‍ ഈ വര്‍ഷവും  ദുഃഖവെള്ളിയാഴ്ച കുരിശാരാധനയുടെ സമയത്ത് എടുക്കുന്ന  സ്തോത്രക്കാഴ്ച മദ്ധ്യപൂര്‍വ്വദേശത്തെ, വിശിഷ്യാ വിശുദ്ധനാട്ടിലെ വിശ്വാസ സ്ഥാനങ്ങളുടെ സംരക്ഷണയ്ക്കായി ഉപയോഗിക്കുമെന്ന കാര്യവും കര്‍ദ്ദിനാള്‍ സാന്ദ്രി ഈജിപ്ത് അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ എടുത്തുപറഞ്ഞു.

Cf. L’Osservatore Romano, 10 April 2017, Interview Cardinal Leonardo Sandri, Prefect of the Congregation for Oriental Rites.








All the contents on this site are copyrighted ©.