2017-04-12 13:26:00

കുരിശില്‍ നിന്നു നാമ്പെടുക്കുന്ന പ്രത്യാശ


ഓശാന ഞായറാഴ്ചയോടെ ആരംഭിച്ച വിശുദ്ധവാരത്തിലെ ഈ ബുധനാഴ്ച  (12/04/17) അര്‍ക്കാംശുക്കളാല്‍ പ്രശോഭിതമായിരുന്ന വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍  ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടുക്കാഴ്ച അനുവദിച്ചു. വിശുദ്ധവാരമായതിനാലും നല്ല കാലാവസ്ഥ അനുഭവപ്പെടുന്നതിനാലും റോമിലേക്കുള്ള തീര്‍ത്ഥാടകരുടെ പ്രവാഹം വര്‍ദ്ധിച്ചിരിക്കുന്നത് പൊതുദര്‍ശനത്തിനെത്തിയിരുന്നവരുടെ എണ്ണത്തിലും തെളിഞ്ഞുകാണാമായിരുന്നു. കൂടിക്കാഴ്ചയ്ക്കായി വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലേക്കു പാപ്പാ പ്രവേശിച്ചപ്പോള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരുടെ സന്തോഷം കരഘോഷങ്ങളാലും ഗാനാലാപനങ്ങളാലും ആരവങ്ങളാലും ആവിഷ്കൃതമായി.വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചെയ്തു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍ അതില്‍നിന്ന് ഇറങ്ങിയ ഫ്രാന്‍സീസ് പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. 25 തന്‍റെ ജീവനെ സ്നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ീ ലോകത്തില്‍ തന്‍റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും” (യോഹന്നാന്‍ 12,24-25)

ഈ സുവിശേഷഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് താന്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. “ലോകത്തിന്‍റെ പ്രത്യാശയും കുരിശിന്‍റെ പ്രത്യാശയും” എന്നതായിരുന്നു പാപ്പായുടെ വിചിന്തനപ്രമേയം..

പ്രഭാഷണസംഗ്രഹം :

 ശുഭദിനാശംസയോടെ തന്‍റെ പ്രഭാഷണത്തിന് തുടക്കം കുറിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു:             

കഴിഞ്ഞ ഞായറാഴ്ച നമ്മള്‍ ശിഷ്യന്മാരുടെയും ജനസഞ്ചയത്തിന്‍റെയും  ആഹ്ലാദാരവങ്ങളോടെയുള്ള യേശുവിന്‍റെ ജറുസലേം പ്രവേശത്തിന്‍റെ ഓര്‍മ്മ  ആചരിച്ചു. ആ ജനത യേശുവില്‍ ഏറെ പ്രതീക്ഷവച്ചു. അനേകര്‍ അവിടന്നില്‍ നിന്ന് അത്ഭുതങ്ങളും വലിയ അടയാളങ്ങളും അവിടത്തെ ശക്തിയുടെ ആവിഷ്കാരങ്ങളും ആധിപത്യമുറപ്പിക്കുന്ന ശത്രുക്കളില്‍നിന്നുള്ള മോചനം പോലും പ്രതീക്ഷിച്ചിരുന്നു. യേശു അല്പസമയത്തിനുള്ളില്‍ നിന്ദിതനാകുകയും വിധിക്കപ്പെടുകയും കുരിശില്‍ വധിക്കപ്പെടുകയും ചെയ്യുമെന്ന് അവരിലാരെങ്കിലും ചിന്തിച്ചുകാണുമൊ? ആ ജനതയുടെ ഭൗമിക പ്രതീക്ഷകള്‍ കുരിശിനുമുന്നില്‍ തകര്‍ന്നടിഞ്ഞു. എന്നാല്‍ നാം വിശ്വസിക്കുന്നു കുരിശിലാണ് നമ്മുടെ പ്രത്യാശ പുനര്‍ജനിച്ചത് എന്ന്. ഭൗമിക പ്രത്യാശകള്‍ കുരിശിനുമുന്നില്‍ തകരുമ്പോള്‍ പുതിയ പ്രതീക്ഷകള്‍ നാമ്പെടുക്കുന്നു, അവ ശാശ്വതങ്ങളാണ്. കുരിശില്‍ നിന്ന് പിറവിയെടുക്കുന്ന പ്രത്യാശ വ്യതിരിക്തമാണ്. ലോകത്തിന്‍റേതില്‍ നിന്ന്, തകര്‍ന്നടിയുന്ന പ്രത്യാശയില്‍ നിന്ന് വിഭിന്നമാണ് അത്. എപ്രകാരമുള്ള പ്രത്യാശയാണ് അത്?.

അതു ഗ്രഹിക്കുന്നതിന് നമ്മെ സഹായിക്കാന്‍ കഴിയുക ജറുസലേമില്‍ പ്രവേശിച്ചതിനുശേഷം യേശു പറയുന്ന വാക്കുകള്‍ക്കാണ്.” ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപിടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.” (യോഹന്നാന്‍ 12,24) നിലത്തു വീഴുന്ന ഗോതമ്പുമണിയെയൊ, ഒരു ചെറിയ വിത്തിനെയൊ കുറിച്ചൊന്നു ചിന്തിച്ചു നോക്കാം. അത് അതേപടി അടഞ്ഞിരുന്നാല്‍ ഒന്നും സംഭവിക്കില്ല. എന്നാല്‍ അതു തുറക്കപ്പെടുമ്പോള്‍ പിന്നീട് ഫലം പുറപ്പെടുവിക്കുന്ന ഒരു ചെടിയായിത്തീരുന്ന ഒരു മുകുളത്തിന്, തൈക്ക് ജന്മമേകുന്നു.

യേശു ലോകത്തില്‍ പുതിയൊരു പ്രത്യാശ കൊണ്ടുവന്നു.  ഒരു വിത്തിന്‍റെ   ശൈലിയിലാണ് അവിടന്നതു ചെയ്തത്. ധാന്യമണി പോലെ ചെറുതായി, വളരെ ചറുതായി, അവിടന്ന്. നമ്മുടെ ഇടയിലേക്കു വരുന്നതിന് അവിടന്ന് സ്വര്‍ഗ്ഗീയ മഹത്വം വെടിഞ്ഞു, മണ്ണിലേക്കു വീണു. അതു മാത്രം മതിയാകുമായിരുന്നില്ല.  ഫലം പുറപ്പെടുവിക്കുന്നതിന് യേശു മണ്ണിനടിയില്‍ കിടക്കുന്ന വിത്തെന്നപോലെ മരണത്താല്‍ മുറിക്കപ്പെടാന്‍ സ്വയം അനുവദിച്ചുകൊണ്ട് സ്നേഹം അതിന്‍റെ ആഴത്തില്‍ ജീവിച്ചു. സ്വയം താഴ്ത്തലിന്‍റെ അങ്ങേയറ്റവും സ്നേഹത്തിന്‍റെ ശൃംഗവുമായ ആ ബിന്ദുവില്‍ പ്രത്യാശ തളിരിട്ടു. പ്രത്യാശ എങ്ങനെ ജന്മംകൊള്ളുന്നു എന്നു നിങ്ങളാരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും കുരിശില്‍ നിന്നാണെന്ന്. കുരിശിനെ നോക്കൂ, ക്രൂശിതനെ നോക്കൂ,  അവിടെനിന്ന് നിന്നിലെത്തും ഒരിക്കലും മാഞ്ഞുപോകാത്ത പ്രത്യാശ. സ്നേഹത്തിന്‍റെ ശക്തിയാല്‍ തളിരിട്ട പ്രത്യാശയാണത്. എന്തെന്നാല്‍ സ്നേഹം “സകലതും പ്രത്യാശിക്കുന്നു, സകലതും സഹിക്കുന്നു” (1 കോറിന്തോസ് 13,7) ദൈവത്തിന്‍റെ ജീവനായ സ്നേഹം അതു പ്രാപിച്ചതിനെയെല്ലാം നവീകരിച്ചു. അങ്ങനെ പെസഹായില്‍ യേശു നമ്മുടെ പാപങ്ങളെ സ്വയം ഏറ്റെടുത്ത് അവയെ മാപ്പായി രൂപാന്തരപ്പെടുത്തി. പ്രത്യാശ സകലത്തെയും ഉല്ലംഘിക്കുന്നു, കാരണം അത്, മണ്ണില്‍ വീണ ഒരു ധാന്യമണിയെപ്പോലെ ആയിത്തീരുകയും ജീവനേകുന്നതിന് മരണമടയുകയും ചെയ്ത യേശുവിന്‍റെ സ്നേഹത്തില്‍ നിന്ന് ജന്മംകൊള്ളുന്നതാണ്.

തിന്മയെ ജയിക്കുന്നതിനും ലോകത്തിന് പ്രത്യാശ പകരുന്നതിനും മറ്റൊരു വഴിയില്ല. ഇത് നഷ്ടപ്പെടലിന്‍റെ .യുക്തിയാണെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. അങ്ങനെ തോന്നാം, കാരണം സ്നേഹിക്കുന്നവന് ശക്തി നഷ്ടപ്പെടുന്നു. അതു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? സ്നേഹിക്കുന്നവന് ശക്തി നഷ്ടപ്പെടുന്നു, ദാനം ചെയ്യുന്നവന്‍ എന്തെങ്കിലും ത്യജിക്കുന്നു. സ്നേഹിക്കുക എന്നത് ഒരു ദാനമാണ്. വാസ്തവത്തില്‍ അഴിയുന്ന വിത്തിന്‍റെയും എളിയ സ്നേഹത്തിന്‍റെയും യുക്തി ദൈവത്തിന്‍റെ  വഴിയാണ്, അതിനു മാത്രമേ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കുകയുള്ളു. തന്നെത്തന്നെ സ്നേഹിക്കുന്നവനും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി ജീവിക്കുന്നവനും അവന്‍റെ   അഹത്താല്‍ വീര്‍ക്കുകയും സ്വയം നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത്. എന്നാല്‍ അപരനെ സ്വീകരിക്കുകയും സേവിക്കുകയും ചെയ്യുന്നവന്‍ ദൈവത്തിന്‍റെ ശൈലി അവലംബിക്കുകയാണ്. അവന്‍ ജയിക്കുന്നു, തന്നെത്തന്നെയും മറ്റുള്ളവരെയും രക്ഷിക്കുകയും ചെയ്യുന്നു. ലോകത്തിന് പ്രത്യാശയുടെ വിത്തായിത്തീരുകയും ചെയ്യുന്നു. മറ്റുള്ളവരെ സഹായിക്കുകയും സേവിക്കുകയും ചെയ്യുക എത്ര മനോഹരം. ഒരു പക്ഷേ നമുക്ക് തളര്‍ച്ച അനുഭവപ്പടാം. എന്നാല്‍ ജീവിതം അങ്ങനെയാണ്, ഹൃദയം ആനന്ദത്താലും പ്രത്യാശയാലും നിറയും. സേവിക്കുക, നല്കുക - ഇതാണ് സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും കൂട്ടായ്മ.

ജീവന്‍ ദാനം ചെയ്യുകയാണ് അത് അവകാശമാക്കി വയ്ക്കുകയല്ല , ഇതാണ് ഒരമ്മ ചെയ്യുന്നത്, ജീവനേകുന്ന വേളയില്‍ അവള്‍ വേദനിക്കുന്നു, എന്നാല്‍ പിന്നീട് ആനന്ദിക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരേ, ഈ ദിനങ്ങളില്‍, സ്നേഹത്തിന്‍റെ ഈ ദിനങ്ങളില്‍ നമുക്ക് ഒരു ധാന്യമണിയെന്നപോലെ, മരണം വരിച്ചുകൊണ്ട് നമുക്ക് ജീവന്‍ പ്രദാനം ചെയ്ത യേശുവിന്‍റെ രഹസ്യത്താല്‍ ആവരണം ചെയ്യപ്പെടാന്‍ നമ്മെത്തന്നെ അനുവദിക്കാം. നമുക്കിപ്പോള്‍ കുരിശിനെ ധ്യാനിക്കാം, ക്രൂശിതനായ യേശവിനോട് നമുക്ക് ഒത്തൊരുമിച്ചു മൂന്നു പ്രാവശ്യം ഇപ്രകാരം ആവര്‍ത്തിക്കാം: അങ്ങാണ് എന്‍റെ പ്രത്യാശ, അങ്ങാണ് എന്‍റെ പ്രത്യാശ, അങ്ങാണ് എന്‍റെ പ്രാത്യാശ. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.പതിവുപോലെ, പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.