2017-04-07 13:27:00

പൗരന്മാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുക മുഖ്യദൗത്യം


സിറിയയില്‍ അരങ്ങേറുന്നതുപോലുള്ള ആഭ്യന്തരയുദ്ധത്തിന്‍റെ അവസരങ്ങളില്‍ പൗരന്മാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുക രാഷ്ട്രത്തിന്‍റെ അധികാരികളുടെ മുഖ്യദൗത്യമാണെന്ന് അന്നാട്ടിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് മാരിയൊ ത്സെനാറി.

സിറിയയില്‍ വിമതരുടെ ആധിപത്യത്തിലുള്ള ഇഡ്ലിബ് പ്രദേശത്ത് ചൊവ്വാഴ്ച(04/04/17) നടന്ന രാസായുധ പ്രയോഗം കുട്ടികളുള്‍പ്പടെ അനേകം നിരപരാധികളുടെ ദാരുണ മരണത്തിനിടയാക്കിയ നിഷ്ഠൂരസംഭവത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു ചൂണ്ടിക്കാട്ടിയത്.

കുട്ടികളുള്‍പ്പടെ നിരപരാധികള്‍ വധിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അന്താരാഷ്‌ട്ര സമൂഹത്തിനുള്ള ഗൗരവതരമായ കടമയും ആര്‍ച്ചുബിഷപ്പ് മാരിയൊ ത്സെനാറി എടുത്തുകാട്ടി.

പൗരജനത്തെ സംരക്ഷിക്കുകയെന്നത് അന്താരാഷ്ട്ര ജീവകാരുണ്യപ്രവര്‍ത്തനത്തിന്‍റെ  മൗലിക തത്വങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ഐക്യനാടുകള്‍ സിറിയയിലെ ഷായിരത് വ്യോമതാവളത്തിനു നേര്‍ക്ക് വ്യാഴാഴ്ച(06/04/17) രാത്രി നടത്തിയ കനത്ത മിസൈല്‍ ആക്രമണങ്ങള്‍ക്കെതിരെയും ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

സിറിയയില്‍ 2011 മാര്‍ച്ച് പകുതിയോടെ ആരംഭിച്ച സായുധ സംഘര്‍ഷങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരുടെ സംഖ്യ 470000 വരും. ഇവരില്‍ 55000 കുട്ടികളാണ്.








All the contents on this site are copyrighted ©.