2017-04-07 13:06:00

പെസഹാവ്യാഴം- പാദക്ഷാളന ശുശ്രൂഷ "പലിയാനൊ" കാരാഗൃഹത്തില്‍


പാപ്പാ പെസഹാവ്യാഴാഴ്ചത്തെ കാല്‍കഴുകല്‍ ശുശ്രൂഷയുള്‍പ്പടെയുള്ള അന്ത്യഅത്താഴ തിരുക്കര്‍മ്മങ്ങള്‍ റോമിനു പുറത്തുള്ള പലിയാനൊ കാരാഗൃഹത്തില്‍ നയിക്കും.

വത്തിക്കാനില്‍ നിന്ന് അമ്പതോളം കിലോമീറ്റര്‍ അകലെ, തെക്കുമാറി, ഫ്രോസിനൊണെ പ്രവിശ്യയില്‍ പലെസ്ത്രീന രൂപതാതിര്‍ത്തിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന പലിയാനൊ തടവുകേന്ദ്രത്തില്‍ പതിമൂന്നാം തിയതി, പെസഹാവ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാന്‍സീസ് പാപ്പാ എത്തിച്ചേരും.

അവിടെ തിരുവത്താഴപൂജയര്‍പ്പിക്കുന്ന പാപ്പാ പാദക്ഷാളന ശുശ്രൂഷാവേളയില്‍ ഏതാനും തടവുകാരുടെ കാലുകള്‍ കഴുകും.

2013 ല്‍ റോമിലെ “കസാല്‍ ദെല്‍ മാര്‍മൊ”യില്‍ കുട്ടികള്‍ക്കായുള്ള തടവുകേന്ദ്രത്തിലും, 2014 ല്‍ അംഗവൈകല്യം സംഭവിച്ചവര്‍ക്കായി, റോമില്‍, പരിപാലനയുടെ പരിശുദ്ധ മറിയത്തിന്‍റെ നാമത്തിലുള്ള കേന്ദ്രത്തിലും 2015 ല്‍ റോമിലെ റെബീബിയയിലുള്ള കാരാഗൃഹത്തിലും 2016 ല്‍,  റോമിനു പുറത്ത്, കാസ്തെല്‍ നുവോവൊ ദി പോര്‍ത്തൊയില്‍ സ്ഥിതിചെയ്യുന്ന  അഭയാര്‍ത്ഥികള്‍ക്കായുള്ള കേന്ദ്രത്തിലും ആയിരുന്നു ഫ്രാന്‍സീസ് പാപ്പ പെസഹാവ്യാഴാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ നയിച്ചത്.  








All the contents on this site are copyrighted ©.