2017-04-06 13:13:00

സിറിയയ്ക്കുവേണ്ടി സമാധാനാഭ്യര്‍ത്ഥന


സിറിയയില്‍ അവിരാമം തുടരുന്ന ആക്രമണങ്ങള്‍ക്ക് അറുതിവരുത്തുന്നതിന് എല്ലാ മാര്‍ഗ്ഗങ്ങളും ആരായാന്‍  പരിശുദ്ധസിംഹാസാനം ബന്ധപ്പെട്ടവരെ ആഹ്വാനം ചെയ്യുന്നു.

സിറിയയുടെ ഭാഗധേയത്തെ അധികരിച്ച് ബല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബ്രസ്സല്‍സില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്രസമ്മേളനത്തില്‍ പരിശുദ്ധസിംഹാസനത്തെ പ്രതിനിധാനം ചെയ്ത വത്തിക്കാന്‍റെ വിദേശബന്ധകാര്യങ്ങള്‍ക്കായുള്ള വിഭാഗത്തിന്‍റെ  കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ ഗാല്ലഗെര്‍ ബുധനാഴ്ച(05/04/17) സമ്മേളനത്തെ സംബോധനചെയ്യുകയായിരുന്നു.

സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായുള്ള ഗൗരവതരമായ ചര്‍ച്ചകള്‍ക്ക്  പ്രചോദനമേകുന്ന എല്ലാ ശ്രമങ്ങളും നടത്താന്‍ ഫ്രാന്‍സീസ് പാപ്പാ അന്താരാഷ്ട്രസമുഹങ്ങളോടു നടത്തിയ അഭ്യര്‍ത്ഥന അദ്ദേഹം തദ്ദവസരത്തില്‍ ആവര്‍ത്തിച്ചു.

സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങള്‍ അന്താരാഷ്ട്ര മാനവിക നിയമങ്ങള‍്ക്കും മുന്‍തൂക്കം നല്കണമെന്നും പൗരന്മാരുടെ സംരക്ഷണവും ആവശ്യമായി സഹായവും ഉറപ്പുവരുത്തണമെന്നും ആര്‍ച്ചുബിഷപ്പ് പോള്‍ ഗാല്ലഗെര്‍ ഓര്‍മ്മിപ്പിച്ചു.

കുട്ടികളുള്‍പ്പടെ 60 ഓളം പേരുടെ ജീവനെടുത്ത രാസായുധപ്രയോഗ ദുരന്തം സിറിയയില്‍, വിമത നിയന്ത്രണത്തിലുള്ള ഇഡ്ലിബ് പ്രവിശ്യയില്‍ ചൊവ്വാഴ്ച(04/03/17) ഉണ്ടായ പശ്ചാത്തലത്തില്‍, ഞെട്ടലുളവാക്കിയ ആ നിഷ്ഠൂരതയെ ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ചത്തെ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ ശക്തമായി അപലപിച്ചിരുന്നു.








All the contents on this site are copyrighted ©.