2017-04-06 12:56:00

സമാധാനസരണി ആയാസകരം, അക്രമത്തിനെതിരെ അധികൃത ഉത്തരം


സമാധനത്തിന്‍റെ സരണിയില്‍ ചരിക്കുക ആയസകരമാണെങ്കിലും അതാണ് അക്രമത്തിനെതിരായ അധികൃത ഉത്തരം എന്ന് മാര്‍പ്പാപ്പാ.

അമേരിക്കന്‍ ഐക്യനാടുകളിലെ ചിക്കാഗൊ അതിരൂപത നടത്തുന്ന അഹിംസാപ്രചാരണ പരിപാടിയ്ക്ക് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബ്ലെയ്സ് ജോസഫ് കപിച്ചിനയച്ച കത്തിലാണ് ഈ പ്രസ്താവനയുള്ളത്.

അക്രമബാധിത പ്രദേശങ്ങളില്‍ ദുഃഖവെള്ളിയാഴ്ച സമാധാനയാത്ര നടത്താന്‍ കര്‍ദ്ദിനാള്‍ ബ്ലെയ്സ് സന്മനസ്സുള്ള സകലരേയും ക്ഷണിച്ചിരിക്കുന്നത് കത്തില്‍ അനുസ്മരിക്കുന്ന പാപ്പാ താന്‍ അന്ന് റോമില്‍ കുരിശിന്‍റെ വഴി നയിക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുകയും പ്രാര്‍ത്ഥനാസഹായം ഉറപ്പുനല്കുകയും ചെയ്യുന്നു.

വംശ-സാമ്പത്തിക-സാമൂഹ്യപരങ്ങളായി ഭിന്നപശ്ചാത്തലങ്ങളുള്ളവര്‍ വിവേചനത്തിനും നിസ്സംഗതയ്ക്കും അനീതിക്കും അക്രമത്തിനും ഇരകളാകുന്ന അവസ്ഥയെക്കുറിച്ച് കര്‍ദ്ദിനാള്‍ ബ്ലെയ്സ് തന്നോടു പറഞ്ഞിട്ടുള്ളതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയെ നാം തിരസ്കരിക്കണമെന്നും ഒരു വിഭാഗത്തെയും നമ്മള്‍ അന്യരായി കാണരുതെന്നും മറിച്ച് നമ്മുടെ സഹോദരീസഹോദരങ്ങളായി കരുതണമെന്നും ഓര്‍മ്മിപ്പിക്കുന്നു.

പ്രതികാരത്തെയും അക്രമത്തെയും പകപോക്കലിനെയും തള്ളിക്കളയുന്ന ഒരു ശൈലി എല്ലാ മാനുഷികസംഘര്‍ഷങ്ങള്‍ക്കും എതിരായി നരകുലം ആവിഷ്കരിക്കേണ്ടതുണ്ടെന്നും  ഈ ശൈലിയുടെ അടിസ്ഥാനം സ്നേഹമാണെന്നുമുള്ള മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്‍റെ വാക്കുകള്‍ പാപ്പാ അനുസ്മരിക്കുകയും പ്രവചനപരമായ ആ വാക്കുകളോടു പ്രത്യുത്തരിക്കാന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

അഹിംസാസംസ്കൃതി അപ്രാപ്യമായ ഒരു സ്വപ്നമല്ല, മറിച്ച്, നിര്‍ണ്ണായക ഫലങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ള ഒരു പാതയാണെന്നും അഹിംസയുടെ നിരന്തര അഭ്യസനം പ്രതിബന്ധങ്ങളെ തകര്‍ക്കുകയും മുറിവുകള്‍ വച്ചുകെട്ടുകയും രാഷ്ട്രങ്ങള്‍ക്ക്    സൗഖ്യം പ്രദാനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. 








All the contents on this site are copyrighted ©.