2017-04-01 13:23:00

മറ്റുള്ളവരുടെ ചിന്തകളും ആചാരങ്ങളും അറിയുക -പാപ്പാ


മറ്റുള്ളവരുടെ ചിന്തകളും ആചാരങ്ങളും അറിയുന്നത് നമ്മെ കൂടുതല്‍ സമ്പന്നരാക്കുകയും നമ്മുടെ ചുറ്റുപാടുകളുമായി ഗൗരവബുദ്ധിയോടെ ഫലപ്രദമായി സംവദിക്കുന്നതിന് നമ്മുടെ അറിവുകളെ ആഴപ്പെടുത്തുന്നതിനു പ്രചോദനം പകരുകയും ചെയ്യുമെന്ന് മാര്‍പ്പാപ്പാ.

തെക്കെ അമേരിക്കന്‍ നാടായ പെറുവിലെ പൊന്തിഫിക്കല്‍ കത്തോലിക്ക സര്‍വ്വകലാശാലയുടെ ഒന്നാം ശതാബ്ദിയോടനുബന്ധിച്ച് പ്രസ്തുത സര്‍വ്വകലാശാലയുടെ  ചാന്‍സലര്‍ കര്‍ദ്ദിനാള്‍ ജുസേപ്പെ വെര്‍സാല്‍ദിക്ക് നല്കിയ ഒരു കത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

1917 മാര്‍ച്ച് 24 നാണ് ഈ സര്‍വ്വകലാശാല സ്ഥാപിതമായത്.

അദ്ധ്യാപകാദ്ധ്യേതാകളുടെയും ബിരുദധാരികളുടെയും ഒരു സമൂഹമാണ് സര്‍വ്വകലാശാലെയന്ന് ഈ കലാലയത്തിന്‍റെ ഭരണഘടന നിര്‍വ്വചിക്കുന്നത് തന്‍റെ   കത്തില്‍ അനുസ്മരിക്കുന്ന പാപ്പാ ഒരു സമൂഹം രൂപീകരിക്കപ്പെടുന്നതും ബലപ്പെടുത്തപ്പെടുന്നതും ഒരുമിച്ച് ഐക്യത്തില്‍ ചരിക്കുമ്പോഴാണെന്ന് ഉദ്ബോധിപ്പിക്കുന്നു.

സമൂഹത്തിലെ അംഗങ്ങളുടെ ദൗത്യങ്ങളില്‍ അന്തരമുണ്ടെങ്കിലും അവരുടെ കടമകള്‍ ആധികാരികമായി നിറവേറ്റണമെങ്കില്‍ പരസ്പര സഹായം ആവശ്യമുണ്ടെന്ന് പാപ്പാ പറയുന്നു.

ഇതര സംസ്കാരങ്ങളോടും യാഥാര്‍ത്ഥ്യങ്ങളോടും തുറവുകാട്ടാന്‍ ഈ കത്തോലിക്കാ സര്‍വ്വകലാശാല നല്കുന്ന ആഹ്വാനത്തെക്കുറിച്ചു സൂചിപ്പിക്കുന്ന പാപ്പാ സ്വയം അടച്ചിട്ടിരുന്നാല്‍ പരാജയത്തിലേക്കു കൂപ്പുകുത്തുമെന്ന് മുന്നറിയിപ്പു നല്കുകയും ചെയ്യുന്നു. 








All the contents on this site are copyrighted ©.