2017-03-30 13:04:00

ദൈവം എന്നെക്കുറിച്ച് നിരാശപ്പെടുന്നുവോ?


നമ്മെ സൃഷ്ടിക്കുകയും പോറ്റി വളര്‍ത്തുകയും ജീവിതത്തില്‍ തുണയാകുകയും ചെയ്ത ദൈവത്തെ നാം മറക്കുമ്പോള്‍ ദൈവം നിരാശനാകുന്നുവെന്ന് പാപ്പാ.

ഈജിപ്തിലെ അടിമത്തത്തിന്‍റെ യാതനകളില്‍ നിന്ന് മോചിപ്പിച്ച് മരുഭൂമിയിലൂടെ വാഗ്ദത്തനാട്ടിലേക്ക് ഇസ്രായേല്‍ ജനത്തെ കരുതലോടെ  നയിച്ച ദൈവത്തിനെതിരെ ആ ജനം പിറുപിറുക്കുന്ന  സംഭവം ഫ്രാന്‍സീസ് പാപ്പാ വ്യാഴാഴ്ച(30/03/17) രാവിലെ വത്തിക്കാനില്‍ തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ, കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യപൂജവേളയില്‍ നടത്തിയ സുവിശേഷപ്രഭാഷ​ണത്തില്‍ വിശകലനം ചെയ്യുകയായിരുന്നു.

സ്ഥൈര്യം ഇല്ലാത്തവരും കാത്തിരിക്കാന്‍ കഴിയാത്തവരും വഴിപിഴച്ച് സത്യദൈവത്തില്‍ നിന്നകന്ന് മറ്റുദൈവങ്ങളെ തേടുന്നവരുമായ ജനത്തെ, അവരുടെ അവിശ്വസ്തയെ ദൈവം പ്രവാചകനിലൂടെ ശകാരിക്കുകയാണെന്ന് പാപ്പാ വിശദീകരിച്ചു.

ദൈവത്തില്‍, അവിടത്തെ വിശ്വസ്തമായ സ്നേഹത്തില്‍ തൃപ്തനാകാത്തവനാണ് മനുഷ്യനെന്നും അവന്‍റെ ഹൃദയം എന്നും അവിശ്വസ്തോന്മുഖമാണെന്നും പറഞ്ഞ പാപ്പാ ഇതാണ് പ്രലോഭനം എന്ന് മുന്നറിയിപ്പു നല്കി.

ആകയാല്‍ ഓരോ വ്യക്തിയും സ്വയം ചോദിക്കണമെന്നോര്‍മ്മിപ്പിച്ച പാപ്പാ  ദൈവം എന്നില്‍ നിരാശനാണോ? എന്നെ പ്രതി അവിടന്ന് കരയുന്നുണ്ടോ? ഞാന്‍ കര്‍ത്താവില്‍ നിന്ന് അകന്നുവോ? ഗര്‍ത്തത്തില്‍ നിന്ന് എന്നെ കരകയറ്റാനാകാത്തവയും എന്നെ അടിമയാക്കിയിരിക്കുന്നവയുമായ ഏതെല്ലം വിഗ്രഹങ്ങളാണ് എനിക്കുള്ളത്? ഇത്യാദി ചോദ്യങ്ങള്‍ മുന്നോട്ടുവച്ചു.

 

 








All the contents on this site are copyrighted ©.