2017-03-27 13:30:00

''മാമ്മോദീസയില്‍ ലഭിച്ച വിശ്വാസവെളിച്ചം'': പാപ്പായുടെ ത്രികാലജപസന്ദേശം


മാര്‍ച്ച് ഇരുപത്താറാം തീയതി ഞായറാഴ്ച, ത്രികാലപ്രാര്‍ഥനയില്‍ പങ്കുകൊള്ളുന്നതിനും അതിനോടനുബന്ധിച്ച് പാപ്പാ നല്‍കുന്ന സന്ദേശം ശ്രവിച്ച് അപ്പസ്തോലികാശീര്‍വാദം സ്വീകരിക്കുന്നതിനുമായി ഏതാണ്ട് 25000 തീര്‍ഥാടകരാണ് വത്തിക്കാനിലെ വി. പത്രോസിന്‍റെ അങ്കണത്തില്‍ എത്തിച്ചേര്‍ന്നിരുന്നത്. പതിവുപോലെ,  ഫ്രാന്‍സീസ് പാപ്പാ  കൈകളുയര്‍ത്തി വീശിക്കൊ‌ണ്ട് മന്ദഹാസത്തോടെ അരമന കെട്ടിടസമുച്ചയത്തിലെ ത്രികാലജപം നയിക്കുന്ന പതിവു ജാലകത്തിങ്കലണഞ്ഞപ്പോൾ തീര്‍ഥാടകര്‍ ആരവം മുഴക്കി ആഹ്ലാദത്തോടെ പാപ്പായെ എതിരേറ്റു.

ലത്തീന്‍ ക്രമമനുസരിച്ച് വലിയ നോമ്പിലെ നാലാം ഞായറാഴ്ചയിലെ സുവിശേഷ വായന വി. യോഹന്നാന്‍റെ സുവിശേഷം ഒന്‍പതാമധ്യായമായിരുന്നു. ഇതിലെ നാല്‍പ്പത്തൊന്നു വാക്യങ്ങളില്‍, യേശു അന്ധനെ സുഖപ്പെടുത്തുന്നതും അതോടനുബന്ധിച്ചുള്ള സംഭവങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ അധ്യായത്തെ വ്യാഖാനിച്ചു കൊണ്ടാണ് പാപ്പാ ത്രികാലജപത്തിനുമുമ്പുള്ള സന്ദേശം നല്‍കിയത്.  എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ സന്ദേശം ആരംഭിച്ചു.

പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം, എന്ന അഭിസംബോധനയോ‌ടെ ആരംഭിച്ച ത്രികാലജപത്തിനു മുമ്പുള്ള സന്ദേശത്തില്‍, സുവിശേഷഭാഗം വിവരിച്ചുകൊണ്ടാണ് പാപ്പാ ആമുഖമായി ഇപ്രകാരം പറഞ്ഞു.

നോമ്പുകാലത്തിലെ ഈ നാലാം ഞായറാഴ്ചയിലെ സുവിശേഷത്തിന്‍റെ കേന്ദ്രം യേശുവും ജന്മനാ അന്ധനായ ഒരു മനുഷ്യനുമാണ് (യോഹ 9:1-41) ആണ്. ക്രിസ്തു അയാള്‍ക്കു കാഴ്ച നല്‍കിക്കൊണ്ടു പ്രവര്‍ത്തിച്ച ഈ അത്ഭുതം ഒരുതരത്തിലുള്ള പ്രതീകാത്മക കര്‍മമായിരുന്നു.  ആദ്യം മണ്ണു തുപ്പലുമായി ചേര്‍ത്തു ചെളിയുണ്ടാക്കി, അയാളുടെ കണ്ണുകളിന്മേല്‍ പുരട്ടി.  എന്നിട്ടു സീലോഹാക്കുളത്തില്‍ പോയി കഴുകുന്നതിന് അവനെ പറഞ്ഞയച്ചു.  ആ മനുഷ്യന്‍ പോയി, കഴുകി, കാഴ്ചയുള്ളവനായി. അത് ജന്മനാ അന്ധനായ മനുഷ്യനായിരുന്നു. 

സീലോഹാക്കുളത്തില്‍ കഴുകി കണ്ണുകള്‍ക്കു പ്രകാശം ലഭിച്ച മനുഷ്യനെപ്പോലെ, ലോകത്തിന്‍റെ പ്രകാശമായ യേശുവിനെ മാമ്മോദീസാ എന്ന കൂദാശയിലൂടെ ജലത്താലും പരിശുദ്ധാത്മാവിനാലും നാമും സ്വീകരിച്ചവരാണന്നും അതിനാല്‍ കാഴ്ച ലഭിച്ച് യേശുവിനെ ദൈവപുത്രനായി ഏറ്റുപറഞ്ഞ ആ മനുഷ്യനെപ്പോലെ നാമും ക്രിസ്തുവിനെ ഏറ്റുപറയണമെന്നും ഉള്ള ആഹ്വാനമായിരുന്ന പാപ്പായുടെ സന്ദേശത്തിന്‍റെ തുടര്‍ച്ച.

ഈ അത്ഭുതപ്രവര്‍ത്തനത്തിലൂടെ യേശു തന്നെത്തന്നെ ലോകത്തിന്‍റെ വെളിച്ചമായി നമുക്കുമുമ്പില്‍ പ്രത്യക്ഷമാക്കുകയും വെളിപ്പെടുത്തുകയുമാണ് ഒപ്പം, ജന്മനാ അന്ധരായവരാണ് നാമോരോരുത്തരും എന്ന്.  നാമെല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, ദൈവത്തെ അറിയുന്നതിനാണ് എന്നാല്‍, പാപം മൂലം നാം അന്ധനെപ്പോലെയാണ്.  നമുക്കു നവമായ പ്രകാശം ആവശ്യമാണ്. നമുക്കെല്ലാവര്‍ക്കും ആവശ്യമാണ്, ക്രിസ്തു നല്‍കിയിരിക്കുന്ന വിശ്വാസത്തിന്‍റേതായ ആ നവ്യപ്രകാശം.  വാസ്തവത്തില്‍, സുവിശേഷത്തില്‍ പറയുന്ന അന്ധനായ മനുഷ്യന്‍ കാഴ്ച വീണ്ടുകിട്ടിയതിലൂടെ ക്രിസ്തുരഹസ്യത്തിലേക്കു തുറക്കുന്ന കാഴ്ച നേടുകയാണ്. യേശു ചോദിക്കുന്നു, മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ? അവന്‍ യേശുവിനോടു ചോദിച്ചു: കര്‍ത്താവേ, ഞാന്‍ അവനില്‍ വിശ്വസിക്കേണ്ടതിന് അവന്‍ ആരാണ്?  യേശു മറുപടി പറഞ്ഞു: നീ അവനെ കണ്ടുകഴിഞ്ഞു.  നിന്നോടു സംസാരിക്കുന്നവന്‍ തന്നെയാണ് അവന്‍. കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവന്‍ യേശുവിനെ പ്രണമിച്ചു.

ക്രിസ്തുവിലുള്ള വിശ്വാസത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തുന്നതിനു ഈ സംഭവവിവരണം പ്രേരണയാകണമെന്നു ഉപദേശിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ തുടര്‍ന്നു.

ഈ സംഭവവിവരണം നമ്മുടെ വിശ്വാസത്തെക്കുറിച്ചു, ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തെക്കുറിച്ചു ചിന്തിക്കുന്നതിനു കാരണം തരുന്നുണ്ട്. അതേസമയം തന്നെ, ജലത്താലും പരിശുദ്ധാത്മാവിനാലും നമ്മെ വീണ്ടും ജനിപ്പിക്കുന്ന കൂദാശ, വിശ്വാസത്തിന്‍റെ ആദ്യകൂദാശ നമ്മെയും പ്രകാശത്തിലേയ്ക്ക് ആനയിച്ചതാണ്, കണ്ണുകള്‍ തുറന്നതാണ്; സീലോഹാക്കുളത്തില്‍  കഴുകിയപ്പോള്‍ കണ്ണുകള്‍ തുറന്ന ജന്മനാ അന്ധനായവന്‍റെ കണ്ണുകള്‍ തുറന്നതുപോലെ. യേശു പ്രകാശമാണെന്നു മനസ്സിലാക്കുന്നതുവരെ, ആ മനുഷ്യന്‍ ശപിക്കപ്പെട്ടവനായിരുന്നു.  നാമും യേശു ലോകത്തിന്‍റെ പ്രകാശമാണെന്നു തിരിച്ചറിയുന്നതുവരെ, നാം മറ്റു പലതിനെയും, രാത്രിയില്‍ മിന്നിത്തെളിയുന്ന ഏതു ചെറിയ പ്രകാശത്തെയും നാം ആശ്രയിക്കും. അന്ധനായ മനുഷ്യന് ഒരു പേരില്ല എന്നത് നമ്മെ ഇങ്ങനെ ചിന്തിപ്പിക്കുന്നതിനു സഹായിക്കുന്നു, ജ്ഞാനസ്നാനത്തിനുശേഷമാണ് നമ്മുടെ മുഖവും പേരും ഉള്ള ചരിത്രം ആരംഭിക്കുന്നത്. ക്രിസ്തുവിലൂടെ നമുക്കും ഉള്‍പ്രകാശം ലഭിച്ചു.  അങ്ങനെ നാം പ്രകാശത്തിന്‍റെ മക്കളായി.  പ്രകാശത്തിന്‍റെ മക്കളായി വ്യാപരിക്കേണ്ടതിന് ചിന്തയില്‍ ഒരു സമൂലമാറ്റം ആവശ്യമാണ്.  മനുഷ്യരെയും മറ്റു കാര്യങ്ങളെയും വിധിക്കുന്നതിനുള്ള കഴിവിന് മൂല്യങ്ങളുടെ അളവുകോല്‍ വ്യത്യസ്തമായിരിക്കും, അതു ദൈവത്തില്‍നിന്നു വരുന്നതായിരിക്കും.  മാമോദീസ എന്ന കൂദാശ, വാസ്തവത്തില്‍, പ്രകാശത്തിന്‍റെ മക്കളായിരിക്കാനും, പ്രകാശത്തിന്‍റെ വഴിയിലൂടെ നടക്കാനുമുള്ള ശക്തമായ തിരഞ്ഞെടുപ്പും നിശ്ചയങ്ങളും ആവശ്യപ്പെടുന്നുണ്ട്.  ഇപ്പോള്‍ നമുക്കു ചോദിക്കാം.  നീ ദൈവപുത്രനായ യേശുവില്‍ വിശ്വസിക്കുന്നുണ്ടോ? ആ വിശ്വാസത്തിനുമാത്രമേ നിങ്ങളുടെ ഹൃദയത്തിനു മാറ്റം വരുത്താന്‍ കഴിയുകയുള്ളു എന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അവിടുന്നു കാണുന്നതുപോലെ, നാം കാണുന്നതുപോലെയല്ല, യാഥാര്‍ഥ്യങ്ങള്‍ കാണിച്ചുകൊടുക്കവാന്‍ നിങ്ങള്‍ക്കു കഴിയുന്നുണ്ടോ?  അവിടുന്നാണ് പ്രകാശമെന്ന്, സത്യപ്രകാശം നല്‍കുന്നവനെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? എന്തായിരിക്കും നിങ്ങളുടെ ഉത്തരം? ഓരോരുത്തരും ഹൃദയംകൊണ്ട് ഉത്തരം പറയുക.

സത്യവെളിച്ചത്തിന്‍റെ വഴിയിലൂടെ നടക്കാതെ, നിഴല്‍വീണ വഴിയിലൂടെ നടന്നാലുണ്ടാകുന്ന തകര്‍ച്ചകളെക്കുറിച്ചു പാപ്പാ സൂചിപ്പിച്ചു.

എന്താണ്, സത്യവെളിച്ചം ഉണ്ടായിരിക്കുക എന്നു പറഞ്ഞാല്‍ അര്‍ഥമാക്കുക, പ്രകാശത്തില്‍ നടക്കുക എന്നു പറഞ്ഞാല്‍ അര്‍ഥമാക്കുക. പ്രഥമമായി, വ്യാജവെളിച്ചങ്ങളെ ഉപേക്ഷിക്കുക എന്നാണ്.  മറ്റുള്ളവര്‍ക്കെതിരായി മുന്‍വിധി നടത്തുന്ന, തണുത്ത വെളിച്ചത്തെ ഉപേക്ഷിക്കുക എന്നാണ്.  എന്തെന്നാല്‍, മുന്‍വിധികള്‍ യാഥാര്‍ഥ്യത്തെ വികൃതമാക്കുകയും, നമ്മെ കരുണയില്ലാതെ, വീണ്ടുവിചാരമില്ലാതെ വിധിക്കുന്നവരോടു കഠിനമായ വെറുപ്പ് നമ്മിലുളവാക്കുകയും ചെയ്യും. ഇതായിരിക്കും നമ്മുടെ എന്നത്തെയും അപ്പം. ഏഷണി സംസാരിക്കുമ്പോള്‍, നാം വെളിച്ചത്തില്‍ നടക്കാതെ നിഴലിലാണു നടക്കുന്നത്. മറ്റൊരു വ്യാജവെളിച്ചം, വശീകരിക്കുന്നതും അവ്യക്തവുമായ വെളിച്ചമാണ്.  അത് സ്വാര്‍ഥ താല്‍പ്പര്യങ്ങളാണ്.  സ്വലാഭത്തിനുവേണ്ടിയുള്ള, സ്വാര്‍ഥ സന്തോഷങ്ങള്‍ക്കുവേണ്ടിയുള്ള, സ്വന്തം അഭിമാനത്തിനുവേണ്ടിയുള്ള മാനദണ്ഡങ്ങള്‍ വച്ചാണ് നാം മറ്റുള്ളവരെ അളക്കുന്നതെങ്കില്‍ സാഹചര്യങ്ങളോടും പരസ്പരബന്ധങ്ങളോടും നാം സത്യസന്ധത ഉള്ളവരായിരിക്കുകയില്ല.  വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ഈ വഴിയിലൂടെയാണ് നാം നടക്കുന്നതെങ്കില്‍ നാം നിഴല്‍വീണ വഴിയിലാണ്.

പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് സത്യപ്രകാശമായ യേശുവിന്‍റെ മാര്‍ഗത്തിലൂടെ നടക്കാനുള്ള ആഹ്വാനവുമായാണ് പാപ്പാ ത്രികാലജപസന്ദേശം അവസാനിപ്പിച്ചത്.

ലോകത്തിന്‍റെ പ്രകാശമായ യേശുവിനെ ഏറ്റവുമാദ്യം സ്വീകരിച്ച പരിശുദ്ധ കന്യക  ഈ നോമ്പുകാലത്ത്, വിശ്വാസത്തിന്‍റെ വെളിച്ചം നവമായി സ്വാഗതം ചെയ്യുന്നതിനും നാമെല്ലാവരും സ്വീകരിച്ച മാമ്മോദീസ എന്ന അവര്‍ണനീയദാനം നവമായി കണ്ടെത്തുന്നതിനും നമുക്കു നല്‍കട്ടെ. ഈ പുതിയ വെളിച്ചം, ദാരിദ്ര്യത്തിലൂടെയും ചെറുതായിരിക്കുന്നതിലൂടെയും ക്രിസ്തുവിന്‍റെ പ്രകാശകിരണങ്ങളുടെ വാഹകരായിരിക്കാന്‍ നമ്മുടെ മനോഭാവങ്ങളെയും പ്രവൃത്തികളെയും പരിവര്‍ത്തനപ്പെടുത്തട്ടെ. 

സന്ദേശം അവസാനിപ്പിച്ച പാപ്പാ, ത്രികാലജപം ചൊല്ലുകയും അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.








All the contents on this site are copyrighted ©.