2017-03-13 12:31:00

യേശുവദന ധ്യാനം ജീവിതയാത്രയില്‍ മുന്നേറാന്‍ പ്രചോദനം-പാപ്പാ


രൂപാന്തരപ്പെട്ട യേശുവിന്‍റെ വദനത്തെയും പാപരഹിതനായിരുന്നിട്ടും നമുക്കായി പാപമാക്കപ്പെട്ട യേശുവിന്‍റെ വദനത്തെയും കുറിച്ചു ധ്യാനിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

ജീവിതയാത്രയില്‍, ക്രിസ്തീയജീവിതയാത്രയില്‍ മുന്നേറാന്‍ ഈ ധ്യാനം നമുക്കു പ്രചോദനമാകട്ടെയെന്ന് ഫ്രാന്‍സീസ് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.

വത്തിക്കാനില്‍ നിന്ന് 17 കിലോമീറ്ററോളം അകലെ വടക്കുപടിഞ്ഞാറ്  സ്ഥിതിചെയ്യുന്ന കനോസ്സയിലെ വിശുദ്ധ മഗ്ദലനയുടെ നാമത്തിലുള്ള ഇടവകയില്‍ റോം രൂപതയുടെ മെത്രാനെന്ന നിലയില്‍ ഞായറാഴ്ച (12/03/17) വൈകുന്നേരം അജപാലന സന്ദര്‍ശനത്തിനെത്തിയ പാപ്പാ അവിടെ അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് ഈ വദനധ്യാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്.

മത്തായിയുടെ സുവിശേഷം, പതിനേഴാം അദ്ധ്യായം 1 മുതല്‍ 9 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന യേശുവിന്‍റെ രൂപാന്തരീകരണ സംഭവമായിരുന്നു പാപ്പായുടെ വചനവിചിന്തനത്തിനവലംബം.

യേശുവില്‍ നാമെല്ലാവരും ദൈവത്തിന്‍റെ നീതയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കു വേണ്ടി പാപമാക്കി എന്ന പൗലോസപ്പസ്തോലന്‍റെ  വാക്കുകള്‍, കോറിന്തോസുകാര്‍ക്കുള്ള രണ്ടാം ലേഖനം, 5Ͻ-൦ അദ്ധ്യായം 21Ͻ-൦ വാക്യം, ഉദ്ധരിച്ച പാപ്പാ യേശു അത്രമാത്രം സ്വയം താഴ്ത്തുകയും ശൂന്യവല്‍ക്കരിക്കുകയുമായിരുന്നുവെന്നും തന്‍റെ ആ അവസ്ഥ, കുരിശിലെ അവസ്ഥ കാണുന്നത് ശിഷ്യര്‍ക്ക് ഇടര്‍ച്ചയാകാതിരിക്കേണ്ടതിന് അവരെ ഒരുക്കുന്നതിനുവേണ്ടിയാണ് അവിടന്ന് രൂപാന്തരപ്പെട്ടെതെന്നും പാപ്പാ വിശദീകരിച്ചു.

പാപം ഏറ്റം മ്ലേച്ഛമാണെന്നും ദൈവദ്രോഹം, ഈശ്വരനുള്ള പ്രഹരം ആണെന്നും. ദൈവത്തെ ഒരു വിലയുമില്ല എന്നു അവിടത്തോടു പറയലാണെന്നുമുള്ള വസ്തുതയെക്കുറിച്ചോര്‍മ്മിപ്പിച്ച പാപ്പാ നാം കൂടുതല്‍ നോക്കേണ്ടത് കുരിശിലേക്കാണ് എന്ന് ഉദ്ബോധിപ്പിച്ചു.

കനോസ്സയിലെ വിശുദ്ധ മഗ്ദലനയുടെ നാമത്തിലുള്ള ഇടവകസന്ദര്‍ശനവേളയില്‍ പാപ്പാ ബാലികാബാലന്മാരുമായും, ഇക്കൊല്ലം മാമ്മോദീസ സ്വീകരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായും, വൃദ്ധജനവും രോഗികളുമായും, അജപാലന സഹായികളുമായും പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തുകയും, ഇടവകക്കാരില്‍ ചിലരെ കുമ്പസാരിപ്പിക്കുകയും ചെയ്തു.

രോഗം കുരിശാണെന്നും  എന്നാല്‍ കുരിശ് ജീവന്‍റെ വിത്താണെന്നും ആ കുരിശ് നാം സമുചിതം വഹിക്കുന്ന പക്ഷം നമുക്കജ്ഞാതരായ അനേകര്‍ക്ക് വളരെയധികം ജീവന്‍ പ്രദാനം ചെയ്യാന്‍ സാധിക്കുമെന്നും പാപ്പാ വൃദ്ധജനവും രോഗികളുമായുള്ള കൂടിക്കാഴ്ചാവേളയില്‍ ഉദ്ബോധിപ്പിച്ചു.

ജീവനെ സംവഹിക്കുകയെന്നത് മഹത്തായ ഒരു ദൗത്യമാണെന്നും അതു നമ്മെ ദൈവത്തോടു ഏറെസദൃശരാക്കുന്നുവെന്നും എന്തെന്നാല്‍ ദൈവം ജീവന്‍റെ  സംവാഹകനാണെന്നും പാപ്പാ ഇക്കൊല്ലം മാമ്മോദീസ സ്വീകരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി സംഭാഷണത്തിലേര്‍പ്പെട്ടപ്പോള്‍ അവരോടു പറഞ്ഞു.

സമാനധാനസംസ്ഥാപനത്തിനായി നാം സംഘാതമായി യത്നിക്കണമെന്നും കുടുംബത്തിലും വിദ്യാലയത്തിലും സമപ്രായക്കാര്‍ക്കിടയിലുമെല്ലാം നാം സമാധാന സംവാഹകരാകണമെന്നും ബാലികാബാലന്മാരുമായുള്ള കൂടിക്കാഴ്ചാവേളയില്‍ അവരുടെ ചോദ്യങ്ങള്‍ക്കുത്തരമായി പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു.

എന്തിനെയെങ്കിലും പേടിയുണ്ടോ എന്ന ഒരു കുട്ടിയുടെ ചോദ്യത്തിന് പാപ്പായുടെ ഉത്തരം ദുഷ്ടരായ മനുഷ്യരെ എന്നായിരുന്നു.

നമ്മിലെല്ലാവരിലും തിന്മയുടെ വിത്തുകള്‍ ഉണ്ടെന്നും ദുഷ്ടത തിരഞ്ഞെടുക്കുന്നവനെ താന്‍ ഭയപ്പെടുന്നുവെന്നും അതുപോലെതന്നെ പരദൂഷണം ബോംബിനു സമാനമാണെന്നും പാപ്പാ പറഞ്ഞു.

ഭീകരര്‍ ബോംബു വച്ചി‌ട്ട് ഓടി മറയുന്നതു പോലെതന്നെയാണ് പരദൂഷണമെന്നും കുടുംബത്തെയും ഇടവകയെയും എല്ലാം, വിശിഷ്യ, ഹൃദയത്തെ നശിപ്പിക്കുന്ന ബേംബാണ് അതെന്നും പാപ്പാ വിശദീകരിച്ചു.








All the contents on this site are copyrighted ©.