2017-03-11 12:32:00

പാപ്പായുടെ കൊളൊംബിയ സന്ദര്‍ശനം 06-11 സെപ്റ്റംബര്‍ 2017


ഫ്രാന്‍സീസ് പാപ്പായുടെ കൊളൊംബിയ ഇടസന്ദര്‍ശനത്തിന്‍റെ തിയതി പരിശുദ്ധസിംഹാസനം ഔദ്യോഗികമായി പരസ്യപ്പെടുത്തി.

ഇക്കൊല്ലം സെപ്റ്റമ്പര്‍ 6 മുതല്‍ 11 വരെ ആയിരിക്കും തെക്കെ അമേരിക്കയുടെ വടക്കെ അറ്റത്തുള്ള കൊളൊംബിയായില്‍ പാപ്പാ എത്തുക.

കൊളൊംബിയയുടെ പ്രസിഡന്‍റിന്‍റെയും ദേശീയ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പാ അന്നാട്ടിലെത്തുക.

കൊളൊംബിയായുടെ തലസ്ഥാനമായ ബൊഗൊട്ടാ. വില്ലവിസേന്‍സിയൊ, മെദെല്ലീന്‍, കര്‍ത്തജേന എന്നിവയായിരിക്കും പാപ്പായുടെ ഈ ഷഡ്ദിന അപ്പസ്തോലിക പര്യടനത്തിന്‍റെ വേദികള്‍.

പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തിന്‍റെ ( പ്രസ്സ് ഓഫീസിന്‍റെ) ഉപമേധാവിനി പലോമ ഗര്‍സീയ ഒവെഹേരൊ വെള്ളിയാഴ്ച (10/03/17) ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയാണ് ഈ വിവരങ്ങള്‍.

“അനുരഞ്ജനത്തിന്‍റെ പ്രേഷിതന്‍” ആയിട്ടാണ് പാപ്പാ അന്നാട്ടിലെത്തുക.

2,20000 പേരുടെ ജീവനെടുക്കുകയും 45000ത്തോളം പേരെ കാണാതാക്കുകയും 70 ലക്ഷത്തോളം പേരെ ചിതറിക്കുകയും ചെയ്ത അര നൂറ്റാണ്ടിലേറെ ദീര്‍ഘിച്ച ആഭ്യന്തരകലാപത്തിന് അറുതിവരുത്തുന്നതിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആണ് സര്‍ക്കാരും കൊളൊംബിയായിലെ വിപ്ലവ സേനയും (FARC) സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചത്.

ഒരു പാപ്പാ അന്നാട്ടില്‍ എത്തുന്നത് ഇത് മൂന്നാം തവണയായിരിക്കും. വാഴത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 1968ലും വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ 1986 ലും കൊളൊംബിയായില്‍ പാദമൂന്നിയിട്ടുണ്ട്. 

മതിലുകളല്ല സേതുബന്ധങ്ങള്‍ തീര്‍ക്കുന്ന വ്യക്തിയായ ഫ്രാന്‍സീസ് പാപ്പായുടെ ഈ സന്ദര്‍ശനം, കൊളൊംബിയായിലെ ജനങ്ങളെ, ഉപരി നീതിവാഴുന്നതും കൂടുതല്‍ അനുകമ്പയുള്ളതും ഉപരിസമത്വമുള്ളതുമായ ഒരുരാഷ്ട്രമായി ഒറ്റക്കെട്ടായി നില്ക്കാന്‍ സഹായിക്കുമെന്ന് അന്നാ‌ടിന്‍റെ പ്രസിഡന്‍റ് ഹുവാന്‍ മനുവേല്‍ സാന്തോസ് (Juan Manuel Santos)  പ്രത്യാശ പ്രകടിപ്പിച്ചു








All the contents on this site are copyrighted ©.