2017-03-03 09:08:00

ക്രിസ്തുവിനെ മാതൃകയാക്കേണ്ട വിശ്വാസതീര്‍ത്ഥാടനം - പൗരോഹിത്യം


പാപ്പാ ഫ്രാന്‍സിസ് റോമാരൂപതയിലെ വൈദികര്‍ക്കു നല്കിയ തപസ്സാരംഭ സന്ദേശം

മാര്‍ച്ച് 2-Ɔ‍൦ തിയതി വ്യാഴാഴ്ച രാവിലെയാണ് പാപ്പാ ഫ്രാന്‍സിസ് റോമാ രൂപതയിലെ വൈദികരുമായി ഭദ്രാസന ദേവാലയമായ റോമിന്‍റെ ഹൃദയഭാഗത്തുള്ള ലാറ്ററന്‍ ബസിലിക്കയില്‍വച്ച് കൂടിക്കാഴ്ച നടത്തിയത്. 200-ല്‍ അധികം വൈദികര്‍ സന്നിഹിതരായിരുന്നു.

വിഭൂതിത്തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച റോമാരൂപതിയിലെ വൈദികരുമായി എല്ലാവര്‍ഷവും നടത്താറുള്ള കൂടിക്കാഴ്ചയാണ് ധ്യാനവും പ്രാര്‍ത്ഥനയും കുമ്പസാരവും ഇടകലര്‍ത്തി ഇക്കുറിയും നടത്തപ്പെട്ടത്.  രാവിലെ 11 മണിക്ക് വത്തിക്കാനില്‍നിന്നും കാറില്‍ ഏകദേശം 6 കി.മീ. യാത്രചെയ്ത് ലാറ്ററന്‍ ബസിലിക്കയില്‍ എത്തിയ പാപ്പാ വൈദികരുമായി നേര്‍ക്കാഴ്ച നടത്തുകയും അവര്‍ക്ക് തപസ്സിന്‍റെ സന്ദേശം നല്‍കുകയും ചെയ്തു. ഏതാനും വൈദികരെ കുമ്പസാരിപ്പിക്കാനും പാപ്പാ സമയംകണ്ടെത്തി. പാപ്പാ മെത്രാനായിരിക്കുന്ന റോമാരൂപതയിലെ വൈദികര്‍ക്കു നല്കിയ സന്ദേശം താഴെ ചേര്‍ക്കുന്നു.  

ദൈവികകാരുണ്യത്തെക്കുറിച്ചും അനുദിനജീവിതത്തില്‍ സഹോദരങ്ങളോടു കാണിക്കേണ്ട ക്ഷമയെയും അനുകമ്പയെയുംകുറിച്ചും ക്രിസ്തു ഉദ്ബോധിപ്പിക്കവെ, “‍ഞങ്ങളുടെ വിശ്വാസത്തെ അങ്ങു ബലപ്പെടുത്തണമേ, കര്‍ത്താവേ!” എന്ന് ശിഷ്യന്മാര്‍ അവിടുത്തോട് അപേക്ഷിച്ചു. ഈ സുവിശേഷപശ്ചാത്തലം പ്രഭാഷണത്തിന് ആമുഖമായി പാപ്പാ ചൂണ്ടിക്കാട്ടി (ലൂക്കാ 17, 5).  ക്രിസ്തുവിന്‍റെ മതബോധനരീതിയില്‍ പങ്കുചേരാന്‍ ശിഷ്യന്മാരുടെ ലാളിത്യമാര്‍ന്ന മനോഭവം നമുക്കും ഉള്‍ക്കൊള്ളാം. “കര്‍ത്താവേ, ഞങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തണമേ!” എന്നു പ്രാര്‍ത്ഥിക്കാം. സ്നേഹത്തില്‍ അധിഷ്ഠിതമാണ് വിശ്വാസം (ഗലാത്തി 5, 6). അത് പ്രത്യാശയാല്‍ പിന്‍തുണയ്ക്കപ്പെടുന്നതുവഴിയാണ് (റോമ. 15, 13) നാം വിശ്വാസത്തില്‍ അനുദിനം ജീവിക്കാനും, ആത്മീയ പുരോഗതി പ്രാപിക്കാനും ഇടയാകുന്നത്.  

മൂന്നു സൂത്രവാക്കുകളെ ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ മുന്നോട്ടു നയിച്ചത്. ഓര്‍മ്മ, പ്രത്യാശ, വിവേചനം എന്നിവയാണവ. ക്രൈസ്തവജീവിതത്തിന്‍റെയും പൗരോഹിത്യത്തിന്‍റെയും പൂര്‍ത്തീകരണമായ ക്രിസ്തുവിലേയ്ക്ക് അവ നമ്മെ നയിക്കുന്നു. സഭയുടെ വിശ്വാസത്തില്‍ ഓര്‍മ്മകള്‍ വിരിയുന്നത് പാരമ്പര്യത്തിലും പ്രബോധനങ്ങളിലുമാണ്. വിശ്വാസത്തെ നിലനിര്‍ത്തുന്നതും പിന്‍തുണയ്ക്കുന്നതും പ്രത്യാശയാണ്. ജീവിതത്തിലെ വിവേചനം അല്ലെങ്കില്‍ വിവേചനപൂര്‍ണ്ണമായ തീരുമാനമെടുക്കല്‍ വിശ്വാസം ജീവിച്ചുകൊണ്ട് മുന്നേറുന്ന കൃപയുടെ മുഹൂര്‍ത്തങ്ങളാണ്. വിശ്വാസം സ്നേഹപൂര്‍വ്വവും സന്തോഷത്തോടെയും ജീവിക്കുന്ന അവസ്ഥയുമാണത്.

ഒരാള്‍ ദൈവത്തോടും മനുഷ്യരോടും എടുത്തിട്ടുള്ള വ്രതവും വാഗ്ദാനവുമാണ് പൗരോഹിത്യം.  പൗരോഹിത്യവഴികളില്‍ ഒരു വൈദികനെ എത്തിക്കുന്നത് ഈ വാഗ്ദാനമാണ്. സഭയില്‍ നമ്മെ വിശ്വസ്തതയോടെ ജീവിക്കാന്‍ അതിന്‍റെ ഓര്‍മ്മ സഹായിക്കുന്നു. പ്രത്യാശയോടെയാണ് ദൈവവിളിയുടെ വഴിയില്‍ വൈദികര്‍ ചരിക്കേണ്ടത്. അജപാലന ജീവിതത്തില്‍ വഴിതെളിക്കുന്ന ദിശാതാരമാണ് പ്രത്യാശ! എന്നാല്‍ ഓര്‍ക്കണം, ക്രിസ്തുവില്‍ നങ്കൂരമിട്ടാണ് ഈ യാത്ര! അതിനാല്‍ ജീവിതവഴിയുടെ നാല്ക്കവലകളില്‍, അതിന്‍റെ പ്രതിസന്ധികളില്‍പ്പോലും ലക്ഷ്യവും വഴിയും സുവ്യക്തമാണ് – അത് ക്രിസ്തുവാണ്! സ്നേഹപൂര്‍വ്വം വിശ്വാസത്തില്‍ എടുക്കുന്ന ചുവടുവയ്പാണ്. ആ ചുവടുവയ്പ് ക്രിസ്തുവിലേയ്ക്കാണ്! അതുവഴി വിശ്വാസജീവിതം ക്രിസ്ത്വാനുകരണമായി മാറുന്നു! അതിനാല്‍  ക്രിസ്തു എന്നില്‍നിന്നും ആവശ്യപ്പെടുന്നതും, അവിടുന്നു കാണിച്ചു തന്നിട്ടുള്ളതുമായ രീതിയിലും ശൈലിയിലുമുള്ള വിശ്വാസസമര്‍പ്പണമായിരിക്കണം പൗരോഹിത്യം.

ഓര്‍മ്മ അല്ലെങ്കില്‍ ചരിത്രസ്മൃതികള്‍ എന്‍റെ വിശ്വാസപാതയെയും സ്നേഹജീവിതത്തെയും കൂടുതല്‍ ബലപ്പെടുത്തുന്നു, ആഴപ്പെടുത്തുന്നു. അതിന് സഹായകമായ ചരിത്രവും, സഭാപിതാക്കളുടെ വിശ്വാസവും, പിന്നെ വിശ്വാസത്തിനായി ജീവന്‍ സമര്‍പ്പിച്ച രക്തസാക്ഷികളും നമുക്ക് പ്രചോദനവും മാതൃകയുമാണ് (ഹെബ്ര. 11, 13). അങ്ങനെ വിശ്വാസസാക്ഷികളുടെ വലിയൊരു വ്യൂഹത്തിന്‍റെ സ്വര്‍ഗ്ഗിയ പിന്‍ബലത്താലും പ്രചോദനത്താലും, അവര്‍ ദൃഷ്ടിപതിച്ചു നടന്ന ക്രിസ്തുപാതയില്‍ ചരിക്കുന്നതുമാണ് പൗരോഹിത്യത്തിന്‍റെ വിശ്വാസയാത്രയും അതിന്‍റെ പൂര്‍ത്തീകരണവും... പാപ്പാ സമര്‍ത്ഥിച്ചു.

For full message : http://w2.vatican.va/content/francesco/it/speeches/2017/march/documents/papa-francesco_20170302_parroci-roma.html

 








All the contents on this site are copyrighted ©.