2017-02-25 13:08:00

ജനതയെ സ്വന്തം ഭാഗധേയത്തിന്‍റെ ശില്പികളാക്കുന്ന ഐക്യദാര്‍ഢ്യം


ഓരോ ജനതയെയും സ്വന്തം ഭാഗധേയത്തിന്‍റെ ശില്പികളാക്കി മാറ്റുന്നതാകുമ്പോള്‍ മാത്രമെ ആഗോള ഐക്യദാര്‍ഢ്യം എന്നും കൂടുതല്‍ ഫലദായകമാകുകയുള്ളുവെന്ന് മാര്‍പ്പാപ്പാ.

ഫ്രാന്‍സില്‍ 50 വര്‍ഷം മുമ്പ്, 1967 ല്‍ പിറവിയെടുത്ത “സഹകരണത്തിനായുള്ള കത്തോലിക്കാ സംഘം” എന്ന അന്താരഷ്ട്ര സന്നദ്ധസേവനസംഘടനയുടെ മുപ്പതോളം പ്രതിനിധികളെ ശനിയാഴ്ച (25/02/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഐക്യദാര്‍ഢ്യം എന്ന പദത്തിന് ഒരു തരം തേയ്മാനം സംഭവിച്ചിരിക്കുന്നതും ആ വാക്ക് ചിലപ്പോഴൊക്കെ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും  ഉദാരതയുടെ ഒറ്റപ്പെട്ട ചില പ്രവര്‍ത്തനങ്ങളായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നതും പാപ്പാ അനുസ്മരിച്ചു.

സഹകരണത്തിനായുള്ള കത്തോലിക്കാ സംഘം 50 നാടുകളില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ ദാരിദ്ര്യത്തിനെതിരെ പോരാടുകയും ഉപരി നീതിയും സാഹോദര്യവും വാഴുന്ന ഒരു ലോകത്തിനായി യത്നിക്കുകയും ചെയ്തുകൊണ്ട് പ്രാദേശിക സഭകള്‍ക്കിടയിലും ജനതകള്‍ക്കിടയിലും അധികൃത സഹകരണത്തിന് സഹായമേകുകയാണെന്ന് ശ്ലാഘിച്ചു.

വികസനമെന്നത് സാമ്പത്തിക വളര്‍ച്ചയില്‍ ഒതുക്കിനിറുത്താവുന്നതല്ലെന്നും യഥാര്‍ത്ഥ വികസനം ഓരോ മനുഷ്യവ്യക്തിയെയും സകലമനുഷ്യരെയും ഉന്നംവയ്ക്കുന്ന സമഗ്ര പുരോഗതിയാണെന്നുമുള്ള വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ ആശയം ഫ്രാന്‍സീസ് പാപ്പാ ആവര്‍ത്തിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.