2017-02-25 13:55:00

ഉല്‍ക്കണ്ഠകളില്ലാതെ ജീവിക്കാന്‍ ഈശോ മൊഴിയുന്ന പാഠങ്ങള്‍


പുതിയ നിയമ പണ്ഡിതനും കാരുണികന്‍ മാസികയുടെ പത്രാധിപരുമായ റവറെന്‍റ് ഡോക്ടര്‍ ജേക്കബ് നാലുപറ എം.സി.ബി.എസ്സി-ന്‍റെ വചനവിചിന്തനമാണിത്.

ആണ്ടുവട്ടം എട്ടാംവാരം ഞായര്‍ - വിശുദ്ധ മത്തായിയുടെ സുവിശേഷം 6, 24-34.

ഇന്നത്തെ സുവിശേഷത്തില്‍ ഈശോ നമ്മളോടു പറഞ്ഞുതരുന്നത് എങ്ങനെ ജീവിതത്തിന്‍റെ റ്റെന്‍ഷന്‍സ്, സമ്മര്‍ദ്ദം ഒഴിവാക്കാമെന്നാണ്. ജീവിതത്തില്‍ ന്‍ഷന്‍സ് ഇല്ലാത്ത ആരാണുള്ളത്? രാവിലെ ഉണരുമ്പോള്‍ മുതല്‍ മനസ്സില്‍ ഉദിക്കുന്ന കാര്യങ്ങള്‍ എന്താണ്? റ്റെന്‍ഷന്‍സ് അല്ലെങ്കില്‍ മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. സുവിശേഷത്തില്‍, മലയിലെ പ്രസംഗ ഭാഗത്ത് ഈശോ പറയുന്നത്, എങ്ങനെ ഈ പിരിമുറുക്കങ്ങള്‍ ഒഴിവാക്കാം എന്നാണ്. സുവിശേഷത്തിലെ വചനങ്ങള്‍തന്നെ ശ്രദ്ധിച്ചാല്‍ മതി. 25-Ɔമത്തെ വചനം പറയുന്നത്, ഞാന്‍ നിങ്ങളോടു പറയുന്നു, എന്തുഭക്ഷിക്കും എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ, എന്തു ധരിക്കുമെന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉല്‍ക്കണ്ഠാകുലരാകേണ്ട. പിന്നെയും അല്പം മുന്നോട്ടു പോകുമ്പോള്‍ 27-ല്‍ ഈശോ പറയുന്നു. ഉല്‍ക്കണ്ഠമൂലം ആയുസ്സിന്‍റെ ദൈര്‍ഘ്യം കൂട്ടാന്‍ പറ്റുമോ? പിന്നെയും 28-‍Ɔമത്തെ വചനത്തില്‍ പറയുന്നു, വസ്ത്രത്തെപ്പറ്റിയും നിങ്ങള്‍ എന്തിന് ഉല്‍ക്കണ്ഠപ്പെടുന്നു? 31-Ɔമത്തെ വചനത്തില്‍ ഇത് വീണ്ടും ആവര്‍ത്തിക്കുകയാണ്. അതിനാല്‍ എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ച് ആകുലപ്പെടേണ്ട്. 34-Ɔമത്തെ വചനം ആകയാല്‍ നിങ്ങള്‍ നാളയെക്കുറിച്ച് ഉല്‍ക്കാണ്ഠാകുലരാകേണ്ട! ഈശോ പറയുന്നത്, ഉല്‍ക്കണ്ഠാകുലരാകേണ്ട, ടെന്‍ഷന്‍സ് വേണ്ട, മാനിസിക പിരിമുരുക്കം വേണ്ട, എന്നാണ്.

ഈ റ്റെന്‍ഷന്‍സ് ഒഴിവാക്കാന്‍ എന്താണ് ഈശോ പറഞ്ഞുതരുന്ന വഴി. ജീവിതത്തന്‍റെ ഉല്‍ക്കണ്ഠകള്‍ മാറ്റാന്‍ ഈശോ പറഞ്ഞുതരുന്ന വഴി  25-Ɔമത്തെ വചനത്തിന്‍റെ രണ്ടാമത്തെ ഭാഗത്താണ്. അത് ഇപ്രകാരമാണ്, ഭക്ഷണത്തെക്കാല്‍ ജീവനും വസ്ത്രത്തെക്കാള്‍ ശരീരവും ശ്രേഷ്ഠമല്ലേ? ഈശോ നമ്മോടു ചോദിക്കുന്നത്, ഏതാണ് വലിയ നന്മ? ഏതാണ് ശ്രേഷ്ഠമായ നന്മ? ഇതു നിങ്ങള്‍ തിരിച്ചറിയണം, എന്നാണ് ഈശോ ആവശ്യപ്പെടുന്നത്. ഈശോ കൊണ്ടുവരുന്ന രണ്ടു നിര്‍ദ്ദേശങ്ങള്‍ നാം ശ്രദ്ധിക്കണം. ഏതാണു വലുത്? ഭക്ഷണമാണോ? ജീവനാണോ?

അതാണ് ഈശോ ചോദിക്കുന്നത്. ഏതു കൊച്ചുകുഞ്ഞും പറയും ജീവന്‍ തന്നെയാണ് ഭക്ഷണത്തെക്കാള്‍ വലുതെന്ന്. കാരണം ഒന്ന് ആലോചിച്ചു നോക്കിക്കേ, എന്‍റെ ഫ്രിഡ്ജിലും ഫ്രീസറിലുമൊക്കെ നറച്ച് ഭക്ഷണസാധനങ്ങള്‍ ഇരിക്കുന്നു. ഒരുമാസത്തേയ്ക്ക്, രണ്ടുമാസത്തേയ്ക്കുള്ളത് ഞാന്‍ ശേഖരിച്ചു വച്ചിരിക്കുന്നു. അങ്ങനെ ദീര്‍ഘകാലത്തേയ്ക്കുള്ള ഭക്ഷണം ശേഖരിച്ചു വച്ചിട്ട്, ഇന്നു രാത്രി ഞാന്‍ മരിച്ചുപോവുകയാണെന്നിരിക്കട്ടെ! എന്തു പ്രയോജനം!? അങ്ങനെയെങ്കില്‍ ഏതാണ് വലിയ നന്മ? ഈശോ ചോദിക്കുന്നു, വലിയ നന്മ – നിന്‍റെ ഭക്ഷണമാണോ, നിന്‍റെ ജീവനോണോ? ഉറപ്പായിട്ടും ജീവന്‍ തന്നെയല്ലേ?! ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഭക്ഷണം ശേഖരിച്ചുവച്ചിട്ട് എന്തു കാര്യം?

ഈശോ കൊണ്ടുവരുന്ന അടുത്ത ഉദാഹരണം ഇതാണ് – ശരീരമാണോ വസ്ത്രമാണോ ശ്രേഷ്ഠം? ആരും പറയും, ഉറപ്പായിട്ടും ശരീരം തന്നെയാണ് ശ്രേഷ്ഠം. കാരണം, രണ്ടു മൂന്നു അലമാര നിറച്ച് വര്‍ഷങ്ങളോളം ഇടാനുള്ള വസ്ത്രം ശേഖരിച്ചു വച്ചിട്ട് ശരീരം നഷ്ടപ്പെട്ടാല്‍ എന്തു പ്രയോജനം. ഈശോ നമ്മളോടു പറഞ്ഞുതരുന്ന പ്രധാനപ്പെട്ട നന്മ, ശ്രേഷ്ഠമായ നന്മ ഏതാണെന്നു തിരിച്ചറിയാനുള്ള വകതിരിവ് – ജീവനാണോ വലുത്, അതോ ഭക്ഷണമാണോ? ശരീരമാണോ വലുത്, അതോ വസ്ത്രമാണോ? എന്നു പറഞ്ഞാല്‍ ഈശോ ആവശ്യപ്പെടുന്നത് നിന്‍റെ കൈയ്യില്‍ ഇരിക്കുന്ന വലിയ നന്മയെ, ശ്രേഷ്ഠമായ നന്മയെ നീ ശ്രദ്ധിക്കുക!            

സാധാരണ ബൈബിള്‍ ക്ലാസ്സില്‍ പറയുന്ന ഒരു ഉദാഹരണമുണ്ട് – എന്‍റെ വീട്ടുമുറ്റത്ത് ഒരു ആനയുണ്ട്, സ്വന്തമായ ആന! കുഴിയാനയല്ല!! അങ്ങനെ  ആന സ്വന്തമായിട്ടുള്ളപ്പോള്‍, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍, ഈ ആനയെ നിയന്ത്രിക്കാന്‍ തോട്ടിയില്ലല്ലോ, തോട്ടിയില്ലല്ലോ എന്നൊരു വ്യഗ്രതയാണ്ടായിരിക്കുന്നത്, ഉല്‍ക്കണ്ഠപ്പെടുന്നത് അര്‍ത്ഥശൂന്യമാണ്. കൈയ്യില്‍ ഇരിക്കുന്ന വലിയ നന്മയിലേയ്ക്ക് നീ ശ്രദ്ധതിരിക്കുക. അതാണ് ഈശോ പറയുന്നത്. വലിയ നന്മ ഏതാണ്? ആന! മറ്റാര്‍ക്കുമില്ലാത്ത ആനയാണ് എനിക്കുള്ളത്. അപ്പോള്‍ രാവിലെ മുതല്‍ നാം ഈ ആനയെ തന്ന ദൈവത്തിന് നന്ദിപറയുകയാണ്. എന്നു പറഞ്ഞാല്‍, focus your attention on the greater gifts that the Lord has given you. നിങ്ങള്‍ക്കായി ദൈവം നല്കിയിരിക്കുന്ന വലിയ നന്മകള്‍ ശ്രദ്ധിക്കുക. അതാണ് ഈശോ പറയുന്നത്. ആനയാണ് നന്മ. മറ്റാര്‍ക്കുമില്ലാത്ത ആന എനിക്കുണ്ടല്ലോ എന്നോര്‍ത്ത് ദൈവത്തിന് നന്ദിപറയുക. എന്നു പറഞ്ഞാല്‍, focus your attention on the greater gifts that the Lord has given you. തമ്പുരാന്‍ തന്നിരിക്കുന്ന വലിയ നന്മകളിലേയ്ക്ക് നീ ശ്രദ്ധപതിക്കുക! അല്ലാതെ കൈയ്യിലില്ലാത്ത ചെറിയ കുറവുകളെ ഓര്‍ത്തല്ല  നീ ആകുലപ്പെടേണ്ടത്.

ഒരു ഓഫിസില്‍ 10, 15 ചെറുപ്പക്കാര്‍ ജോലിചെയ്യുകയാണ്. അടുത്തകാലത്ത് വിവാഹിതരായി, കല്യാണം കഴിച്ച്, ഒരു കുഞ്ഞ് രണ്ടു കുഞ്ഞായിട്ടുള്ളവരാണ് അതില്‍ അധികംപേരും. ഭൂരിപക്ഷം പേരും തന്നെ, സാമ്പത്തികമായിട്ട് പിന്നോക്കംനില്ക്കുന്ന കുടുംബങ്ങളില്‍നിന്നു വന്നവരാണ്. അവരില്‍ അധികവും പെണ്‍കുട്ടികളുമാണ്. അതുകൊണ്ടുതന്നെ ജീവിതത്തിന്‍റെ ഉല്‍ക്കണ്ഠകളാണ് അവരുടെ മുഖത്തും മനസ്സിലും. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കുടുംബത്തിന്‍റെ ഭാരം, കുടുംബത്തിലെ പ്രശ്നങ്ങള്‍. കുഞ്ഞുങ്ങളെ വളര്‍ത്താനും പള്ളിക്കൂടത്തില്‍ വിടാനുമൊക്കെയുള്ള റ്റെന്‍ഷന്‍സ് ഉല്‍ക്കണ്ഠകളും...! ഇങ്ങനെ ജീവിതത്തിന്‍റെ ഭാരവുമായിട്ടാണ് അവര്‍ ഓഫിസില്‍ വരുന്നത്. അവരുടെ മുഖത്ത് അതുകൊണ്ടുതന്നെ അത്രവലിയ പ്രസാദമൊന്നുമില്ല. 

അങ്ങനെ ഇരുക്കുമ്പോഴാണ് ആ ഓഫിസിലേയ്ക്ക് പുതിയൊരു സ്റ്റാഫു വരുന്നത്. അവനെ ടൈപ്പിങ്ങിനായിട്ടാണ് അവര്‍ എടുത്തത്. അവന്‍ വന്നു തുടങ്ങി. ഒന്നു രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ബാക്കിയുള്ള ചെറുപ്പക്കാരുടെ മുഖത്തെല്ലാം പതിവില്‍ കൂടുതല്‍ സന്തോഷം! അവിടെല്ലാം ഒരു പ്രകാശം. ‍ഡയറക്ടര്‍ വിളിച്ച് കാരണം അന്വേഷിച്ചു. എന്താ, കാരണം നിങ്ങള്‍ക്കൊക്കെ വലിയ സന്തോഷമായല്ലോ ഇവിടെ?

പുതുതായി വന്ന പയ്യന്‍റെ കാര്യം, അവന്‍ ചെറുപ്പത്തിലേ പോളിയോ ബാധിച്ച് രണ്ടും കാലും തളര്‍ന്ന് വൈകല്യം ബാധിച്ച പയ്യനാണ്. അതുകൊണ്ട്, രണ്ടു കയ്യുംകുത്തി ഇഴഞ്ഞു കയറിയാണ് ഓഫിസിലെ കസേരയില്‍ അവന്‍ കയറി ഇരിക്കുന്നത്. എന്നിട്ട് ഇറങ്ങിപ്പോകുന്നതും അതുപോലെ! എന്തിനും ഏതിനും പരസഹായം വേണ്ടുന്ന ഒരവസ്ഥ. ഓഫിസില്‍ എന്ത്യേ ഇത്രവലിയ സന്തോഷം എന്നു ചോദിച്ചപ്പോള്‍ അവരോട് ഒരു ചെറുപ്പക്കാരി പറഞ്ഞ ഉത്തരമുണ്ട്. ഈ പയ്യന്‍ വന്നതില്‍പ്പിന്നെ നോക്കിക്കേ, അവനു രണ്ടുകാലുമില്ല! രണ്ടു കാലുമില്ലാത്തവനെ കാണുമ്പോള്‍, തമ്പുരാന്‍ എനിക്ക് രണ്ടുകാലും തന്നല്ലോ എന്ന് ഓര്‍ത്തുപോകും! ഈ ഒരു അനുഗ്രഹമല്ലേ! ഇത് ഒരു അവയവത്തിനും കുഴപ്പമില്ലാത്തവളായി ദൈവം സൃഷ്ടിച്ചു. ഈശോ പറയുന്നത് ഇതാണ്, focus your attention on the greater gifts that the Lord has given you. നിനക്കു കിട്ടിയിരിക്കുന്ന നന്മകളിലേയ്ക്കു നീ ശ്രദ്ധതിരിക്കുക., ജീവിതത്തിന്‍റെ ഉല്‍ക്കണ്ഠകള്‍ കുറയ്ക്കാനുള്ള വഴി അതാണ്. പിന്നെ ഈ പോളിയോ ബാധിച്ചവന്‍റെ കാര്യമോ? അവനും സന്തോഷമാണ്. അവന് നല്ല കഴിവുകളുണ്ട്. അവന്‍ നന്നായിട്ട് വായിക്കും, നന്നായിട്ട് എഴുതും, നന്നായിട്ട് ഡിസൈന്‍ ചെയ്യും. അതില്‍ അവന്‍ സന്തോഷവാനാണ്. അവനതില്‍ അഭിമാനംകൊള്ളുന്നവനാണ്.

ഈശോ ആവശ്യപ്പെടുന്നത് ഇതാണ്! നിനക്കു കിട്ടിയിരിക്കുന്ന വലിയ നന്മ! ജീവനാണോ, അതോ ഭക്ഷണമാണോ? ശരീരമാണോ അതോ, വസ്ത്രമാണോ? ഏതാണ് ശ്രേഷ്ഠം? നിന്‍റെ ജീവിതത്തില്‍ ശ്രേഷ്ഠമായത് നീ തിരിച്ചറിയുക. തമ്പുരാന്‍ തന്നിരിക്കുന്ന ശ്രേഷ്ഠമായ നന്മയുണ്ട് അതു നീ തിരിച്ചറിയുക. ശ്രദ്ധ തിരിക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ പറയുക. തമ്പുരാന്‍ ഇത്രയധികം നന്മ എനിക്കു തന്നല്ലോ, അതിനു നന്ദി! നന്ദി! നന്ദിയോടെ ജീവിക്കുക, അപ്പോള്‍ ജീവിതത്തിന്‍റെ റ്റെന്‍ഷന്‍സ് കുറിയ്ക്കാനുള്ള വഴി അതാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വചനംകൂടിയുണ്ട്. 27-Ɔമത്തെ വചനം പറയുന്നു, ഉല്‍ക്കണ്ഠമൂലം ആയുസ്സിന്‍റെ ദൈര്‍ഘ്യം ഒരുമുഴമെങ്കിലും കൂട്ടാന്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഈശോ പറയുന്ന ലോജിക്കാണിത്... റ്റെന്‍ഷന്‍സ് പിടിച്ചതുകൊണ്ട് ആയുസ്സിന്‍റെ ദൈര്‍ഘ്യം കൂട്ടിയെടുക്കാനാകുമോ? പറ്റുകില്ലെന്നു മാത്രമല്ല, റ്റെന്‍ഷന്‍സ് പിടിക്കുന്നതുകൊണ്ടാണ്, ഈ ബി.പി.-യും കൊളസ്ട്രോളുമൊക്കെയുണ്ടായി ജീവിതത്തിന്‍റെ ദൈര്‍ഘ്യം കുറഞ്ഞു കുറഞ്ഞു വരുന്നതും ഇക്കാലത്ത് പലരും മരിക്കുന്നതും. ആ ലോജിക്കെങ്കിലും വച്ചുനോക്കിയാല്‍, ഈശോ പറയുന്നു ഉല്‍ക്കണ്ഠപ്പെടരുത്. ഉല്‍ക്കണ്ഠപ്പെട്ടാല്‍ അപകടമാണ്. അതുകൊണ്ട് ഈശോ പറ‍ഞ്ഞു തരുന്നത്. തമ്പുരാന്‍ എന്‍റെ ജീവിതത്തില്‍ - എന്‍റെയും നിങ്ങളുടെയും ജീവിതത്തില്‍ തന്നിരിക്കുന്ന വലിയ നന്മകളുണ്ട്. പലപ്പോഴും നമ്മള്‍ അത് ഓര്‍ക്കാറില്ല. പക്ഷെ ആ വലിയ നന്മകള്‍ ശ്ര‍ദ്ധിക്കുക  രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ പറയുക, തമ്പുരാനേ, അങ്ങേയ്ക്കു നന്ദി! ഈ നന്മ, ഇത്രയും നന്മ തന്നിരിക്കുന്നതിന്, പുതുയൊരു ദിവസംകൂടി അങ്ങെനിക്കു നല്‍കിയതിന്... എന്‍റെ ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ പുതിയ മനുഷ്യരെ തന്നതിന്.... അങ്ങനെ നന്ദിപറഞ്ഞുകൊണ്ടു ജീവിക്കുമ്പോള്‍ മനസ്സിന്‍റെ ഭാരം റ്റെന്‍ഷന്‍സ് ഇല്ലാതാകുന്നു.  ഇതിന്‍റെ പിറകില്‍ ഈശോ പറഞ്ഞുവയ്ക്കുന്ന മറ്റൊരു 'ലോജിക്കു'കൂടിയുണ്ട്. നിനക്കു കിട്ടിയിരിക്കുന്ന വലിയ നന്മകളിലേയ്ക്കു ശ്രദ്ധിച്ചാല്‍, നിന്‍റെ ജീവനെ ശ്രദ്ധിക്കുക, ശരീരത്തെ ശ്രദ്ധിക്കുക. ഈ വലിയ നന്മകള്‍ തന്ന തമ്പുരാനെ ശ്രദ്ധിക്കുക. അപ്പോള്‍ തമ്പുരാന്‍ കൂടെ ചെറിയ കാര്യങ്ങളും തരും. ജീവനെ നിലനിറുത്താനുള്ള ഭക്ഷണവും, ശരീരത്തെ അണിയിക്കാനുള്ള വസ്ത്രവും തരും. ഈ പ്രത്യാശ, വലുതു തരുന്നവന്‍, ചെറുതും തരും എന്നുള്ള പ്രത്യാശ എന്നുള്ള ശരണം, എന്നുള്ള വിശ്വാസം വളര്‍ന്നുവരണം.

ഈശോ ഇന്ന് എന്നോടു പറഞ്ഞുതരുന്ന ഈ ജീവിതത്തിന്‍റെ രഹസ്യം, ജീവിതത്തില്‍ മനസ്സിന്‍റെ ഭാരം, ആകുലത ഒഴിവാക്കാനുള്ള സൂത്രമാര്‍ഗ്ഗം, ക്രിസ്തുമാര്‍ഗ്ഗമാണ്. തമ്പുരാന്‍ തന്നിരിക്കുന്ന വലിയ നന്മകള്‍ക്ക് നിന്‍റെ ജീവിതത്തിന് വലിയ നന്ദിയോടെ ജീവിക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ പറയുക. നാഥാ, നന്ദി! അങ്ങനെ ഈ വലിയ നന്മകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടു മുന്നോട്ടു പോകുമ്പോള്‍ മനസ്സില്‍ വരുന്നതെന്താണ്? വലിയ നന്മകള്‍ തന്നവന്‍ ഇനി നിനക്കു ലഭിക്കാനുള്ള, മിച്ചമുള്ള ചെറുതും തരും എന്നുള്ള പ്രത്യാശ... ഇതിന് ഏറ്റവും നല്ലൊരു ഉദാഹരണം, ഇങ്ങനെ കിട്ടിയിരിക്കുന്ന നന്മകള്‍ക്ക് നന്ദിപറഞ്ഞകൊണ്ടു ജീവിച്ചാലുള്ള വലിയ ഗുണം, ഒരു പരിണിത ഫലമുണ്ട്. ലൂക്കായുടെ സുവിശേഷം 16-Ɔ൦ അദ്ധ്യായത്തില്‍ 12-മുതലുള്ള 30-വരെയുള്ള വചനങ്ങള്‍ - 10 കുഷ്ഠരോഗികളുടെ കാര്യമാണ്. ഈശോയെ വിളിച്ചപേക്ഷിക്കുന്നു. അവര്‍ പോകുന്നവഴിയേ സൗഖ്യംപ്രാപിക്കുന്നു. ഒരുവന്‍ മാത്രം, 10-ല്‍ ഒരു സമറിയാക്കാരന്‍ മാത്രം നന്ദിപറയാന്‍ തിരിച്ചുവരുന്നു. 19-Ɔമത്തെ വചനത്തില്‍ മനസ്സിലാക്കാം അവന്‍ നന്ദിപറയാന്‍ വന്നതാണ്. നന്ദി പറയുമ്പോള്‍ എന്താണ് സംഭവിക്കുന്നത്. ബാക്കി ഒന്‍പതുപേര്‍ക്കും സൗഖ്യംകിട്ടി, എന്നാല്‍ 10Ɔ-മത്തവന് സൗഖ്യത്തോടുകൂടി മറ്റെന്താണ് കിട്ടുന്നത്. വചനം പറയുന്നു,  19,  നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു!

തമ്പുരാന്‍ നന്ന നന്മകള്‍ക്ക് നന്ദിപറയുമ്പോള്‍ സംഭവിക്കന്നത് നാം ഭൗതിക നന്മകള്‍ സ്വീകരിക്കുന്നുവെന്നു മാത്രമല്ല, അതിനുമപ്പുറത്തുള്ള രക്ഷ... ജീവന്‍ വളര്‍ന്നുവളര്‍ന്ന്, എന്‍റെ ജീവിതത്തില്‍ തമ്പുരാന്‍ തന്നിരിക്കുന്ന നന്മകള്‍ കൂടുതല്‍ കൂടുതല്‍ വളര്‍ന്ന് മരണവും കഴിഞ്ഞ് അതിനുമപ്പുറത്ത് നിലനില്‍ക്കുന്ന അവസ്ഥയില്‍ എത്തിച്ചേരുന്നു – രക്ഷയുടെ മാര്‍ഗ്ഗത്തില്‍ എത്തിച്ചേരുന്നു! ഇതാണ് ഈശോ പറഞ്ഞുതരുന്ന രക്ഷയുടെ വഴി.                    

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയേ, എന്‍റെ ജീവിതത്തില്‍ അനേകം ഉല്‍ക്കണ്ഠകളും ആകുലതകളുമുണ്ട്, അവ എന്‍റെ ജീവിതത്തെ ഭരിക്കുന്നുണ്ട്. രാവിലെ ഉണരുമ്പോള്‍ മുതല്‍ പലതിനെക്കുറിച്ചും ആകുലചിത്തനാണ്.  ഈശോയേ, അങ്ങു പറഞ്ഞു തരുന്ന ജീവിതത്തിന്‍റെ രഹസ്യം മനസ്സിലാക്കാനുള്ള കൃപ തരിക. വലിയ നന്മകള്‍ തരുന്നവന്‍ ആവശ്യമുള്ള ചെറിയ നന്മകളും തരും, എന്നുള്ള പ്രത്യാശ അതിലൂടെ വളര്‍ന്നുവളര്‍ന്നു വരും. അങ്ങനെ നന്മകള്‍ക്കു നന്ദിപറഞ്ഞുകൊണ്ടു ജീവിക്കുമ്പോള്‍ എന്‍റെ ജീവന്‍ കൂടുതല്‍ സജീവമാകും, തീര്‍ന്നില്ല, മരണം കഴിഞ്ഞാലും അതിനുമപ്പുറത്തേയ്ക്കു നീളുന്ന ജീവിതമായി മാറും – നിത്യജീവന്‍, രക്ഷ! ഈശോയേ, ഈ വലിയ അനുഗ്രഹം എനിക്കു തരണമേ! ‌ആമേന്‍!   








All the contents on this site are copyrighted ©.