2017-02-24 13:04:00

യേശു കാട്ടുന്നത്, സത്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും പാത


ധര്‍മ്മാധര്‍മ്മവിവേചന യുക്തിയുടെയല്ല സത്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും പാതയാണ് യേശു കാട്ടിത്തരുന്നതെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച (24/02/14) രാവിലെ അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ നടത്തിയ വചനവിശകലനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.

മര്‍ക്കോസിന്‍റെ സുവിശേഷം പത്താം അദ്ധ്യായത്തില്‍ 1 മുതല്‍ 12 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന സംഭവം, അതായത്, ചില ഫരിസേയര്‍ യേശുവിനെ പരീക്ഷിക്കുന്നതിനായി വിവാഹമോചനത്തെക്കുറിച്ച് ഉന്നയിക്കുന്ന ചോദ്യവും യേശുവിന്‍റെ ഉത്തരവും ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

മോശ വിവാഹമോചനം അനുവദിച്ചത് ആ ജനത്തിന്‍റെ ഹൃദയകാഠിന്യം കൊണ്ടാണെന്നും എന്നാല്‍ ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്തരുതെന്നും യേശു വ്യക്തമാക്കുന്നത് അനുസ്മരിച്ചുകൊണ്ട് പാപ്പാ, ധര്‍മ്മാധര്‍മ്മ വിവേചനയുക്തി കാപട്യത്തിലേക്കു നയിക്കുന്ന അപകടം എടുത്തുകാട്ടുകയും കാരുണ്യാധിഷ്ഠിതമായ നീതിയാണ് വേണ്ടെതെന്ന് ഊന്നിപ്പറയുകയും ചെയ്തു. ആകയാല്‍ ക്രൈസ്തവന്‍റെ പാത ധര്‍മ്മാധര്‍മ്മവിവേചനയുക്തിക്ക് വിധേയമാകാതെ സത്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും ആയിരിക്കുമെന്ന് പാപ്പാ വിശദീകരിച്ചു.കാരുണ്യത്തോടുകൂടിയ നീതിമാനായിരിക്കുന്നതിനുള്ള അനുഗ്രഹത്തിനായി നാം പ്രാര്‍ത്ഥിക്കണമെന്ന് ഉപദേശിച്ച പാപ്പാ ദൈവത്തില്‍ നീതിയും കാരുണ്യവും രണ്ടല്ല ഒന്നാണെന്നും നീതിയുടെയും കാരുണ്യത്തിന്‍റെയും മാര്‍ഗ്ഗം ആയാസകരമാണെന്നും ഉദ്ബോധിപ്പിച്ചു.    








All the contents on this site are copyrighted ©.