2017-02-23 19:33:00

അശാന്തി അനുഭവിക്കുന്ന ലോകത്തിന് വചനമേകുന്ന വെളിച്ചം


ഹെബ്രായ സമൂത്തിന്‍റെ തോറ – പഴയനിയമ ഗ്രന്ഥം പരിഷ്ക്കരിച്ച ഹെബ്രായ പണ്ഡിതന്മാരുടെ രാജ്യാന്തര പ്രതിനിധി സംഘത്തിന് പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശമാണ് താഴെ ചേര്‍ക്കുന്നത്. പരിഷ്ക്കരണത്തിന് നേതൃത്വംനല്കിയത് ബ്യൂനസ് ഐരസില്‍ തന്‍റെ സുഹൃത്തായ റാബായ് അബ്രാഹം സ്കോര്‍ക്കയാണ്. റാബായ് സ്കോര്‍ക്കയുടെ നേതൃത്വത്തില്‍ 89-പേരാണ് വത്തിക്കാനിലെത്തിയത്.

 ഫെബ്രുവരി 23 - വ്യാഴാഴ്ച രാവിലെയായിരുന്നു പാപ്പായുമായുള്ള കൂടിക്കാഴ്ച.

ബഹുവര്‍ണ്ണത്തില്‍ പരിഷ്ക്കരിച്ചിറക്കിയ ഹെബ്രായ  വിശുദ്ധഗ്രന്ഥം - ‘തോറ’യുടെ പതിപ്പ് (New Edition of the Jewish Torah) റാബായ് അബ്രാഹം സ്കോര്‍കയില്‍നിന്നും സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ഹ്രസ്വപ്രഭാഷണം നല്കിയത്.

ഗ്രന്ഥത്തിന്‍റെ ഭൗതികമൂല്യത്തിലും മേലായ ഒരു ആത്മീയമൂല്യമാണ് ബൈബിളിന്‍റെ പ്രചാരണത്തിലും അതിന്‍റെ പ്രഘോഷണത്തിലുമുള്ളതെന്ന്  പാപ്പാ ഫ്രാന്‍സിസ് ആമുഖമായി പ്രസ്താവിച്ചു. ദൈവത്തിന്‍റെ സജീവവും ജീവല്‍ബന്ധിയുമായ പ്രബോധനമാണ് ‘തോറ’ – പഴയനിയമം. ഈ അമൂല്യഗ്രന്ഥത്തിന്‍റെ പകര്‍പ്പ് തനിക്കു സമ്മാനിക്കുന്നത് ഹെബ്രായ-ക്രൈസ്തവ ബന്ധത്തിന്‍റെ ചരിത്രത്തിലെ അഭേദ്യമായ വിശ്വാസകണ്ണിയും, ഭൂമിയില്‍ ഇന്നും തുടരുന്ന ദൈവജനത്തിന്‍റെ വിശ്വാസപ്രയാണത്തിന്‍റെയും പുറപ്പാടിന്‍റെയും ചരിത്രസാക്ഷ്യവുമാണ്.

പിതാവായ ദൈവത്തിന് തന്‍റെ ജനത്തോടുള്ള സജീവമായ സ്നേഹത്തിന്‍റെ വാക്കിലും പ്രവൃത്തിയിലുമുള്ള പ്രകരണങ്ങളാണ് പഴയനിയമ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സ്നേഹമാണ് ഉടമ്പടിയായി മാറിയത്. മനുഷ്യരെ ദൈവവുമായി ഒന്നിപ്പിച്ച പ്രക്രിയയാണ് ഉടമ്പടി. മനുഷ്യര്‍ക്ക് പരസ്പരവും ഭൂമിക്കും അനുഗ്രഹമാകാന്‍ അബ്രാഹവുമായി ദൈവം ഉടമ്പടിചെയ്യുകയും, ഒരു ജനതയെ വിളിക്കുകയും അവരെ രൂപീകരിക്കുകയുംചെയ്തു.  ഉടമ്പടിയിലെ ശ്രേഷ്ഠനും വിശ്വസ്തനുമായ പങ്കാളി ദൈവംതന്നെ!

കൂട്ടായ്മയിലും ഐക്യത്തിലും  ഭൂമുഖത്തെ എല്ലാ സ്ത്രീപുരുഷന്മാരും സൃഷ്ടിയോടും സഹോദരങ്ങളോടും, ഒപ്പം സ്രഷ്ടാവിനോടും ഐക്യപ്പെട്ടു ജീവിക്കണമെന്നതാണ് ദൈവിക ഉടമ്പടി. വാക്കാലും പ്രവൃത്തിയാലും ഏറെ ദയനീയമായ വിധത്തില്‍ ഭിന്നിപ്പിലും ശത്രുതയിലുമാണ് ലോകത്ത് ഇന്ന് മനുഷ്യര്‍ ജീവിക്കുന്നത്. അങ്ങനെ നമുക്കുചുറ്റും അസമാധാനത്തിന്‍റെ ഇരുട്ടുപടരുമ്പോള്‍ ഉടമ്പടിയുടെ നിയമവും ദൈവവചനവുമാണ് ലോകത്തിന് നന്മയുടെ മാര്‍ഗ്ഗദീപമാകേണ്ടത്.

‘തോറ’യുടെ ഈ നവീകരിച്ച പതിപ്പിലുള്ള വിവിധ രാജ്യാക്കാരുടെ പങ്കാളിത്തം ദൈവിക ‘ഉടമ്പടി’യിലുള്ള ജനതകളുടെ കൂട്ടായ്മയാണ് പ്രതിഫലിപ്പിക്കുന്നത്. അഭിനന്ദനങ്ങള്‍!  യഹൂദരും ക്രൈസ്തവരും തമ്മിലുള്ള സഹോദര്യസംവാദവും സ്ഥാപനവും ഇനിയും ഊര്‍ജ്ജിതപ്പെടട്ടെ! ഈ ആശംസയോടും, പ്രാര്‍ത്ഥനയോടുംകൂടിയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.