2017-02-22 18:29:00

പാപ്പായുടെ സന്ദേശങ്ങളും ഫോട്ടുകളും ഉപയോഗിക്കുന്നത് നിയമാനുസൃതമായിരിക്കണം


പാപ്പായുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങളുടെയും ഉപയോഗത്തില്‍ രാജ്യാന്തര നിയമങ്ങള്‍ പാലിക്കണമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവന അറിയിച്ചു.

പാപ്പായുടെ പ്രഭാഷണങ്ങള്‍, പ്രസംഗങ്ങള്‍, സന്ദേശങ്ങള്‍ എന്നിവയ്ക്കൊപ്പം ചിത്രങ്ങളും ഫോട്ടോകളും ഉപയോഗിക്കുന്നതില്‍ രാജ്യാന്തര നിയമങ്ങള്‍ പാലിക്കണമെന്ന് ഫെബ്രുവരി 22-Ɔ൦ തിയതി ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ വത്തിക്കാന്‍ ആവശ്യപ്പെട്ടു.

ചിന്തകളുടെ സമഗ്രത നഷ്ടപ്പെടുത്തുന്ന വിധത്തില്‍ പാപ്പായുടെ പ്രബോധനങ്ങള്‍ വളച്ചൊടിക്കുവാനോ, സൗകര്യാര്‍ത്ഥമുള്ള വ്യാഖ്യാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പ്രസിദ്ധപ്പെടുതത്തുവാനോ പാടുള്ളതല്ല. അതുപോലെ പാപ്പായുടെ വ്യക്തിത്വത്തെ തരംതാഴ്ത്തുന്ന വിധത്തിലോ അവഹേളിക്കുന്ന വിധത്തിലോ ചിത്രങ്ങളോ ഫോട്ടോകളോ ഉപയോഗിക്കുകയാണെങ്കിലും രാജ്യാന്തര നിയമങ്ങള്‍ക്ക് അനുസൃതമായി വത്തിക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

പാപ്പായുടെ പ്രബോധനങ്ങളുടെയും ഫോട്ടോകളുടെയും ഉപയോഗത്തില്‍ എന്നപോലെ, പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥാനികചിഹ്നം, മുദ്രകള്‍ എന്നിവയുടെ ഉപയോഗത്തിലും കൃത്യതയും വിശ്വസ്തതയും പാലിക്കേണ്ടതുണ്ടെന്നും, നിയമങ്ങളുടെ പിന്‍ബലത്തില്‍ അവ പൂര്‍വ്വോപരി സംരക്ഷിക്കപ്പെടുമെന്നും, അലംഭാവം കാണിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നിയമപരമായി ഇടപെടുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

ഇതുപ്രകാരം പാപ്പായുടെ എല്ലാ പ്രബോധനങ്ങളും സമഗ്രമായും, വിശ്വസ്തമായും കൈമാറാനും വിവര്‍ത്തനംചെയ്യാനും, ആശയവിനിമയംചെയ്യാനുമുള്ള ഉത്തരവാദിത്ത്വത്തില്‍ ആരും വീഴ്ചവരുത്തരുതെന്ന് പ്രസ്താവന താക്കീതു നല്‍കി. 

ചിത്ര - പാപ്പാ ഫ്രാന്‍സിസ് ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാ വേദിയില്‍... 22 ഫെബ്രുവരി 2017. 








All the contents on this site are copyrighted ©.