2017-02-22 17:53:00

തെക്കന്‍ സുഡാന്‍റെ സമാധാനത്തിനായി പാപ്പാ ഫ്രാന്‍സിസിന്‍റെ പൊതുഅഭ്യര്‍ത്ഥന


തെക്കന്‍ സുഡാനിലെ സഹോദരഹത്യയ്ക്ക് അറുതിവരുത്തണമെന്ന് പാപ്പാ ഫ്രാന്‍സിസ്  പൊതുഅഭ്യര്‍ത്ഥന നടത്തി.

ഫെബ്രുവരി 22-Ɔ൦ തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് തന്നെ കേള്‍ക്കാന്‍ എത്തിയ ആയിരങ്ങളോടും ലോകത്തോടുമായി തെക്കന്‍ സു‍ഡാനുവേണ്ടി പാപ്പാ ഫ്രാന്‍സിസ് സമാധാന അഭ്യര്‍ത്ഥന നടത്തിയത്.

കാലാവസ്ഥ കെടുതിമൂലമുള്ള കൊടുംപട്ടിണിയും അഭ്യന്തര കലാപത്തിന്‍റെ നിരന്തരമായ സംഘട്ടനങ്ങളും തെക്കന്‍ സുഡാനില്‍ കുഞ്ഞുങ്ങള്‍ അടക്കമുള്ള നൂറകണക്കിനുപേരുടെ മരണത്തിന് ഇടയാക്കുന്നുണ്ട്. ചുറ്റും മുഴങ്ങുന്ന ദാരിദ്ര്യത്തിന്‍റെ രോദനം തെക്കന്‍ സുഡാനിലെ രാഷ്ട്രീയ കലാപവുമായി ഇടകലര്‍ന്ന് സഹോദരഹത്യയിലേയ്ക്കും കൂട്ടക്കുരിതിയിലേയ്ക്കും ഇന്നു വളര്‍ന്നിട്ടുണ്ടെന്ന് പാപ്പാ വേദനയോടെ ചൂണ്ടിക്കാട്ടി.

കലാവസ്ഥാ കെടുതിയും ശക്തമായ വരള്‍ച്ചയും കാരണമാക്കുന്ന ദാരിദ്ര്യം രൂക്ഷമാവുകയും കൊടുമ്പിരിക്കൊണ്ടു നിലക്കുകയും ചെയ്യുമ്പോള്‍, പരസ്പരം സഹായിക്കുന്നതിനു പകരം കൊലചെയ്യുന്ന സ്വാര്‍ത്ഥതയുടെ ചുറ്റുപാടു മാറ്റിയെടുക്കാനും, സമാധാനം പുനര്‍സ്ഥാപിക്കാന്‍ പോരുന്ന സാമൂഹിക അവബോധം വളര്‍ത്തിയെടുക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.  

സമാധാനത്തിന് വിഘ്നമാകുന്ന എല്ലാപ്രവൃത്തികളും പ്രസ്താവനകളും ഈ സാഹചര്യത്തില്‍  ഒഴിവാക്കണമെന്നു മാത്രമല്ല, ജനങ്ങള്‍ക്ക് ഭക്ഷണം, ജലം, മരുന്ന് എന്നിവ അ‌‌ടിയന്തിരമായി എത്തിച്ചുകൊടുക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു. പുതിയ രാഷ്ട്രമായ തെക്കന്‍ സു‍ഡാന്‍ ഇന്നു നേരിടുന്ന കെടുതിയെ മറികടക്കാന്‍ ക്രിയാത്മകമായ പ്രവൃത്തനങ്ങള്‍ക്ക് പിന്‍തുണനല്കണമെന്നും, അതിനായി എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്നും പാപ്പാ പൊതുവായ അഭ്യര്‍ത്ഥന ന‌ടത്തി.

ചിത്രം –അങ്ങ് അകലെ ആകാശത്തുനിന്നും വീഴുന്ന യുഎന്നിന്‍റെ ഭക്ഷണപ്പൊതികള്‍ വറുതിയുടെ പൊരിവയറുമായി നോക്കിനില്ക്കുന്ന ബാലന്‍...








All the contents on this site are copyrighted ©.