2017-02-20 12:40:00

"തിന്മ, നന്മയുടെ അഭാവം" - പാപ്പായുടെ ത്രികാലജപ വിചിന്തനം


റോമാപുരി കതിരവകിരണങ്ങളാല്‍ കുളിച്ചുനിന്ന ഈ ഞായറാഴ്ചയും (19/02/17)  വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച  മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കുയു‌ടെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ത്രികാല ജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30 ന്, പപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനങ്ങളുടെ ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.  ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ പതിവുപോലെ, ഒരു സന്ദേശം നല്കി. ഈ ഞായറാഴ്ച (19/02/17) ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട മത്തായിയുടെ സുവിശേഷം അദ്ധ്യായം 5, 38 മുതല്‍ 48 വരെയുള്ള വാക്യങ്ങള്‍, അതായത്, വലതു കരണത്തടിക്കുന്നവന് ഇടുതുകരണം കൂടി കാണിച്ചുകൊടുക്കാനും ശത്രുക്കളെ സ്നേഹിക്കാനും യേശു ഉപദേശിക്കുന്ന സുവിശേഷഭാഗം ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് ആധാരം.

പാപ്പായുടെ പരിചിന്തനം ഇപ്രകാരം പരിഭാഷപ്പെടുത്താം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ഈ ഞായറാഴ്ചത്തെ (19/02/17) സുവിശേഷത്തില്‍- ക്രൈസ്തവ “വിപ്ലവാത്മകത”യെ ഉപരിമെച്ചപ്പെട്ട രീതിയില്‍ ആവിഷ്കരിക്കുന്ന താളുകളില്‍ ഒന്നില്‍- യേശു, “കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്” എന്ന പ്രതികാരത്തിന്‍റെ നിയമത്തെ സ്നേഹത്തിന്‍റെ നിയമംകൊണ്ട് മറികടക്കുന്ന യഥാര്‍ത്ഥ നീതിയുടെ വഴി കാട്ടിത്തരുന്നു. “കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്” എന്ന പുരാതന നിയമം, തെറ്റു ചെയ്തവര്‍ക്ക്, അവരുളവാക്കിയ ഹാനിക്കു തുല്യമായ ശിക്ഷയാണ് നല്കുന്നത്. അതായത്, കൊലപാതകിക്ക് വധശിക്ഷ, മുറവേല്പിച്ചവര്‍ക്ക് അംഗവിച്ഛേദ ശിക്ഷ എന്നിങ്ങനെ. യേശു ശിഷ്യരോട് തിന്മകള്‍ അനുഭവിക്കാനല്ല ആവശ്യപ്പെടുന്നത് മറിച്ച് തെറ്റുകളോടു പ്രതികരിക്കാനാണ്. എന്നാല്‍ തിന്മയെ മറ്റൊരു തിന്മകൊണ്ടല്ല നന്മ കൊണ്ട് പ്രതികരിക്കാനാണ് അവിടന്ന് ആവശ്യപ്പെടുന്നത്. അങ്ങനെ തിന്മയുടെ ചങ്ങല ഭേദിക്കപ്പെടും. ഒരു തിന്മ മറ്റൊരു തിന്മയ്ക്ക്, ആ തിന്മ വേറൊരു തിന്മയ്ക്കു കാരണമായി തീര്‍ക്കപ്പെടുന്ന തിന്മയുടെ ചങ്ങല അങ്ങനെ വിച്ഛദിക്കപ്പെടുന്നു, കാര്യങ്ങളെ മാറ്റിമറിക്കുന്നു. തിന്മ, വാസ്തവത്തില്‍, ഒരു ശൂന്യതയാണ്. നന്മയുടെ അഭാവമാണത്. ഒരു ശൂന്യതയെ മറ്റൊരു ശൂന്യത കൊണ്ട് നികത്താനാകില്ല. ഒരു “ തികവു” കൊണ്ട് അതായത്, നന്മ കൊണ്ടു മാത്രമെ നിറയ്ക്കാന്‍ സാധിക്കൂ. പ്രത്യാക്രമണം ഒരിക്കലും സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമുണ്ടാക്കില്ല. “നീ എന്നോടു ചെയ്തതിന് ഞാന്‍ പ്രിതകാരം ചെയ്യും” – ഈ മനോഭാവം ഒരിക്കലും സംഘര്‍ഷത്തിന് അറുതി വരുത്തില്ല എന്നു തന്നെയുമല്ല അത് ക്രിസ്തീയവുമല്ല.

അക്രമത്തെ നിരാകരിക്കല്‍, യേശുവിന്‍റെ വീക്ഷണത്തില്‍, ന്യായമായ ഒരവകാശം പരിത്യജിക്കലും ഉള്‍ക്കൊള്ളാം. അതിനുള്ള ചില ഉദാഹരണങ്ങളാണ്, മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 39 മുതല്‍ 42 വരെയുള്ള വാക്യങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന, മറ്റേ കരണം കൂടി കാണിച്ചുകൊടുക്കല്‍, സ്വന്തം വസ്ത്രമോ പണമോ കൊടുക്കല്‍, മറ്റു ത്യാഗ പ്രവൃത്തികള്‍ എല്ലാം. ഈ ത്യാഗം കൊണ്ട് അര്‍ത്ഥമാക്കുന്നത് നീതിയുടെ ആവശ്യങ്ങള്‍ അവഗണിക്കണമെന്നൊ അവയെ എതിര്‍ക്കണമെന്നൊ അല്ല. നേരെ മറിച്ച്, കാരുണ്യത്തില്‍ സവിശേഷമാം വിധം പ്രകാശിതമാകുന്ന ക്രിസ്തീയ സ്നേഹം നീതിയുടെ ഉന്നതമായ ഒരാവിഷ്ക്കാരത്തെ പ്രതിനിധാനം ചെയ്യുന്നു എന്നാണ്. നീതിയും പ്രതികാരവും തമ്മിലുള്ള വ്യക്തമായ അന്തരം എന്തെന്ന് നമ്മെ പഠിപ്പിക്കാനാണ് യേശു ആഗ്രഹിക്കുന്നത്. നീതിയും പ്രതികാരവും. പ്രതികാരം ഒരിക്കലും സംഗതമല്ല. നമുക്ക് നീതി ആവശ്യപ്പെടാന്‍ അനുവാദമുണ്ട്; നീതി അഭ്യസിക്കുക നമ്മുടെ കടമയുമാണ്. എന്നാല്‍ വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും ആവിഷ്കാരമായ പ്രതികാരം ചെയ്യാനോ, പ്രതികാരാഭിവാഞ്ഛ ഏതെങ്കിലും തരത്തില്‍ ഊട്ടിവളര്‍ത്താനൊ നമുക്കനുവാദമില്ല.

നൂതനമായൊരു പൗരനിയമം നിര്‍ദ്ദേശിക്കാനല്ല മറിച്ച്, ശത്രുക്കളോടുള്ള സ്നേഹവും ഉള്‍ക്കൊള്ളുന്ന പരസ്നേഹത്തിന്‍റെ കല്പന നല്കാനാണ് യേശു ഉദ്ദേശിക്കുന്നത്, “ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ പീഢിപ്പിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍”. ഇത് എളുപ്പമല്ല. ശത്രു ചെയ്ത തിന്മയെ അംഗീകരിക്കലായി ഈ വാക്കുകളെ മനസ്സിലാക്കരുത്. മറിച്ച് സ്വിര്‍ഗ്ഗീയ പിതാവിന്‍റെതിനോടു സമാനമായ, ഉന്നതമായ, മഹാമനസ്കതയാര്‍ന്ന ഒരു വീക്ഷണത്തിനുള്ള ക്ഷണമാണ്. യേശു പറയുന്നു: സ്വര്‍ഗ്ഗസ്ഥനായ പിതാവ്, “ദുഷ്ടരുടെയും ശിഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കയും ചെയ്യുന്നു” (മത്തായി 5,45) ശത്രുവും, വാസ്തവത്തില്‍, ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യവ്യക്തിയാണ്. എന്നാല്‍ അതിനനുയോച്യമല്ലാത്ത ഒരു പ്രവൃത്തിയാല്‍ ഈ ഛായയ്ക്ക് മങ്ങലേല്പിക്കപ്പെടുന്നു.

നാം”ശത്രുവിനെ”ക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ വ്യത്യസ്തരും വിദൂരസ്ഥരുമായ ആരെയെങ്കിലുംകുറിച്ചല്ല ചിന്തിക്കേണ്ടത്; നമ്മുടെ അയല്‍ക്കാരുമായും, ചിലപ്പോഴൊക്കെ നമ്മുടെ കുടുംബാംഗങ്ങളുമായും കലഹത്തിലാകാവുന്ന നമ്മെക്കുറിച്ചു തന്നെയാണ് നാം സംസാരിക്കുന്നത്. കുടുംബങ്ങളില്‍ ശത്രുത എത്രമാത്രം! നാം ഇതെക്കുറിച്ച് ചിന്തിക്കണം. നമ്മെക്കുറിച്ച് മോശമായി സംസാരിക്കുന്നവരെയും നമ്മെ അപവദിക്കുന്നവരെയും, നമ്മെ ദ്രോഹിക്കുന്നവരെയും നാം ശത്രുക്കളായി കാണുന്നു. ഇവരോടെല്ലാം നന്മ കൊണ്ട് പ്രതികരിക്കുകയെന്നത് അത്ര എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതല്ല. എന്നാല്‍ അവരോടെല്ലാം സ്നേഹത്താല്‍ പ്രചോദിതരായി  നന്മകൊണ്ട് പ്രതികരിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. നന്മയ്ക്കും തനതായ തന്ത്രങ്ങളുണ്ട്.

മാനവാന്തസ്സിനെ യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തുന്നതും സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവിന്‍റെ  മക്കള്‍ക്കടുത്തവിധം ജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതുമായ ആയാസകരമായ ഈ പാതയിലൂടെ യേശുവിനെ അനുഗമിക്കാന്‍ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. ക്ഷമയും സംഭാഷണവും മാപ്പുനല്കലും അഭ്യസിക്കാനും കൂട്ടായ്മയുടെ ശിലിപികളും, അനുദിന ജീവിതത്തില്‍, സര്‍വ്വോപരി നമ്മുടെ കുടുംബത്തില്‍, സാഹോദര്യത്തിന്‍റെ കൈപ്പണിക്കാരുമാകാന്‍ മറിയം നമ്മെ സഹായിക്കട്ടെ.   

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്     കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു. ആശീര്‍വ്വാദാനന്തരം പാപ്പാ ആഫ്രിക്കന്‍ നാടായ കോംഗൊ റിപ്പബ്ലിക്കിലെ കസായി സെന്‍ട്രല്‍ പ്രദേശത്ത് നടക്കുന്ന നിഷ്ഠൂരാക്രമണങ്ങളിലുള്ള തന്‍റെ അത്യധികമായ വേദന അറിയിച്ചു.

അക്രമത്തിനിരകളായവരുടെ വിശിഷ്യ, പോരാളികളാക്കി മാറ്റുന്നതിന് കുടുംബങ്ങളിലും വിദ്യലായങ്ങളിലും നിന്ന് പിടിച്ചു കൊണ്ടുപോകപ്പെട്ട അനേകരായ കുട്ടികളുടെ കാര്യത്തിലുള്ള തന്‍റെ അഗാധ ദുഃഖം പാപ്പാ പ്രകടിപ്പിച്ചു. കിശോര സൈനികര്‍- അത് ഒരു ദുരന്തമാണെന്നു പാപ്പാ പറഞ്ഞു. പ്രയാസങ്ങളേറെയുള്ള ആ പ്രദേശത്ത് പ്രവര്‍ത്തനനിരതരായിരിക്കുന്ന മത ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് പാപ്പാ തന്‍റെ  സമീപ്യവും പ്രാര്‍ത്ഥനയും ഉറപ്പു നല്കി. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ഉചിതവും സത്വരവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ദേശീയ പൗരാധികാരികളുടെയും അന്താരാഷ്ട്രസമൂഹത്തിന്‍റെ പ്രതിനിധികളു‌ടെയും മനസ്സാക്ഷിയോടും ഉത്തരവാദിത്വത്തോടുമുള്ള തന്‍റെ ഹൃദയംഗമമായ അഭ്യര്‍ത്ഥന പാപ്പാ നവീകരിച്ചു. കോംഗൊ റിപ്പബ്ലിക്കിലും ആഫ്രിക്കയിലെ ഇതര രാജ്യങ്ങളിലും, ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും, അക്രമവും യുദ്ധവും മൂലം യാതനകളനുഭവിക്കുന്നവര്‍ക്കു വേണ്ടി, വിശിഷ്യ, ഇക്കഴിഞ്ഞ ദിനങ്ങളില്‍ പൈശാചിക ഭീകരപ്രവര്‍ത്തനത്തിന്‍റെ പ്രഹരമേറ്റ പാക്കിസ്ഥാനിലെയും ഇറാക്കിലെയും പ്രിയപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി, ഈ ആക്രമണങ്ങളില്‍ മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും അവരു‍ടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി, പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. വിദ്വേഷത്താല്‍ കഠിനമായിത്തീര്‍ന്ന ഹൃദയങ്ങള്‍ ദൈവഹിതാനുസാരമുള്ള സമാധാനത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് തീക്ഷണതയോടെ പ്രാര്‍ത്ഥിക്കാന്‍ പാപ്പാ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് അല്പസമയത്തെ മൗനപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ നന്മനിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥന ചൊല്ലി.തദ്ദനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിധരാജ്യാക്കാരായ സകലരെയും വിവിധ പ്രസ്ഥാനങ്ങളെയും പ്രത്യേകം അഭിവാദ്യം ചെയ്തു.എല്ലാവര്‍ക്കും ശുഭ ഞായര്‍, നല്ലദിനം ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന പതിവ് അഭ്യര്‍ത്ഥന നവീകരിക്കുകയും എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ചെയ്തു. തദ്ദനന്തരം, ഇറ്റാലിയന്‍ ഭാഷയില്‍, “അറിവെദേര്‍ചി” (arrivederci) അതായത് വീണ്ടും കാണമെന്ന് പറഞ്ഞുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.