2017-02-18 12:10:00

പാവപ്പെട്ടവര്‍ക്കായുള്ള പ്രവര്‍ത്തനവും ക്രിസ്തീയ സാക്ഷ്യവും


പാവപ്പെട്ടവരോടൊപ്പവും പാവപ്പെട്ടവര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുക ക്രിസ്തീയ സാക്ഷ്യത്തിന്‍റെ ആവശ്യകതയാണെന്ന് മാര്‍പ്പാപ്പാ.

ഈ ശൈലി സവിശേഷതയായുള്ള സന്ന്യസ്ത സമൂഹം, അതായത്, “പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവത്തിന്‍റെ മരിയന്‍ വൈദികര്‍” (CONGREGATION OF MARIAN FATHERS OF THE IMMACULATE CONCETION OF BLESSED VIRGIN MARY) പൊതുസംഘം അഥവാ ജനറല്‍ ചാപ്റ്റര്‍ ചേര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍, പ്രസ്തുത സമൂഹത്തിന്‍റെ നാല്പതോളം പ്രതിനിധികളെ ശനിയാഴ്ച (18/02/17) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പാവപ്പെട്ടവരും, എളിയവരുമായവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ സുവിശേഷം പ്രഘോഷിച്ചുകൊണ്ട് അവര്‍ക്ക് സേവനമേകുന്ന പാരമ്പര്യം തുടരാന്‍ പാപ്പാ ഈ മരിയന്‍ വൈദികര്‍ക്ക് പ്രചോദനം പകര്‍ന്നു.നമ്മുടെ ഇക്കാലഘട്ടത്തിലെ ജനങ്ങള്‍ക്ക് ഗ്രാഹ്യമായവിധത്തില്‍ സുവിശേഷം പ്രഘോഷിക്കുകയെന്ന വലിയ വെല്ലുവിളി സാംസ്കാരികാനുരൂപണം ഉയര്‍ത്തുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഏക മാനവരക്ഷകനായ യേശുവിനെ അറിയാത്ത അനേകര്‍ ഇന്നുമുണ്ടെന്നും വിശ്വാസികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായ അനീതിയുടെ അവസ്ഥകളും ധാര്‍മ്മികവും ഭൗതികവുമായ ബുദ്ധിമുട്ടുകളും വിരളമല്ലെന്നും ആകയാല്‍ സുവിശേഷം അറിയിക്കുകയെന്ന അടിയന്തര ദൗത്യം നിര്‍വ്വഹിക്കുന്നതിന് വ്യക്തിപരവും സമൂഹപരവുമായ മാനസ്സാന്തരം അനിവാര്യമാണെന്നും പാപ്പാ പറഞ്ഞു.ദൈവകൃപയുടെ പ്രവര്‍ത്തനത്തിന് പൂര്‍ണ്ണമായി തുറന്നിട്ട ഹൃദയങ്ങള്‍ക്കു   മാത്രമെ കാലത്തിന്‍റെ അടയാളങ്ങള്‍ വ്യാഖ്യാനിക്കാനും പ്രത്യാശയും സമാധാനവും ആവശ്യമായിരിക്കുന്ന നരകുലത്തിന്‍റെ   അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാനും കഴിയുകയുള്ളുവെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

 ഫ്രാന്‍സീസ് പാപ്പാ 2016 ജൂണ്‍ 5 ന് വിശുദ്ധനായി പ്രഖ്യാപിച്ച, പോളണ്ട് സ്വദേശിയായ വിശുദ്ധ സ്തനിസ്ലാവ് പാപ്ചിന്‍സ്കി 1673 ല്‍ സ്ഥാപിച്ചതാണ് “പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവത്തിന്‍റെ മരിയന്‍ വൈദികര്‍” എന്ന സന്ന്യസ്ത സമൂഹം.19 നാടുകളിലായി 500 ഓളം വൈദികര്‍ ഈ സമൂഹത്തില്‍ അംഗങ്ങളാണ്.   








All the contents on this site are copyrighted ©.