2017-02-18 13:28:00

ഫ്രാന്‍സിന്‍റെ ഭ്രൂണഹത്യാനുകൂല നിയമത്തിനെതിരെ.


സ്വന്തം കുഞ്ഞിനെ ഉദരത്തില്‍ വച്ചുതന്നെ നശിപ്പിക്കാന്‍ തുനിയുന്ന സ്ത്രീകളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമം ശിക്ഷാര്‍ഹമാക്കുന്ന നിയമം ഫ്രാന്‍സിന്‍റെ പാര്‍ലിമെന്‍റ് അംഗീകരിച്ചതിനെതിരെ കത്തോലിക്കരും അകത്തോലിക്കരും ഒരു പോലെ എതിര്‍ക്കുന്നു.

ഭ്രൂണഹത്യയ്ക്കെതിരായി, ജീവനനുകൂലമായ ചിന്തകളും വിവരങ്ങളും നല്കുന്ന വെബ് പേജുകള്‍ക്ക്, “പരപ്രേരണകൂടാതെയുള്ള ഗര്‍ഭമലസിപ്പിക്കലിന് വിഘാതം സൃഷ്ടിച്ചു” എന്ന കുറ്റം ചുമത്തി  2 വര്‍ഷം വരെ തടവും 30000 യൂറോ, ഏതാണ്ട് 21 ലക്ഷം രൂപ പിഴയും ശിക്ഷയായി വ്യവസ്ഥചെയുന്ന നിയമം വ്യാഴാഴ്ച(16/02/17) ആണ് പാര്‍ലിമെന്‍റ് അംഗീകരിച്ചത്.

“ജീവന്‍റെ അവകാശത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും ഇരുളടഞ്ഞ ഒരു ദിനം” എന്നാണ് കത്തോലിക്ക കുടുംബ സംഘടനകളും മറ്റും ആ ദിവസത്തെ വിശേഷിപ്പിക്കുന്നത്.

ഫ്രാന്‍സില്‍ അനുവര്‍ഷം 2 ലക്ഷം ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ട്. ഭ്രൂണഹത്യയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള ഇന്‍റര്‍നെറ്റ് സംവിധാനങ്ങളില്‍ ഗര്‍ഭസ്ഥ ശിശു, ഭ്രൂണം എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കി “ഗര്‍ഭത്തില്‍ അടങ്ങിയിരിക്കുന്നത്” എന്ന പ്രയോഗമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഭ്രൂണഹത്യയ്ക്ക് തുനിയുന്ന സ്ത്രീകളില്‍ ചിലര്‍ക്ക് അതിന്‍റെ ഗൗരവം എന്തെന്ന് അറിയല്ലെന്നും അങ്ങനെ വരുമ്പോള്‍ ഉപദേശം തേടാനുള്ള ഒരു സംവിധാനത്തെ ഇപ്പോള്‍ കുറ്റകരമാക്കിത്തീര്‍ത്തുകൊണ്ട് ആ സ്ത്രീകള്‍ക്ക് ആ അവസരം സര്‍ക്കാര്‍ നിഷേധിച്ചിരിക്കയാണെന്നും ഫ്രാന്‍സിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ  അദ്ധ്യക്ഷന്‍ ഷോര്‍ജ് പോള്‍ പൊന്തിയെ അന്നാടിന്‍റെ പ്രസിഡന്‍റ്  ഫ്രാന്‍സ്വ  ഒളാണ്ടിനയച്ച ഒരു കത്തില്‍ പ്രതികരിച്ചു.








All the contents on this site are copyrighted ©.