2017-02-17 19:18:00

‘പൊതുഭവനമായ ഭൂമി’ സംരക്ഷിക്കാന്‍ കൂട്ടായ്മയുടെ സംവാദശൈലി


ഭൂമിയുടെ സുസ്ഥിതിയെ സംബന്ധിച്ച് യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ഫെബ്രുവരി 16-Ɔ൦ തിയതി വ്യാഴാഴ്ച  സമ്മേളനം നടന്നു. വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണര്‍ദീത്തോ ഔസാ അഭിപ്രായപ്രകടനം നടത്തി.                                 

‘പൊതുഭവനമായ ഭൂമി’ സംരക്ഷിക്കുന്നതിന് കൂട്ടായ്മയുടെ സംവാദശൈലി കൈക്കൊള്ളണമെന്ന് ഐക്യരാഷ്ട്ര സംഘടയിലെ വത്തിക്കാന്‍റെ സ്ഥാനപതി,  പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഔസാ അഭിപ്രായപ്പെട്ടു.

ഭൂമിയെയും അതിന്‍റെ ഉപായസാദ്ധ്യതകളെയും, പ്രകൃതിയെയും സംരക്ഷിക്കേണ്ടത് അടിയന്തിര ആവശ്യമാണ്. കടല്‍ മലിനീകരണം ഉള്‍പ്പെടെ, സമുദ്രത്തിലെ അമ്ല വര്‍ദ്ധനവ് (acidification)  മത്സ്യസമ്പത്തിന്‍റെ നശീകരണം, ജൈവവൈവിധ്യങ്ങളുടെ വംശനാശം, സമുദ്രം തീരം എന്നിവയുടെ മലിനീകരണം എന്നിവ പ്രകൃതിയുടെ ഇന്നിന്‍റെ അടിയന്തിരാവസ്ഥയാണ് സാക്ഷ്യപ്പെടുത്തുന്നത്.  സുസ്ഥിതി വികസന പദ്ധതിയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഏഴ് അടിയന്തിര സ്വഭാവമുള്ള പ്രതിസന്ധികളില്‍ കൂട്ടായ്മയുടെ സംവാദരീതി ഉപയോഗിക്കേണ്ട ഒന്നാണ് പാരിസ്ഥിതിക വെല്ലുവിളി. ആഗോളതലത്തില്‍ ഏറെ ഭീതി ഉയര്‍ത്തുന്നതും, അടിയന്തിരമായി പരിഗണിക്കേണ്ടതും, സംരക്ഷണ നടപടികള്‍ ഉടനെ കൈക്കൊള്ളേണ്ടതുമായ പ്രതിസന്ധിയാണിത്.  ഇന്നിന്‍റെ പാരിസ്ഥിതിക അവസ്ഥയോട് പൊതുവായ സമീപനവും, പ്രതിവിധിയും യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ രാജ്യാന്തര സമൂഹത്തിന്‍റെയും, രാഷ്ട്രങ്ങളുടെയും, പ്രാദേശിക സമൂഹങ്ങളുടെയും രാഷ്ട്രീയ സാമ്പത്തിക,  മതാത്മക, ശാസ്ത്ര തലങ്ങളില്‍ സംവാദത്തിന്‍റെ കൂട്ടായ ശൈലി (Partnership Dialogues) കൈക്കൊള്ളേണ്ടതാണ്.

‘പൊതുഭവനമായ ഭൂമി’ ഇന്നു നേരിടുന്ന പരിസ്ഥിതി വിനാശത്തിന്‍റെ പ്രതിസന്ധിയെ നാം പഠിക്കേണ്ടതും നേരിടേണ്ടതും ജാതി-മത-വര്‍ഗ്ഗ വിഭാഗീയതകള്‍ക്ക് അതീതമായിട്ടാണ്.  ഒരു കച്ചവട മനസ്ഥിതിക്കപ്പുറം ശാസ്ത്രം, മതം സാങ്കേതികത, തത്വശാസ്ത്രം, സംസ്ക്കാരം, രാഷ്ട്രീയം സാമ്പത്തികത, വ്യക്തി, സമൂഹം എന്നിങ്ങനെയുള്ള സമൂഹത്തിന്‍റെ വിവിധ തലങ്ങളെയും സംവിധാനങ്ങളെയും ഘടകങ്ങളെയും കൂട്ടിയിണക്കാന്‍ പോരുന്നൊരു കൂട്ടായ സംവാദരീതി കൈക്കൊള്ളാനാണ് പരിശ്രമിക്കേണ്ടത്.

പ്രകൃതി സംരക്ഷണത്തിന്‍റെ വലുതും പൊതുവുമായ ഉത്തരവാദിത്ത്വം അങ്ങനെ യാഥാര്‍ത്ഥ്യമാക്കാന്‍ ശാസ്ത്രം, നിയമം, വ്യവസായം എന്നീ മേഖലകളെ മാത്രം ആശ്രയിക്കാതെ, ധാര്‍മ്മികവും, മതാത്മകവുമായ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തേണ്ടതാണ്. കാരണം പ്രകൃതി ദൈവിക ദാനമാകയാല്‍ അതിന്‍റെ സംരക്ഷണത്തിന് ധാര്‍മ്മികവും ആത്മീയവുമായ തലങ്ങളുമുണ്ട്. 

ആര്‍ച്ചുബിഷപ്പ് ഓസാ പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധിരിച്ചുകൊണ്ടാണ് സമ്മേളനത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത് (Laudato Si’ on care of the common home). 








All the contents on this site are copyrighted ©.