2017-02-15 19:35:00

പാപ്പാ ഫ്രാന്‍സിസും സഹപ്രവര്‍ത്തകരും തപസ്സുകാല ധ്യാനത്തിനു പോകും


ഈ വര്‍ഷവും തപസ്സുകാലത്ത് പാപ്പാ ഫ്രാന്‍സിസും വത്തിക്കാന്‍ സംഘവും 6 ദിവസം ധ്യാനത്തില്‍ ചെലവഴിക്കും.

മാര്‍ച്ച് 5-Ɔ൦ തിയതി ഞായറാഴാചയാണ് പാപ്പായും റോമന്‍ കൂരിയയിലെ അംഗങ്ങളും ധ്യാനിക്കാന്‍ പോകുന്നത്. മാര്‍ച്ച് 10-Ɔ൦ തിയതി വെള്ളിയാഴ്ചവരെ ധ്യാനം നീണ്ടുനില്ക്കും.  റോമാ നഗരത്തിന്‍റെ വടക്കന്‍ പ്രാന്തത്തിലുള്ള അരീച്ച്യാ എന്ന സ്ഥലത്ത്, സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ ധ്യാനകേന്ദ്രത്തിലാണ് പാപ്പായും വത്തിക്കാന്‍റെ വിവിധ ഭരണവിഭാഗത്തിന്‍റെ തലവന്മാരും സഹപ്രവര്‍ത്തകരും ധ്യാനിക്കുന്നത്. മാര്‍ച്ച് ഒന്നാം തിയതിയാണ് ഈ വര്‍ഷം വിഭൂതിത്തിരുനാളോടെ തപസ്സാരംഭിക്കുന്നത്.  

വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയിലുള്ള ദൈവശാസ്ത്ര വിദ്യാപീഠത്തിലെ പ്രഫസര്‍, ഇറ്റലിക്കാരന്‍ ഫ്രാന്‍സിസ്ക്കന്‍ വൈദികന്‍, ജൂലിയോ മിഷെലീനിയാണ് പാപ്പായെയും സംഘത്തെയും ഇക്കുറി ധ്യാനിപ്പിക്കുന്നത്. ഫെബ്രുവരി 14-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പുറുത്തുവിട്ട പ്രസ്താവനയാണ് പാപ്പായുടെയും സഹപ്രവര്‍ത്തകരുടെയും തപസ്സുകാല ധ്യാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

മാര്‍ച്ച് 5-Ɔ൦ തിയതി ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ആരാധനയോടും സാഹായാഹ്ന പ്രാര്‍ത്ഥനയോടുംകൂടെ ധ്യാനം ആരംഭിക്കും. എല്ലാദിവസവും രാവിലെയും ഉച്ചതിരിഞ്ഞുമുള്ള 2 ധ്യാനപ്രഭാഷണങ്ങള്‍, സമൂഹബലിയര്‍പ്പണം, യാമപ്രാര്‍ത്ഥനകള്‍, ആരാധന എന്നിവയാണ് പൊതുവായ പരിപാടികള്‍. വെള്ളിയാഴ്ച, 10-Ɔ൦ തിയതി രാവിലത്തെ ദിവ്യബലിയെ തുടര്‍ന്നുള്ള ധ്യാനപ്രസംഗത്തോടെ ഈ വാര്‍ഷികധ്യാനം അവസാനിക്കും.

മത്തായിയുടെ സുവിശേഷത്തെ ആധാരമാക്കിയുള്ള ധ്യാനപ്രസംഗങ്ങളുടെ രൂപരേഖയും വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി :

പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനവും ഈശോയുടെ ജരൂസലേം യാത്രയും (മത്തായി 16, 13-21), അവസാന വാക്കുകളും പീഡകളുടെ ആരംഭവും (മത്തായി 26, 1-19),  അപ്പവും വീഞ്ഞും – ക്രിസ്തുവിന്‍റെ ശരീരരക്തങ്ങള്‍ (മത്തായി 26, 36-46), തോട്ടത്തിലെ പ്രാര്‍ത്ഥനയും ബന്ധിയാക്കപ്പെടലും (മത്തായി 26, 36-46).  യൂദാ സ്ക്കറിയോത്തയും നിണഭൂമിയും (മത്തായി 27, 1-10).  റോമന്‍ വിചാരണയും വിധിയും, പീലാത്തോസും പിന്നെ  അയാളുടെ ഭാര്യ കണ്ട സ്വപ്നവും (മത്തായി 27, 11-26).  മിശിഹായുടെ മരണം (മത്തായി 27, 45-46).  സംസ്ക്കാരവും വലിയ ശനിയാഴ്ചയും (മത്തായി 27, 56-66).  ശൂന്യമായ കല്ലറയും ഉത്ഥാനവും ( മത്തായി 28, 1-20) ഉപസംഹാരവും.  ഇങ്ങനെയാണ് ധ്യാനഗുരു ചിന്തകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ധ്യാനദിവസങ്ങളില്‍  പാപ്പാ ഫ്രാന്‍സിസിന്‍റെ വത്തിക്കാനിലെ കൂടിക്കാഴ്ചകളും മറ്റു പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വത്തിക്കാന്‍ പ്രസ്സ് ഓഫിസിന്‍റെ പ്രസ്താവന അറിയിച്ചു.

സഹപ്രവര്‍ത്തകര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് തപസ്സുകാലത്തെ ധ്യാനത്തിനു പോകുന്നതിനാല്‍ മാര്‍ച്ചു 8-Ɔ൦ തിയതി ബുധനാഴ്ചത്തെ പൊകുകൂടിക്കാഴ്ചാ പരിപാടിയും, അതുപോലെ പാപ്പായുടെ സ്വകാര്യവും പൊതുവുമായ മറ്റു നേര്‍ക്കാഴ്ചകളും ഉണ്ടാവില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.  

മാര്‍ച്ച് 5-Ɔ൦ തിയതി ഞായറാഴ്ച വൈകുന്നേരം റോമിന്‍റെ തെക്കു-പടിഞ്ഞാറന്‍ പ്രദേശവും വത്തിക്കാനില്‍നിന്നും ഏകദേശം 60 കി.മി. അകലെ ദിവ്യഗുരുവിന്‍റെ നാമത്തില്‍ അരീച്യായിലുള്ളതുമായ പൗളയിന്‍ ധ്യാനകേന്ദ്രത്തിലേയ്ക്കാണ് (Pauline Retreat Center of the Divine Master, Ariccia) പാപ്പായും സംഘവും 6 ദിവസത്തെ ധ്യാനത്തിനു പോകുന്നത്. വെള്ളിയാഴ്ച മാര്‍ച്ച് 10-Ɔ൦ തിയതി രാവിലെ ധ്യാനം സമാപിക്കും. ബസ്സിലാണ് വത്തിക്കാനില്‍നിന്നും പാപ്പായും സംഘം അരീച്യാ ധ്യാനകേന്ദ്രത്തിലേയ്ക്ക് പുറപ്പെടുന്നത്.








All the contents on this site are copyrighted ©.