2017-02-14 08:54:00

സങ്കീര്‍ത്തനത്തിലെ ദൈവാവിഷ്ക്കാരം 29 – കരുണാര്‍ദ്രസ്നേഹം


ജീവിതക്ലേശങ്ങളില്‍ ദൈവത്തില്‍ ആശ്രയിക്കുന്ന മനുഷ്യന്‍റെ വികാരമാണിത് - സങ്കീര്‍ത്തനം 85 (ഭാഗം 2)

കഴിഞ്ഞ ഭാഗത്ത് നാം 85-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാനമാണ് ശ്രവിച്ചത്. ആകെയുള്ള 19 പദങ്ങളെയും മൂന്നു ഖണ്ഡങ്ങളായി തിരിച്ചുകൊണ്ടാണ് ഈ സങ്കീര്‍ത്തനത്തിന്‍റെ പശ്ചാത്തലം, ഉള്ളടക്കം എന്നിവ നാം മനസ്സിലാക്കാന്‍ ശ്രമിച്ചതും, പിന്നെ പദങ്ങളുടെ വ്യാഖ്യാനപഠനം തുടങ്ങിയതും. ക്രിസ്തുവിന് ഏകദേശം 600 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഇസ്രായേലിന്‍റെ ബാബിലോണ്‍ വിപ്രാവസത്തിന്‍റെ ചരിത്രം പശ്ചാത്തലമായി കണ്ടുകൊണ്ടാണ് ഈ വ്യാഖ്യാന പഠനം തുടരുന്നത്. അടിമത്വത്തിന്‍റെ നുകംപേറി, യാതനകള്‍ അനുഭവിച്ച ജൂദയാ ഗോത്രത്തിന് സ്വാതന്ത്ര്യത്തിന്‍റെ സമാശ്വാസം ഉണ്ടെങ്കിലും, വിശുദ്ധ നഗരമായ ജരൂസലേമിലേയ്ക്കുള്ള തിരിച്ചുവരവില്‍ അവര്‍ നേരിട്ട ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ക്ലേശങ്ങളും കഷ്ടപ്പാടുകളും സങ്കീര്‍ത്തകന്‍റെ വരികളില്‍ പ്രതിഫലിക്കുന്നുണ്ട് എന്നു മനസ്സിലാക്കിക്കൊണ്ട് നമുക്കീ വ്യാഖ്യാനപഠനം തുടരാം.

ആദ്യത്തെ രണ്ടു ഭാഗങ്ങളുടെ, 1-മുതല്‍ 3-വരെയും... പിന്നെ 4-മുതല്‍ 9-വരെയുമുള്ള പദങ്ങളുടെ വ്യാഖ്യാനങ്ങള്‍ കഴിഞ്ഞ ഭാഗത്ത് മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു ഇനി മൂന്നാം ഭാഗത്തിന്‍റെ വ്യാഖ്യാനമാണ് ഇന്നു ശ്രവിക്കുന്നത്. അതുവഴി യഥാര്‍ത്ഥത്തില്‍ നാം യൂദയാ വംശജരുടെ വിലാപത്തിന്‍റെ വികാരങ്ങളിലേയ്ക്ക് കടന്നുകൊണ്ട്, അത് നമ്മുടെയും ജീവിത ചുറ്റുപാടുകളിലേയ്ക്ക് പകര്‍ത്തുവാന്‍ ശ്രമിക്കുകയാണ്. അങ്ങനെ, അനുദിന ജീവിതത്തില്‍ ദൈവത്തില്‍ ആശ്രയിച്ചു മുന്നേറാനാകും എന്ന സന്ദേശം ഈ സങ്കീര്‍ത്തനം നമുക്കു പ്രത്യേകമായി പകര്‍ന്നുനല്കുന്നു.

Musical version of Psalms 85

കര്‍ത്താവേ, അങ്ങെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ

നിന്‍ രക്ഷ ഞങ്ങള്‍ക്കു നല്കണമേ.

വിപ്രവാസത്തില്‍നിന്നുമുള്ള സിയോന്‍റെ അല്ലെങ്കില്‍ ഇസ്രായേല്യരുടെ തിരുച്ചുവരവ് അവരുടെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട സംഭവമാണെന്ന് നാം കണ്ടതാണ്. അത് ദൈവം തന്നെ നല്കിയ തിരിച്ചുവരവാണെന്ന് ഇസ്രായേല്‍ വിശ്വസിച്ചു. അത് അവര്‍ ഏറ്റുപറഞ്ഞ് അംഗീകരിക്കുന്നതാണ് പദങ്ങളില്‍ ചുരുളഴിയുന്നത്. പിന്നെ സങ്കീര്‍ത്തനത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ വ്യാഖ്യാനത്തിലേയ്ക്ക് കടന്നപ്പോള്‍ അടിമത്വത്തില്‍നിന്നും മടങ്ങിയെത്തിയതിന്‍റെ സന്തോഷം അവരുടെ ഹൃദയങ്ങളില്‍ ഊറിനില്ക്കുന്നതായും നമുക്ക് വ്യക്തമാകുന്നുണ്ട്.  എന്നാല്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പച്ചയായ ക്ലേശങ്ങള്‍ പിന്നെയും ബാക്കി നില്ക്കുന്നുണ്ടായിരുന്നുവെന്നാണ് സങ്കീര്‍ത്തകന്‍റെ വിലാപവാക്യങ്ങള്‍ വെളിപ്പെടുത്തുന്നത്. തകര്‍ന്ന ജരൂസലേം ദേവാലയവും, നാമാവശേഷമായ കര്‍ത്താവിന്‍റെ പട്ടണവും അവരുടെ ഹൃദയങ്ങളില്‍ വേദനയും ശൂന്യതയും ആഴമായ വ്യഥകളും ഉയര്‍ത്തിയെന്ന് സങ്കീര്‍ത്തന പദങ്ങളില്‍നിന്നും നമുക്ക് മനസ്സിലാക്കാം.

Musical version of Psalm 85

കര്‍ത്താവേ, അങ്ങെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ

നിന്‍ രക്ഷ ഞങ്ങള്‍ക്കു നല്കണമേ.

കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നു

തന്‍റെ ജനത്തിനടവിടുന്ന് സമാധാനം അരുളുന്നു.

അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് രക്ഷ സമീപസ്ഥമാണ്.

കര്‍ത്താവിന്‍റെ മഹത്വം നമ്മുടെ ദേശത്ത് കുടികൊള്ളുന്നു,

കുടികൊള്ളുന്നു.

ഇനി നമുക്ക് സങ്കീര്‍ത്തനത്തിന്‍റെ മൂന്നാം ഭാഗത്തിന്‍റെ വ്യാഖ്യാനത്തിലേയ്ക്ക് കടക്കാം. 10-മുതല്‍ 13-വരെ പദങ്ങളാണ് മൂന്നാമത്തെ ഭാഗമായിട്ടും, അവസാന ഭാഗമായിട്ടും നാം കണക്കാക്കുന്നത്.

Psalm 85

കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും,

നീതിയും സമാധാനവും പരസ്പരം ചുംബിക്കും

ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും.

നീതി ആകാശത്തിനിന്നു ഭൂമിയെ കടാക്ഷിക്കും.

കര്‍ത്താവു നന്മ പ്രദാനംചെയ്യും

നമ്മുടെ ദേശം സമൃദ്ധമായി വിള നല്‍കും.

നീതി അവിടുത്തെ മുന്‍പേ നടന്ന്, അവിടുത്തേയ്ക്കു വഴിയൊരുക്കും.

ദൈവം തന്‍റെ ജനത്തിനു നല്കുന്ന പ്രത്യാശയുടെ വാഗ്ദാനങ്ങളും,  ജീവിത പ്രതിസന്ധികള്‍ക്ക് അവിടുന്നു നല്കുന്ന ഉത്തരവുമാണിതെന്ന് വരികളുടെ ഉള്ളടക്കത്തില്‍നിന്നും കാണാം. ഈ ഉത്തരം പ്രവാചകന്‍റെ അരുളപ്പാടായിട്ടാണു പദങ്ങളില്‍ പ്രതിഫലിക്കുന്നത്. പതിവുള്ള പ്രവാചക ശൈലിയല്ല ഇവിടെ കാണുന്നത്. അതായത് ഉത്തമപുരുഷനിലല്ല സങ്കീര്‍ത്തകന്‍ സംസാരിക്കുന്നത്, പ്രഥമ പുരുഷനിലാണ്.  ഞാന്‍, നമ്മുടെ എന്നിങ്ങനെയുള്ള പ്രഥമ പുരുഷനിലുള്ള പ്രയോഗങ്ങളാണ് കാണുന്നത്. അങ്ങനെ. പ്രവാചകനാണ് സംസാരിക്കുന്നത്, കര്‍ത്താവിന്‍റെ സഹായം സമീപസ്ഥമാണ്! കര്‍ത്താവിന്‍റെ മഹത്വം ദേശത്തു വസിക്കുന്നു. വിപ്രവാസകാലത്ത് കര്‍ത്താവിന്‍റെ തേജസ്സാര്‍ന്ന സാന്നിദ്ധ്യം ഇസ്രായേലില്‍നിന്നും മാറിപ്പോയി. വിപ്രവാസത്തിനുശേഷം ജനം കര്‍ത്താവിന്‍റെ മഹത്വം തങ്ങളിലേയ്ക്ക് വീണ്ടും പ്രത്യക്ഷപ്പെടാന്‍ കാത്തിരിക്കുകയാണ്. ദൈവിക സാന്നിധ്യത്തിന്‍റെ പ്രകാശമാണിത്. കര്‍ത്താവിന്‍റെ രക്ഷാകര ശക്തികളായി നന്മയും വിശ്വസ്തതയും നീതിയും സമാധാനവും പ്രത്യക്ഷപ്പെടുന്നു. പഴയ നിയമത്തിലെ രക്ഷയെപ്പറ്റിയുള്ള സജീവ വിവരണ ശൈലിയാണിത്. കര്‍ത്താവിന്‍റെ ശക്തികൊണ്ട് ഭൂമി നിറയുന്നു. വിളവു വര്‍ദ്ധിക്കുന്നു. നീതി മുമ്പില്‍, മുമ്പേ നടന്നുനീങ്ങുന്നു. ദൈവത്തിന്‍റെ കാലടികളില്‍നിന്ന് രക്ഷ മുളച്ചുവരുന്നു.

മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഇതാ ദൈവരാജ്യം സമീപസ്ഥമായിരിക്കുന്നു...  എന്നാണ് സങ്കീര്‍ത്തനത്തിന്‍റെ അവസാന വരികള്‍ സമര്‍ത്ഥിക്കുന്നത്. മാത്രമല്ല. 85-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ അവസാനപദങ്ങള്‍ മനോഹരമായ പ്രാര്‍ത്ഥനകൂടിയാണ്, വാനവും ഭൂമിയും സംഗമിക്കുന്ന മനുഷ്യമനസ്സുകള്‍ ദൈവകൃപയോട് സന്ധിചേരുന്ന മുഹൂര്‍ത്തമാണിതെന്ന് നമുക്കും ഗായകനോടൊപ്പം ഏറ്റുപറയാം, ഏറ്റുപാടാം.

Musical version of Psalm 85

കര്‍ത്താവേ, അങ്ങെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ

നിന്‍ രക്ഷ ഞങ്ങള്‍ക്കു നല്കണമേ.

കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കും

നീതിയും സമാധാനവും പരസ്പരം ചുംബിക്കും

ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കുന്നു.

നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കുന്നു,

കടാക്ഷിക്കുന്നു.

ഇവിടെ സങ്കീര്‍ത്തകന്‍ ഒരു വിധത്തില്‍ വചനപ്രഘോഷണമാണ് നടത്തുന്നത്. ഗായകന്‍, സങ്കീര്‍ത്തകന്‍ ശുശ്രൂഷകന്‍റെ ശൈലി അവലംബിക്കുന്നു. എന്നിട്ട് ദൈവത്തിന്‍റെ വിശ്വസ്തമായ സ്നേഹത്തെക്കുറിച്ചും, അവിടുത്തെ സത്യമാകുന്ന സ്വഭാവത്തെക്കുറിച്ചും ഈ ഭാഗത്ത്, സങ്കീര്‍ത്തനത്തിന്‍റെ അവസാന ഭാഗത്ത് പ്രതിപാദിക്കുന്നു. ജനത്തോടുള്ള ദൈവത്തിന്‍റെ പ്രതികരണം വ്യക്തമാക്കാന്‍ ഹെബ്രായ മൂലത്തിലുള്ള hesed, emet എന്നീ രണ്ടു പദങ്ങളാണ് ഉപയോഗിക്കുന്നത്. ദൈവത്തിന്‍റെ പതറാത്തതും, വിശ്വസ്തവുമായ സ്നേഹമാണ് ഈ വാക്കുകള്‍ വ്യക്തമാക്കുന്നത്. ദൈവത്തിന്‍റെ അപരിമേയമായ സ്നേഹം, കാരുണ്യം, കൃപ എന്നീ ഗുണഗണങ്ങള്‍ എല്ലാം സംഗമിക്കുന്നതാണിവ. അത് അവിടുത്തെ സ്നേഹമുള്ള കാരുണ്യം loving kindness ആണെന്ന് നമുക്ക് പറയാം. വ്യക്തിപരമായ യുക്തിയോ, കാഴ്ചപ്പാടോ എന്നതിനെക്കാള്‍  വിശ്വാസത്തിന്‍റെ വ്യാപ്തിയാണ് ഈ വരികള്‍ വെളിപ്പെടുത്തുന്നത്. കര്‍ത്താവിന്‍റെ വിശ്വസ്തതയും, സ്നേഹവുമുള്ള ഉടമ്പടിയും, ആ ഉടമ്പടിയോടുള്ള ആത്മാര്‍ത്ഥമായ പ്രതികരണവുമാണ് ഈ വരികളില്‍ സ്ഫുരിക്കുന്നത്. ജൂദയാ നിവാസികളുടെ ജീവിതാനുഭവങ്ങളിലെ പച്ചയായ ചുറ്റുപാടുകളില്‍ ദൈവം ജനത്തിന് തന്നെത്തന്നെ വെളിപ്പെടുത്തി കൊടുക്കുന്നു. അങ്ങനെ വിപ്രവാസത്തില്‍നിന്നുമുള്ള തിരിച്ചുവരവ്, യൂദയാ ജനത്തിന്  ഉടമ്പടി പ്രകാരം ചരിത്രത്തില്‍ അനുഭവവേദ്യമായ കര്‍ത്താവിന്‍റെ വിശ്വസ്തത അവരുടെ ജീവിതാനുഭവവുമായി സന്ധിചേരുന്ന പ്രക്രിയയായി മാറുന്നു.

ദൈവം തന്‍റെ ജനവുമായി ചെയ്തിട്ടുള്ള ഉടമ്പടിയുടെ സാക്ഷാത്ക്കാരമാണ് ഇസ്രായേലിന്‍റെ വിപ്രവാസത്തില്‍നിന്നുമുള്ള തിരിച്ചുവരവില്‍ അങ്ങനെ നാം കാണേണ്ടത്, അംഗീകരിക്കേണ്ടത്. അതുകൊണ്ടാണ് സങ്കീര്‍ത്തകന്‍ വരികളില്‍ ഇങ്ങനെ പ്രസ്താവിക്കുന്നത്:

ഭൂമിയില്‍ കര്‍ത്താവിന്‍റെ വിശ്വസ്തത മുളയെടുക്കും.

നീതി ആകാശത്തിനിന്നു ഭൂമിയെ കടാക്ഷിക്കും.

കര്‍ത്താവു തന്‍റെ ജനത്തിനു നന്മ പ്രദാനംചെയ്യും

നമ്മുടെ ദേശം സമൃദ്ധമായി വിള നല്‍കും.

നീതി അവിടുത്തെ മുന്‍പേ നടന്ന്, അവിടുത്തേയ്ക്കു വഴിയൊരുക്കും.

പ്രത്യാശയുടെ വാക്കുകളാണിവ. ഇതാ, കര്‍ത്താവിന്‍റെ കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കുന്നു, അവിടുത്തെ നീതിയും സമാധാനവും പരസ്പരം ചുംബിക്കുന്നു. അതായത് രക്ഷയും സമാധാനവും സന്ധിചേര്‍ന്ന്, ഇതാ, ദൈവരാജ്യം ആഗതമാകുന്നു, എന്നാണ് ഈ വരികള്‍ വിളിച്ചോതുന്നത്, പ്രഘോഷിക്കുന്നത്. തീര്‍ച്ചയായും ഇപ്പോള്‍ നമ്മുടെ മനസ്സുകളില്‍ തെളിയുന്നത്, അല്ലെങ്കില്‍ വിരിയുന്നത്. പുതിയ നിയമത്തില്‍ സ്നാപകയോഹന്നാന്‍ ചൂണ്ടിക്കാട്ടിയതും, ക്രിസ്തുവില്‍ ആഗതമായതുമായ ദൈവരാജ്യത്തിന്‍റെ ചിന്തകളാണ്. ദൈവരാജ്യത്തിന്‍റെ സുവിശേഷമാണ് – ഇതാ.... ദൈവരാജ്യം സമീപസ്ഥമായിരിക്കുന്നു!

Musical version of Psalm 85

കര്‍ത്താവേ, അങ്ങെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ

നിന്‍ രക്ഷ ഞങ്ങള്‍ക്കു നല്കണമേ.

കര്‍ത്താവു നന്മ ഭൂമിയില്‍ പ്രദാനംചെയ്യുന്നു.

നമ്മുടെ ദേശത്തു സമൃദ്ധമായ് വിള നല്‍കുന്നു.

നീതി അവിടുത്തെ മുന്‍പേ നടന്ന് വഴിയൊരുക്കുന്നു.

കര്‍ത്താവിന്‍റെ രക്ഷ മന്നില്‍ ആഗതമാകുന്നു,

ആഗതമാകുന്നു.

അടുത്തയാഴ്ചയില്‍ മൂന്നാം ഭാഗം കേള്‍ക്കാം – നന്ദി!








All the contents on this site are copyrighted ©.