2017-02-14 17:15:00

ദൈവവചനം പ്രഘോഷിക്കേണ്ടത് പ്രാര്‍ഥനയോടെ: ഫ്രാന്‍സീസ് പാപ്പാ


ദൈവവചനം പ്രാര്‍ഥനാപൂര്‍വം പ്രഘോഷിക്കുക. ഫ്രാന്‍സീസ് പാപ്പാ

ഫെബ്രുവരി 14 ചൊവ്വാഴ്ച, വി. സിറിലിന്‍റെയും മെത്തോഡിയൂസിന്‍റെയും തിരുനാളില്‍ അര്‍പ്പിച്ച പ്രഭാതബലിയില്‍ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.  യൂറോപ്പിന്‍റെ മധ്യസ്ഥരും സഹോദരന്മാരുമായ ഈ വിശുദ്ധരെപ്പോലെ, യഥാര്‍ഥ വചനപ്രഘോഷകരാകുന്നതിന് ആഹ്വാനം ചെയ്തു കൊണ്ട് പാപ്പാ പറഞ്ഞു: 'പ്രാര്‍ഥനയില്ലാതെ നിങ്ങള്‍ക്ക് നല്ലൊരു സമ്മേളനം നടത്താനാകും, നല്ല വിദ്യാഭ്യാസം നല്കാനുമാകും.  എന്നാല്‍ അത് ദൈവത്തിന്‍റെ വചനം നല്‍കലായിരിക്കുകയില്ല.  പ്രാര്‍ഥിക്കുന്ന ഒരു ഹൃദയത്തില്‍നിന്നേ ദൈവത്തിന്‍റെ വചനം പുറപ്പെടുകയുള്ളു.  പ്രാര്‍ഥനയില്‍, കര്‍ത്താവ് വചനം വിതയ്ക്കുന്നതിനു കൂട്ടുവരും.  അവിടുന്ന് വിത്തിനെ നനയ്ക്കുകയും അതു പൊട്ടി മുളയ്ക്കുകയും ചെയ്യും. അതുകൊണ്ട് പ്രാര്‍ഥനയോടുകൂടി വചനം പ്രഘോഷിക്കുക.

നല്ല വചനപ്രഭാഷകന്‍ ബലഹീനത അറിയുന്നവനാണ്. തന്നെത്തന്നെ സംരക്ഷിക്കുന്നതിനു തനിക്കു കഴിയില്ല എന്ന് അറിയുന്നവനാണ്.  ചെന്നായ്ക്കളുടെ ഇടയിലേക്കു പോകുന്ന കുഞ്ഞാടിനെപ്പോലെയാണ് അയാള്‍.  ചെന്നായ്ക്കള്‍ കുഞ്ഞാടിനെ തിന്നേക്കാം. എന്നാല്‍, പോകുക.  ഇതാണ് മാര്‍ഗം.  ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടിനെപ്പോലെ പോകാതെ, മറ്റൊരു ചെന്നായയായി അവരുടെയിടയിലേക്കു പോയാല്‍ കര്‍ത്താവു നിന്നെ കാക്കുകയില്ല, നീ തന്നെ നിന്നെ കാത്തുകൊള്ളണം'  എന്ന ക്രിസോസ്തോമിന്‍റെ ഈ വചനഭാഗത്തെക്കുറിച്ചുള്ള ആഴമേറിയ പരിചിന്തനം നല്‍കിക്കൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.