2017-02-11 13:37:00

മതങ്ങളുടെ പരസ്പരബന്ധങ്ങള്‍ സാഹോദര്യത്തില്‍ അധിഷ്ഠിതമാകണം


മതങ്ങളുടെ പരസ്പരബന്ധങ്ങള്‍ സാഹോദര്യത്തിന്‍റെ ഉപരിചലനാത്മകമായ ആശയത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച്.

സ്വിറ്റ്സര്‍ലണ്ടിലെ ജനീവ പട്ടണത്തില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം വ്യാഴാഴ്ച(09/02/17) അവിടെ ഐക്യരാഷ്ട്രസഭയുടെയും ഇസ്ലാം സഹകരണസംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു.

“വിശ്വാസം സമാധാനസംസ്ഥാപനം വികസനം എന്നിവയെ അധികരിച്ചുള്ള രണ്ടാം സംവാദം” എന്നതായിരുന്നു ഈ സമ്മേളനത്തിന്‍റെ പ്രമേയം.

മനുഷ്യമനസ്സാക്ഷിയെ രൂപപ്പെടുത്താന്‍ സാരമായ സംഭാവനയേകുന്നതിന് മതാന്തരസംഭാഷണത്തിനാകുമെന്ന് ആര്‍ച്ചുബിഷപ്പ് യുര്‍ക്കൊവിച്ച് പറഞ്ഞു.

നടപ്പാക്കുന്ന കാര്യങ്ങളുടെ മാത്രമല്ല നടപ്പാക്കത്തവയുടെയും ഉത്തരവാദിത്വം മതങ്ങള്‍ക്കുണ്ടാകുമെന്നും ഏകതാനതയെന്നത് സമാധാനപരമായ സഹജീവനത്തില്‍ മാത്രം ഒതുങ്ങിനില്ക്കേണ്ടതല്ലെന്നും അതിന്‍റെ യഥാര്‍ത്ഥ പൊരുള്‍ പരസ്പരം സമ്പുഷ്ടമാക്കലാണെന്നും അദ്ദേഹം മതങ്ങള്‍ക്കിടയില്‍ പാലങ്ങളായി ഭവിക്കേണ്ട സാഹോദര്യത്തെയും ഐക്യത്തെയും കുറിച്ച് പരാമര്‍ശിക്കവെ പ്രസ്താവിച്ചു.

മനുഷ്യവ്യക്തിയെക്കുറിച്ച് സമഗ്രമായൊരു കാഴ്ചപ്പാടില്ലാത്തതാണ് ഇന്ന് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന വസ്തുതയിലേക്കു വിരല്‍ ചൂണ്ടിയ ആര്‍ച്ചുബിഷപ്പ് യുര്‍ക്കോവിച്ച് മനുഷ്യാവകാശങ്ങള്‍, കുടിയേറ്റം, കാലാവസ്ഥമാറ്റം, പരിസ്ഥിതി പരിപാലനം തുടങ്ങിയവുമായി ബന്ധപ്പെട്ട ആഗോളമാനമുള്ള പ്രശ്നങ്ങളുടെ പരിഹൃതിക്ക് നിര്‍ണ്ണായക സംഭാവനയേകാന്‍ മതാന്തരസംവാദത്തിന് കഴിയുമെന്ന ബോധ്യം പ്രകടിപ്പിച്ചു.

സമാധാനസംസ്ഥാപനത്തിനും പൂര്‍ണ്ണമായും അനുരഞ്ജിതമായൊരു സമൂഹത്തിന്‍റെ  നിര്‍മ്മിതിക്കും ജനങ്ങളുടെ സമാധാനപരമായ സഹജീവനത്തിനും അഹിംസാ മാര്‍ഗ്ഗം അനുപേക്ഷണീയമാണെന്ന് ആര്‍ച്ചുബിഷപ്പ് യുര്‍ക്കോവിച്ച് വിശദീകരിച്ചു.

 








All the contents on this site are copyrighted ©.