2017-02-10 13:11:00

‘ലക്കം നാലായിര’മെത്തിയ ദ്വൈവാരിക : ‘കത്തോലിക്കാസംസ്കൃതി’


സഭയുടെ പ്രസിദ്ധീകരണം ‘ചിവില്‍ത്ത കത്തോലിക്ക’ (Civilta Cattolica) ‘കത്തോലിക്കാസംസ്കൃതി’ എന്നു പരിഭാഷപ്പെടുത്താവുന്ന  ഇറ്റാലിയന്‍ ദ്വൈവാരികയുടെ പതിപ്പുകള്‍ നാലായിരം തികഞ്ഞു. പ്രസാധകരായ റോമിലെ ഈശോസഭാ സമൂഹവുമായി പാപ്പാ കൂടിക്കാഴ്ച നടത്തി.  ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, കൊറിയന്‍ ഭാഷകളിലും  പ്രസിദ്ധീകരണം ഉടനെ ആരംഭിക്കുമെന്ന് പത്രാധിപര്‍, ഫാദര്‍ ആന്തോണിയോ സ്പാദാരോ എസ്.ജെ. പ്രസ്താവിച്ചു.

ഇറ്റാലിയന്‍ ഭാഷയില്‍ Civilta Cattolica/Catholic Civilization ‘കത്തോലിക്കാ സംസ്ക്കാരം’ എന്നര്‍ത്ഥം വരുന്ന ദ്വൈവാരികയ്ക്ക് 167 വയസ്സു തികഞ്ഞു. അതിന്‍റെ പതിപ്പുകള്‍ എണ്ണത്തില്‍ നാലായിരം എത്തി. ഇതിനോട് അനുബന്ധിച്ചാണ് പ്രസാധകരായ ഈശോ സഭാംഗങ്ങളുമായി ഫെബ്രുവരി  9-Ɔ൦ തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്. പ്രസാധകക്കൂട്ടായ്മയായ ഈശോസഭാസമൂഹത്തിന്‍റെ ഇപ്പോഴത്തെ മേലധികാരിയും, മാസികയുടെ പത്രാധിപരുമായ ഫാദര്‍ സ്പാദോരോയുടെയും സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ അര്‍ത്തുരോ സോസയുടെയും നേതൃത്വത്തിലാണ് 50-ലേറെ പ്രവര്‍ത്തകരുള്ള സമൂഹം പാപ്പാ ഫ്രാന്‍സിസുമായി നേര്‍ക്കാഴ്ചയ്ക്ക് എത്തിയത്.

നേര്‍ക്കാഴ്ചയിലെ വാക്കുകള്‍ :

സഭയാകുന്ന വഞ്ചിയിലെ തുഴക്കാരും പത്രോസിന്‍റെ പിന്‍ഗാമിക്കൊപ്പം അനുയാത്രചെയ്യുന്നവരുമാണ് ‘ചിവില്‍ത്ത കത്തോലിക്ക’ (Civilta Catholica) വാരികയുടെ എഴുത്തുകാരും മാധ്യമ വിദഗ്ദ്ധരുമെന്ന് ആമുഖമായി പാപ്പാ പ്രസ്താവിച്ചു. പത്രോസിന്‍റെ നൗകയില്‍ ആയിരിക്കുക മാത്രമല്ല, അതിന്‍റെ യാത്രയിലെ കാറ്റിലും കോളിലും തുണയായിനില്ക്കുന്ന തുഴക്കാരാണ് ‘ചിവില്‍ത്ത കത്തോലിക്ക’ കത്തോലിക്കാസംസ്കതി എന്ന ദ്വൈവാരികയുടെ എഴുത്തുകാരായ ഈശോസഭാ വൈദികരും അവരുടെ സഹപ്രവര്‍ത്തക സമൂഹവും. സഭാനൗക തുഴയുന്നവരില്‍ ചിലര്‍ എതിര്‍ദിശയില്‍ തുഴയുന്നുണ്ടാകാം. അത് അപകടകരമാണെന്ന് പാപ്പാ നര്‍മ്മരസത്തില്‍ കൂട്ടിച്ചേര്‍ത്തു. പ്രതികൂല സാഹചര്യങ്ങളിലും എതിര്‍പ്പുകളിലും സഭയോടും പത്രോസിന്‍റെ പിന്‍ഗാമിയോടും വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് സഭാനൗകയെ നയിച്ച പാരമ്പര്യം ഈ പ്രസിദ്ധീകരണത്തിന് എക്കാലത്തുമുണ്ട്. തന്‍റെ സഭാശുശ്രൂഷയുടെ ഈ ഹ്രസ്വമായ കാലഘട്ടത്തില്‍ നല്കിയിട്ടുള്ള പിന്‍തുണയും സഹകരണവും, സഭാസ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ സമര്‍ത്ഥവും വിനയാന്വിതവുമായ മാതൃകയാണ്. പാപ്പാ വിശേഷിപ്പിച്ചു.

സഭയുടെ പ്രബോധനങ്ങളുടെയും ചാക്രികലേഖനങ്ങളുടെയും, അപ്പസ്തോലിക രചനകളുടെയും പ്രചാരകരും വിശ്വസ്തരായ വ്യാഖ്യാതാക്കളുമാണ് ‘ചിവില്‍ത്ത കത്തോലിക്ക’ ദ്വൗവാരിക!  ഈ പ്രസിദ്ധീകരണം സഭാസേവനത്തിന്‍റെ പാതയില്‍ കാഴ്ചവയ്ക്കുന്ന അത്യപൂര്‍വ്വവും തനിമയുള്ളതുമായ സേവനത്തിനും സമര്‍പ്പണത്തിനും നന്ദിയര്‍പ്പിച്ചുകൊണ്ടാണ് വാക്കുകള്‍ പാപ്പാ ഉപസംഹരിച്ചത്.

പാപ്പാ ഫ്രാന്‍സിസ് കുറിച്ച ആശംസാസന്ദേശം :

പാപ്പാ ഫ്രാന്‍സിസിന്‍റെ കൈപ്പടയിലുള്ള ആശംസാസന്ദേശം ഫെബ്രുവരി 9-Ɔ൦ തിയതി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. 15 ദശകത്തിലേറെ സഭാപ്രബോധനങ്ങളുടെ പ്രചാരണത്തില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ വലംകൈയ്യായി പ്രവര്‍ത്തിച്ച പ്രസിദ്ധീകരണത്തെ പ്രശംസിച്ചുകൊണ്ടാണ് ഈശോസഭാ വൈദികര്‍ക്കും വാരികയുടെ സഹപ്രവര്‍ത്തകര്‍ക്കുമായി പാപ്പാ സന്ദേശം അയച്ചത്.

‘ചിവില്‍ത്ത കത്തോലിക്ക’ ദ്വൈവാരികയ്ക്ക് അഭിനന്ദനങ്ങള്‍! സഭയുടെ തനിമയുള്ള പ്രസിദ്ധീകരണമാണിത്. സഭാ പ്രബോധനങ്ങളുടെ പ്രയോക്താവും, വ്യാഖ്യാതാവും ജിഹ്വയുമാണിത്. ഈശോസഭയിലെ ധിഷണാശാലികളായ സന്ന്യസ്തര്‍ ഏറെ അര്‍പ്പണത്തോടെ മെനഞ്ഞെടുക്കുന്ന വാരികയുടെ ജൂബിലിനാളില്‍ ഈശോസഭാംഗമായ പാപ്പാ കുറിച്ച അനുമോദനത്തിന്‍റെ വരികളാണിത്. 








All the contents on this site are copyrighted ©.