2017-02-10 11:26:00

പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിക്കാന്‍ കാത്തിരിക്കുന്ന ജപ്പാന്‍കാര്‍


ജപ്പാനിലെ ജനത പാപ്പായെ കാത്തിരിക്കുന്നെന്ന് അറിയിച്ചത് വത്തിക്കാന്‍റെ വിദേശ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹറാണ്.   ജനുവരി 28-മുതല്‍ ഫെബ്രുവരി 3-വരെ നീണ്ടുനിന്ന ഒരാഴ്ചത്തെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വത്തിക്കാനിലെത്തിയശേഷം നല്കിയ പ്രസ്താവനയിലാണ് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പാപ്പായെ സ്വീകരിക്കാനുള്ള ജപ്പാന്‍കാരുടെ തീക്ഷ്ണതയെക്കുറിച്ച് വിവരിച്ചത്.

ജനുവരി 31-ന് ഹിരോഷിമായിലെ സമാധാനമണ്ഡപം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചശേഷം, പ്രധാനമന്ത്രി ഷിന്‍സോ അബെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജപ്പാനിലെ ജനത പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിക്കാന്‍ ഏറെ താല്പര്യപ്പെടുന്നതായി മനസ്സിലാക്കിയതെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ ഫെബ്രുവരി 8-Ɔ൦ തിയതി റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വത്തിക്കാനുമായി നല്ല നയതന്ത്രബന്ധമുള്ള രാജ്യാമാണ് ജപ്പാന്‍. 2014-ല്‍ പ്രധാനമന്ത്രി ഷിന്‍സോ വത്തിക്കാനില്‍വന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അന്ന് അദ്ദേഹം പാപ്പായെ ജപ്പാനിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂനപക്ഷം ക്രൈസ്തവരുള്ള ബുദ്ധമത രാജ്യമാണ് ജപ്പാനെങ്കിലും വിശ്വസാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രയോക്താവായ പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിക്കാനും കേള്‍ക്കാനും ജപ്പാനിലെ ജനതയ്ക്കും ഭരണകൂടത്തിനും ഏറെ താല്പര്യമുണ്ടെന്ന് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞതായി ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.  നിരായുധീകരണം, ലോകസമാധാനത്തിന്‍റെ പാതയിലെ നീക്കങ്ങള്‍, പരിസ്ഥിതി സംരക്ഷണം എന്നിവ ജപ്പാനുമായി വത്തിക്കാന്‍ പങ്കുവയ്ക്കുകയും ചേര്‍ന്നുനില്ക്കുകയും ചെയ്യുന്ന നയങ്ങളാണ്.  

ടോക്കിയോ ഭദ്രാസന ദേവാലയത്തിലെ ദിവ്യബലി, ഹിരോഷിമ സമാധാനമണ്ഡപത്തിലെ പ്രാര്‍ത്ഥന, ലോകസമാധാനത്തിനായി ഹിരോഷിമയിലുള്ള ജനകീയ സ്ഥാപനത്തിന്‍റെ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ച, ടോക്കിയോയിലെ ലോകസമാധാന സ്മാരകത്തില്‍ നീതിക്കും സമാധനത്തിനുംവേണ്ടി അര്‍പ്പിച്ച സമൂഹബലി, ടോക്കിയോ നഗരപ്രാന്തത്തില്‍ അക്കാബാനാ എന്ന സ്ഥലത്തെ സലീഷ്യന്‍ സ്ക്കൂളില്‍ യുവജനങ്ങളുമായി നടന്ന നേര്‍ക്കാഴ്ച എന്നിവ ജപ്പാന്‍ സന്ദര്‍ശനത്തിലെ വിലപ്പെട്ട സംഭവങ്ങളായി താന്‍ കരുതുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രസ്താവനയില്‍ വിവരിച്ചു.  








All the contents on this site are copyrighted ©.