2017-02-09 18:09:00

“നമുക്ക് അമ്മമാരുണ്ടാകാനാണ് ദൈവം സ്ത്രീകളെ സൃഷ്ടിച്ചത്...!”


സ്ത്രീകള്‍ സമൂഹത്തിലെ യോജിപ്പിന്‍റെ ഘടകമാണ്. അവര്‍ ഇല്ലാത്തിടത്ത് വിയോജിപ്പായിരിക്കും. പുരുഷമേധാവിത്വമുള്ള സമൂഹത്തില്‍ സ്ത്രീകളെ അടുക്കളപ്പണിക്കാരും പാത്രം കഴുകുന്നവരുമായി കാണരുതെന്ന് പാപ്പാ ആവര്‍ത്തിച്ചു പ്രസ്താവിച്ചു. ഫെബ്രുവരി 9-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ, ആരാധനക്രമത്തിലെ ആദ്യവായന – ഉല്പത്തി പുസ്തകത്തില്‍നിന്നും സ്ത്രീയുടെ സൃഷ്ടിയെക്കുറിച്ചുള്ള വചനഭാഗത്തെ ആധാരമാക്കിയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത് (ഉല്പത്തി 2, 18-25).

സ്ത്രീയും പുരുഷനും തുല്യരല്ല. എന്നാല്‍ പുരുഷ്യന്‍ ഒരിക്കലും സ്ത്രീയ്ക്കു മേലയുമല്ല. ദൈവത്തിന്‍റെ പദ്ധതിയില്‍ ഒരു മനുഷ്യനു ജീവിതത്തില്‍ പൂര്‍ണ്ണത തനിച്ചുണ്ടാകുന്നില്ല. സ്ത്രീ പുരുഷനു പൂരകമാണ്. സ്നേഹത്തിന്‍റെയും ലാളിത്യത്തിന്‍റെയും ലോലമായ ഘടകങ്ങളാല്‍ ജീവിതം പൂര്‍ണ്ണതയിലെത്തിക്കാനും മനോഹരമാക്കാനും കഴിവുള്ളവര്‍ സ്ത്രീകളാണ്. അതിനാല്‍ സ്നേഹിക്കാനുള്ള കഴിവാണ് സ്ത്രീത്വത്തിന്‍റെ ശ്രദ്ധേയമായ പുണ്യം.

അറുപതുകളില്‍ എത്തിയിട്ടും തങ്ങളുടെ വിവാഹ വാര്‍ഷികത്തില്‍ കണ്ണുകളില്‍ നോക്കി,  “ഞങ്ങള്‍ പ്രേമത്തിലാണ്!” എന്നും പറഞ്ഞു പുഞ്ചിരിച്ച തനിക്ക് പരിചയമുള്ള ദമ്പതികളെ പാപ്പാ ഫ്രാന്‍സിസ് വചനസമീക്ഷയില്‍ അനുസ്മരിച്ചു. 

ഐക്യം, യോജിപ്പ്, കൂട്ടായ്മ എന്നിവ നാം ധാരാളം ഉപയോഗിക്കുന്നതും കേള്‍ക്കുന്നതുമായ വാക്കുകളാണ്. എന്നാല്‍ കുടുംബങ്ങളിലും സ്ഥാപനങ്ങളിലുമുള്ള സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിലല്ല യോജിപ്പ്. സ്ത്രീയുടെ ദൗത്യം ജോലിചെയ്യുക മാത്രമല്ല. അവരെ  യോജിപ്പിന്‍റെയും ഐക്യത്തിന്‍റെയും കണ്ണിയായി കാണേണ്ടതാണ്. സ്ത്രീയില്ലാത്ത ലോകത്ത് ഐക്യത്തിന്‍റെ പൂര്‍ണ്ണത ഇല്ലാതാകും. സ്ത്രീകളെ ചൂഷണംചെയ്യുന്നത് മാനവികയ്ക്ക് എതിരായ അതിക്രമമാണ്. ലോകത്ത് ഇന്നു  ധാരാളം സ്ത്രീകള്‍ ചൂഷണംചെയ്യപ്പെടുന്നുണ്ട്. ദൈവികസൃഷ്ടിയുടെ ഐക്യവും യോജിപ്പും തകര്‍ക്കുന്ന വസ്തുതയാണിത്.

സുവിശേഷം ചിത്രീകരിക്കുന്ന ധീരയായ ഒരു സ്ത്രീയുടെ മാതൃക പാപ്പാ ചൂണ്ടിക്കാട്ടി. തന്‍റെ മകളുടെ സൗഖ്യത്തിനായി ഈശോയെ സമീപിച്ച വിജാതീയ സ്ത്രീയുടെ കഥയാണിത്! യജമാനന്‍റെ മേശയിലെ അപ്പം എങ്ങനെ നായ്ക്കള്‍ക്കു കൊടുക്കും? യേശുവിന്‍റെ ചോദ്യത്തിന് വ്യക്തമായും സത്യസന്ധമായും ആ സ്ത്രീ മറുപടി നല്കി! യജമാനന്‍റെ മേശയില്‍നിന്നും താഴെവീഴുന്ന അപ്പക്കഷണങ്ങള്‍ തിന്ന് നായ്ക്കളും ജീവിക്കാറുണ്ടല്ലോ! (മര്‍ക്കോസ് 7, 24-30).

ഈ വിജാതിയ സ്ത്രീ ഐക്യത്തിന്‍റെയും യോജിപ്പിന്‍റെയും, ഒപ്പം സൗന്ദര്യത്തിന്‍റെയും കവിതയാണെന്ന് അവളുടെ ധീരതയെ പ്രശംസിച്ചുകൊണ്ട് പാപ്പാ ആലങ്കാരിക ഭാഷയില്‍ പ്രസ്താവിച്ചു. സ്ത്രീകളില്ലാതെ ലോകം മനോഹരമായിരിക്കില്ല. ഇവിടെ ഐക്യവും കൂട്ടായ്മയും ഉണ്ടാവില്ല. ദൈവം സ്ത്രീയെ സൃഷ്ടിച്ചത് നമുക്കോരോരുത്തര്‍ക്കും ഒരു അമ്മയുണ്ടാകാനാണ്, എന്നുള്ള തന്‍റെ വളരെ വ്യക്തിപരമായ ചിന്ത കൂട്ടിയിണക്കിക്കൊണ്ട് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചു. 








All the contents on this site are copyrighted ©.