2017-02-09 19:17:00

മാനവികതയ്ക്ക് ഇണങ്ങുന്നതാകണം വിദ്യാഭ്യാസം: പാപ്പാ ഫ്രാന്‍സിസ്


ഫെബ്രുവരി 9-Ɔ൦ തിയതി വ്യാഴാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തെ (Plenary of the Congregation for Catholic Education) കൂടിക്കാഴ്ചയില്‍ സ്വീകരിച്ച് അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍വച്ചാണ് നൂറോളം രാജ്യാന്തര പ്രതിനിധികളുള്ള സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തകരുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയത്.

വ്യക്തിയുടെ സമഗ്രരൂപീകരണം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യമാണ്. എന്നാല്‍ അത് മനുഷ്യത്വം വളര്‍ത്തുന്ന വിധത്തിലുമാകുമ്പോഴാണ് കത്തോലിക്കാ വിദ്യാലയങ്ങളും യൂണിവേഴ്സിറ്റികളും അതിന്‍റെ യഥാര്‍ത്ഥമായ ലക്ഷ്യപ്രാപ്തിയിലെത്തുന്നത്. വൈദഗ്ദ്ധ്യവും മാനവികതയുടെ സമ്പന്നതയും കോര്‍ത്തിണക്കിയാണ് യുവജനങ്ങളുടെ വളര്‍ച്ചയെ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ സമ്പന്നമാക്കേണ്ടത്. അങ്ങനെ യുവജനങ്ങളെ ലോകത്തില്‍ ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രയോക്താക്കളാക്കാനുള്ള ലക്ഷ്യവും പാഠ്യപദ്ധതിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അനിവാര്യമാണ്.

ആത്മീയതയുടെ ചക്രവാളത്തിലേയ്ക്ക് വിദ്യാര്‍ത്ഥികളെ നയിക്കേണ്ടതും കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യമായിരിക്കണം. അറിവും ആത്മീയതയും, അല്ലെങ്കില്‍ അറിവും അരൂപിയും എതിരല്ല. അവ ഒത്തുചേരുമ്പോഴാണ് കത്തോലിക്കാ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ സമഗ്ര മാനവികതയുടെ ഉടമകളാകുന്നത്. സഭ അമ്മയും അദ്ധ്യാപികയും എന്ന നിലയില്‍ മക്കളുടെ വളര്‍ച്ചിയിലും അറിവു നേടലിലും കാത്തുപാലിക്കേണ്ട പരമമായ ലക്ഷ്യം സാമൂഹിക നന്മയാണ്. കാരണം, കുടുംബങ്ങളിലൂടെ വ്യക്തി സമൂഹത്തിലെ അംഗവും, സാമൂഹിക നന്മയുടെയും കൂട്ടായ്മയുടെയും വക്താവും പ്രയോക്താവുമായിത്തീരേണ്ടതാണ്. ഇത് വിദ്യാഭ്യാസ്ഥത്തിന്‍റെ പരമമായ ലക്ഷ്യവുമാണ്.

സംവാദത്തിന്‍റെ സംസ്ക്കാരം വളര്‍ത്തേണ്ടതും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാലികമായ ലക്ഷ്യമാണ്. ആഗോളവത്കൃതമായ ലോകത്ത് വളരുന്ന തലമുറ മാനവികതയുടെ ഭാഗമാണെന്ന കാഴ്ചപ്പാടിലും, തുറവുള്ള വീക്ഷണത്തിലും വളരേണ്ടത് ആവശ്യമാണ്. ഇന്ന് ലോകം നേരിടുന്ന അക്രമം, ദാരിദ്ര്യം, ചൂഷണം, വിവേചനം, പാര്‍ശ്വവത്ക്കരണം, വലിച്ചെറിയല്‍ സംസ്ക്കാരം എന്നിവ മൗലികമായ മനുഷ്യസ്വാതന്ത്ര്യത്തിനും സ്വഭാവത്തിനും വിരുദ്ധമാണ്. അതിനാല്‍ സംവാദത്തിന്‍റെ വ്യാകരണവും കൂട്ടായ്മയുടെ സാകല്യസംസ്കൃതിയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ഇന്നത്തെ തലമുറയ്ക്ക് പകര്‍ന്നുനല്കണമെന്ന് പാപ്പാ സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തകരെ ആഹ്വാനംചെയ്തു.

 








All the contents on this site are copyrighted ©.