2017-02-09 17:11:00

DOCAT - 6: സ്നേഹത്തിന്‍റെ കല്‍പ്പന


കഴിഞ്ഞ ആഴ്ചയിലെ സഭാദ൪ശനം പരിപാടിയിൽ ഡുക്യാറ്റ് എന്ന, സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ യുവജനങ്ങള്‍ക്കു വേണ്ടിയുള്ള അനുരൂപണമായ ഗ്രന്ഥത്തിന്‍റ ആറുമുതല്‍ പത്തുവരെയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് വിചിന്തനത്തിനെടുത്തത്. രണ്ടു കാര്യങ്ങളാണ് ഇവയില്‍ ചര്‍ച്ച ചെയ്തിരിക്കുന്നതെന്നു നാം കണ്ടു. ലോകത്തിലെ തിന്മയെക്കുറിച്ചും മനുഷ്യന്‍ തിന്മയ്ക്കു വിധേയനായിത്തീര്‍ന്നിട്ടും അവനെ ഉപേക്ഷിക്കാതെ സ്വീകരിക്കുകയും തന്നെത്തന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ചും. അതെ, സ്നേഹമായ ദൈവത്തിന് തന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ഒരിക്കലും തള്ളിക്കളയാനാവില്ല.  താന്‍ സ്നേഹമാണെന്ന് അവനു വെളിപ്പെടുത്തിക്കൊണ്ട് ദൈവം അവനെ സ്നേഹിക്കുകയാണ്; അവനെ തന്നിലേക്ക് ആകര്‍ഷിക്കുകയാണ്.  ദൈവം യേശുവിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തുന്നതിനുമുമ്പ് എങ്ങനെയാണ് തന്നെ മാനവകുലത്തിനു വെളിപ്പെടുത്തിയിരുന്നത് എന്ന വിചിന്തനത്തോടെയാണ് കഴിഞ്ഞയാഴചത്തെ പഠനം അവസാനിപ്പിച്ചത്.

മനുഷ്യരക്ഷ ഒരു ദൈവികപദ്ധതിയായിട്ടു തന്നെയാണ് ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത്. ദൈവിക പദ്ധതിയുടെ ആദ്യഭാഗമാണ് പഴയനിയമത്തില്‍ നാം കാണുക.  അത് ദൈവത്തിന്‍റെ മാസ്റ്റര്‍ പ്ലാനിന്‍റെ ആദ്യഭാഗമാണെന്ന് ഡുക്യാറ്റ് വിശേഷിപ്പിക്കുന്നു.  അതെക്കുറിച്ചാണ് പതിനൊന്നും പന്ത്രണ്ടും ചോദ്യങ്ങള്‍. പതിമൂന്നുമുതല്‍ പതിനഞ്ചുവരെ ചോദ്യങ്ങളിലൂടെ യേശുവിലൂടെ ദൈവത്തിന്‍റെ സ്നേ ഹം പൂര്‍ണമായും വെളിപ്പെടുത്തിയതിനെക്കുറിച്ചാണ്.  സ്നേഹം, അതിനെ കേന്ദ്രീകരിച്ചുള്ളതാണ് ഈ ചോദ്യങ്ങള്‍.

പതിനൊന്നുമുതല്‍ പതിനഞ്ചുവരെയുള്ള ചോദ്യങ്ങളിലേക്കു ഇനി നമുക്കു കടക്കാം.

11. എപ്രകാരമാണ് ഇസ്രായേല്‍ജനം ദൈവത്തിന്‍റെ വെളിപ്പെടുത്തലുകളോട് പ്രത്യുത്തരിച്ചത്?

ദൈവം തന്നെത്തന്നെ കാണിച്ചുകൊടുത്തപ്പോള്‍, മനുഷ്യന്‍ മറ്റെല്ലാം മാറ്റിവച്ച് എപ്രകാരമാണ് അവ ന്‍റെ ജീവിതം ജീവിക്കുന്ന ദൈവത്തിനുമുമ്പില്‍ മാറിയത് എന്നു പരിചിന്തനം ചെയ്യേണ്ടിയിരുന്നു.  ഒരുപ്രാവശ്യം ദൈവത്തെ അറിഞ്ഞാല്‍, ഒന്നും പഴയതുപോലെ ആയിരിക്കുകയില്ല.  ഇസ്രായേല്‍ജനം ഇക്കാര്യം ദൈവം അവരുമായി ചെയ്ത ഉടമ്പടിയോടുള്ള പ്രത്യുത്തരത്തിലൂടെ വ്യക്ത മാക്കി.  സീനായ് മലയില്‍വച്ച് ദൈവം അവര്‍ക്ക് മോശയിലൂടെ പത്തു കല്‍പ്പനകള്‍ നല്‍കി (പുറ 19-24). നാം ഈ കല്പനകള്‍ അനുസരിക്കുകയും നീതിപൂര്‍വം അതിനനുസരിച്ചു പ്രവര്‍ത്തിക്കു കയും ചെയ്താല്‍ അത് ദൈവത്തിന്‍റെ സ്നേഹദാനത്തോടുള്ള നമ്മുടെ പ്രത്യുത്തരമാണ്.  ആ വിധത്തില്‍ നമുക്ക് ദൈവത്തിന്‍റെ മാസ്റ്റര്‍ പ്ലാനിനോടു സഹകരിക്കാനുള്ള അവസരം നമുക്കുണ്ട്.

പരിപാലിക്കുന്ന പിതാവും നീതിമാനായ വിധികര്‍ത്താവുമായി ദൈവത്തെ അംഗീകരിച്ച് ആരാധി ക്കുന്നതിനുവേണ്ടിയും വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ സ്വീകരിക്കുന്നതിനൊരുങ്ങുന്നതിനു വേണ്ടിയുമായിരുന്നു ഈ ഉടമ്പടിയും നിയമങ്ങളും.

12.  നമ്മുടെ ഒരുമിച്ചുള്ള ജീവിതത്തില്‍ പത്തു കല്‍പ്പനകള്‍ക്ക് എന്തു പ്രാധാന്യമാണുള്ളത്?

പത്തു കല്‍പ്പനകളിലൂടെ നല്ല ജീവിതത്തിനുള്ള ശാശ്വതമായ പെരുമാറ്റസംഹിത നല്‍കുന്നു. ഒരു മാര്‍ഗദര്‍ശിയെന്ന നിലയില്‍ അവയെ നമുക്ക് ആശ്രയിക്കാന്‍ കഴിയും. അങ്ങനെ ദൈവത്തിന്‍റെ രൂപരേഖയ്ക്കനുസൃതമായ ഒരു ലോകത്തെ യാഥാര്‍ഥ്യമാക്കാന്‍ കഴിയും. അവയിലൂടെ, നമ്മുടെ ചുമതല കള്‍ എന്തൊക്കെ? നമ്മുടെ അവകാശങ്ങള്‍ എന്തൊക്കെ? എന്നു നാം പഠിക്കുകയാണ്. ഉദാഹരണമാ യി, മറ്റുള്ളവരുടെ ഒന്നും നാം മോഷ്ടിക്കരുത് എന്നുമാത്രമല്ല, നമ്മില്‍നിന്നു മോഷ്ടിക്കപ്പെടുന്നതിന് ആരെയും അനുവദിക്കരുത് എന്നുകൂടി നാം പഠിക്കുകയാണ്. പത്തു കല്‍പ്പനകളുടെ ഉള്ളടക്കം സ്വാ ഭാവികനിയമങ്ങള്‍ തന്നെയാണ്. മറ്റു വാക്കുകളില്‍, ഏതൊരു മനുഷ്യന്‍റെയും ഹൃദയത്തില്‍ എഴുതപ്പെട്ടിരിക്കുന്ന സദ്പ്രവര്‍ത്തികള്‍ക്കുവേണ്ടിയുള്ള തോന്നിപ്പു തന്നെയാണത്. മാനവരെയും സംസ്ക്കാരങ്ങളെയും കടമപ്പെടുത്തുന്ന പ്രവൃത്തികളുടെ സാര്‍വത്രികരീതി അവയിലുണ്ട്.  അതിനാല്‍ പത്തു കല്‍പ്പനകള്‍ സമൂഹത്തില്‍ ഒരുമയോടെ ജീവിക്കുന്നതിനുള്ള അടിസ്ഥാനനിയമങ്ങളാണെന്നു പറയാം.

ബനഡിക്റ്റ് പതിനാറാമന്‍ പാപ്പാ എല്ലാ സംസ്ക്കാരങ്ങളിലുമുള്ള ധാര്‍മികനിയമങ്ങളെക്കുറിച്ച്, ദൈവം മനുഷ്യര്‍ക്കു നല്കുന്ന സ്വാഭാവികനിയമത്തെക്കുറിച്ച് കാരിത്താസ് ഇന്‍ വെരിത്താത്തെ എന്ന രേഖയില്‍ നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട് (നം. 59). സമാധാനത്തിനുള്ള നോബല്‍ പുരസ്ക്കാര ജേതാവും മിഷനറിയുമായിരുന്ന ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ അതിശയത്തോടെ പറയുന്നു: 'വീണ്ടും വീണ്ടും ഞാനിക്കാര്യത്തെക്കുറിച്ച് അതിശയിക്കുന്നു, പത്തുകല്പനകളില്‍നിന്ന് രൂപപ്പെട്ട മുപ്പതു ദശലക്ഷത്തിലധികം നിയമങ്ങള്‍ ഇന്നു ലോകമൊട്ടാകെ നിലനില്‍ക്കുന്നു'. പത്തുകല്പനകളുടെ പ്രാധാ ന്യത്തെക്കുറിച്ച് ഇനി പറയേണ്ടതില്ലല്ലോ.

13.  എങ്ങനെയാണ് ദൈവം നസ്രത്തിലെ യേശുവില്‍ തന്നെത്തന്നെ വെളിപ്പെടുത്തുന്നത്?

ദൈവത്തിന്‍റെ സ്വയാവിഷ്ക്കാരം യേശുക്രിസ്തുവില്‍ അതിന്‍റെ പരിപൂര്‍ണത കൈവരിച്ചിരിക്കുന്നു. ദൈവത്തിന്‍റെ സ്നേഹം അവിടുത്തെ വ്യക്തിത്വത്തില്‍, സത്യദൈവവും സത്യമനുഷ്യനുമെന്ന നിലയില്‍, അതിന്‍റെ കേവലവും പരമവുമായ രീതിയില്‍ പ്രകടമാകുന്നു.  അവിടുന്നില്‍, യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ആരംഭത്തില്‍ വിവരിക്കുന്നതുപോലെ, ദൈവത്തിന്‍റെ വചനം മാംസമായിത്തീര്‍ന്നു.  ആരാണ് ദൈവം എന്നത് എങ്ങനെയാണ് അവിടുന്ന് മനുഷ്യനോടു സമാഗമിക്കുന്നത് എന്നത് യേശുക്രിസ്തുവില്‍ ദൃശ്യമായിത്തീര്‍ന്നു; ശാരീരികമായിപ്പോലും പ്രകടമാക്കപ്പെട്ടു. അതുകൊണ്ട് അവിടുത്തേയ്ക്കു പറയാന്‍ കഴിയുന്നു: ''എന്നെക്കാണുന്നവന്‍ പിതാവിനെക്കാണുന്നു'' (യോഹ 14:9).  ക്രിസ്തു പാപമൊഴിച്ച് മറ്റെല്ലാക്കാര്യത്തിലും നമ്മെപ്പോലെ മനുഷ്യനായിത്തീര്‍ന്നു.  തല്‍ഫലമായി, യേശുവാണ് മാനവജന്മത്തിന്‍റെ സമ്പൂര്‍ണമാതൃക; ദൈവത്തിന്‍റെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള മനു ഷ്യന്‍.  യേശു ദൈവത്തിന്‍റെ ഹിതം -സ്നേഹം - ജീവിച്ചു.  ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് സാധ്യമാകുന്നിടത്തോളം യേശുവിനോടടുക്കുക എന്നതാണ്.  കൂദാശകളിലൂടെ നാം യേശുവില്‍പോലും പ്രവേശിക്കുകയാണ്; ''യേശുക്രിസ്തുവിന്‍റെ ശരീരം'' ആയിത്തീരുകയാണ്.

യേശുവിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തിയ ദൈവം. അതു നാം വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുന്നതിങ്ങനെയാണ്, മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും അവിടുന്നു സ്വര്‍ഗത്തില്‍നിന്നിറങ്ങി, പരിശുദ്ധാത്മാവിനാല്‍ കന്യകാമറിയത്തില്‍ നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായിത്തീര്‍ന്നു (നിഖ്യ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണം, cf. മതബോധനഗ്രന്ഥം 456ff)

നമുക്ക് ഈ സ്നേഹം സ്വശക്തിയാല്‍ മനസ്സിലാക്കാനാവില്ല, ജീവിക്കാനാവില്ല.  അതുകൊണ്ടാണ് വി. ചാള്‍സ് ദെ ഫുക്കോ ഇങ്ങനെ പറയുന്നത്:  ‘‘മാനുഷിക ബലഹീനത എന്നത് ശക്തിയുടെ ഉറവിടമാണ്. യേശുവാണ് അസാധ്യമായതിന്‍റെ യജമാനന്‍’’. 

14.  പുതിയ ഉടമ്പടിയിലെ സ്നേഹത്തിന്‍റെ പുതിയ കല്‍പ്പന എന്താണ്?

സുവര്‍ണനിയമം മിക്കവാറും സംസ്ക്കാരങ്ങളില്‍ മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനുള്ള ഒരു ആ ദര്‍ശ മായി അംഗീകരിക്കപ്പെട്ടിരിക്കുന്നതാണ്. പഴയനിയമത്തിലെ സ്നേഹത്തിന്‍റെ നിയമം കുറച്ചു കൂടി ശക്തമാണ്: ''നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക'' (ലേവ്യ 19:18). പരസ്പരസ്നേഹത്തിന്‍റെ ഈ കല്‍പ്പനയെ യേശു ഒന്നുകൂടി തീക്ഷ്ണമാക്കുകയും തന്നോടുതന്നെയും തന്‍റെ ജീവിത ബലിയോടും ചേര്‍ത്തുവച്ചുകൊണ്ട് അതിനെ കൂടുതല്‍ നിശ്ചിതമാക്കുകയും ചെയ്യുന്നുണ്ട്: ''ഇതാണെന്‍റെ കല്‍പ്പന, ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം'' (യോഹ 15:12).  ഈ സ്നേഹം സമൂഹത്തിലേക്കും ഒപ്പം വ്യക്തിയിലേക്കും ഒരേ സമയം തിരിഞ്ഞിരിക്കുന്നതാണ്.  എല്ലാവരും, അവരവരുടെ തനിമയില്‍ പ്രാധാന്യമുള്ളതായിരിക്കുന്നു; ആവര്‍ത്തിക്കപ്പെടാനാവാത്ത വ്യക്തിയായി, ദൈവത്താല്‍ സ്നേഹിക്കപ്പെട്ടവനായി, ഒപ്പം സ്നേഹത്താല്‍ ഓരോരുത്തരും മറ്റുള്ളവരെ ആശ്രയിക്കുന്നവനായി.  ‘‘ദൈവസ്നേഹമാണ് സനേഹസംസ്ക്കാരത്തിന്‍റെ ആരംഭം'' (പോള്‍ ആറാമന്‍ പാപ്പാ, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ). ആ ദൈവസ്നേഹത്തില്‍ എല്ലാമനുഷ്യരും തങ്ങളുടെ സ്നേഹം ചേര്‍ത്തുവയ്ക്കുകയാണ്.

മതബോധനഗ്രന്ഥം പുതിയ ഉടമ്പടിയിലെ കല്‍പ്പനയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു (2055):  പത്തു കല്പനകള്‍ ഒരേ സമയം ദ്വയവും ഏകവുമായ ഈ സ്നേഹത്തിന്‍റെ കല്‍പ്പനയുടെ – അതായത്, നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണഹൃ ദയത്തോടും കൂടി സ്നേഹിക്കുക, നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന കല്‍പ്പനയുടെ - നിയമത്തിന്‍റെ പൂര്‍ണതയുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കപ്പെടണം. അതെ സ്നേഹം നിയമത്തിന്‍റെ പൂര്‍ത്തീ കരണമാണ് (റോമ 13,9-10). 

15.  മനുഷ്യന്‍ സ്നേഹത്തിലേക്കാണോ വിളിക്കപ്പെട്ടിരിക്കുന്നത്?

അതെ, അത് സ്നേഹിക്കപ്പെടാനും സ്നേഹിക്കുന്നതിനുമായുള്ള മനുഷ്യപ്രകൃതിയുമായി ആഴമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.  ഇക്കാര്യത്തില്‍ ദൈവം തന്നെയാണ് നമ്മുടെ ആദര്‍ശമായിരിക്കുന്നത്.  ദൈവത്തിന്‍റെ സത്തതന്നെ സ്നേഹമാണെന്ന് യേശു നമുക്കു കാണിച്ചുതരുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മില്‍ സ്നേഹത്തിന്‍റെ കൈമാറ്റമാണ് നടക്കുന്നത്.  സ്നേഹിക്കുന്ന മനുഷ്യവ്യ ക്തിയ്ക്ക് ഈ സ്നേഹത്തിന്‍റെ ഐക്യത്തില്‍ ഒരു പങ്കുണ്ട്.  നമ്മുടെ ജീവിതം വിജയിക്കുന്നത് നാം ദൈവത്തിന്‍റെ സ്നേഹപ്രവാഹത്തില്‍നിന്ന് നമ്മെത്തന്നെ അടച്ചുകളയാതെ അതിനായി നമ്മുടെ ഹൃദയങ്ങള്‍ തുറക്കുമ്പോഴാണ്.  നമ്മുടെ അയല്‍ക്കാരുടെ ആവശ്യങ്ങളിലേയ്ക്ക് തുറക്കപ്പെട്ടവരായിരിക്കുന്നതിന്, നമുക്കുമുപരിയായി നമ്മെ കഴിവുള്ളവരാക്കുന്നതിന് സ്നേഹം കാരണമാകുന്നു.  മാനവരോടുള്ള സ്നേഹത്താല്‍ സ്വാതന്ത്ര്യത്തോടെ, യേശുക്രിസ്തു തന്നെത്തന്നെ കുരിശില്‍ ബലിയര്‍പ്പിച്ചു കൊണ്ട്, സ്നേഹത്തിന്‍റെ ഏറ്റവും വലിയ പ്രവൃത്തി പൂര്‍ത്തിയാക്കി, കൃത്യമായി പറഞ്ഞാല്‍, അവിടുത്തെ മനുഷ്യജീവിതത്തിന്‍റെ പരിധിയ്ക്കപ്പുറം എത്തിനിന്നുകൊണ്ട്.

മനുഷ്യന്‍ സ്നേഹത്തിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ മതബോധനഗ്രന്ഥം വിശദീകരിക്കുന്നതിങ്ങനെയാണ് (നം 260): ദൈവികരക്ഷാകരപദ്ധതിമുഴുവന്‍റെയും ആത്യന്തിക ലക്ഷ്യം സൃഷ്ടികള്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ പരി പൂര്‍ണെക്യത്തില്‍ പ്രവേശിക്കുക എന്നതാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ, പരിശുദ്ധത്രിത്വത്തിന്‍റെ വാ സസ്ഥാനമാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുകയാണ്.  കര്‍ത്താവു പറയുന്നു:  ‘‘ആരെങ്കിലും എന്നെ സ്നേഹി ക്കുന്നെങ്കില്‍ അവന്‍ എന്‍റെ വചനം പാലിക്കും.  അപ്പോള്‍ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്‍റെ അടുത്തുവന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും’’ (യോഹ 14:23).

നാം സ്നേഹത്തിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു എന്നതിനാല്‍ സ്നേഹം നമ്മുടെ പ്രവൃത്തിയാകണം എന്നു വി. മദര്‍ തെരേസ നമ്മെ അനുസ്മരിപ്പിക്കുന്നു: ‘‘സ്നേഹം ഇന്നുതന്നെ ആരംഭിക്കുക.  ഇന്ന് ചിലര്‍ സഹിക്കുന്നു, ഇന്നു ചിലരൊക്കെ തെരുവിലാണ്, ഇന്ന് ചിലരൊക്കെ വിശപ്പനുഭവിക്കുന്ന വരാണ്. ഇന്നലെ പോയിക്കഴിഞ്ഞു, നാളെ ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല,  നമ്മുടെ ജോലികള്‍ ഇന്നിന്‍റേതാണ്. ഇന്നുമാത്രമാണ്, നമുക്ക് യേശുവിനെ അറിയിക്കാനും സ്നേഹിക്കാനും ശുശ്രൂഷി ക്കാനും ആഹരിപ്പിക്കാനും ഉടുപ്പിക്കാനും പാര്‍പ്പിടമുള്ളവനാക്കാനും നമുക്കു കഴിയുകയുള്ളു.  അ തുകൊണ്ട് നാളത്തേയ്ക്കു നമുക്കു കാത്തിരിക്കാനാവില്ല. ഇന്നു നാം അവരെ പോറ്റിയില്ലെങ്കില്‍ നാളെ അവര്‍ നമുക്കുണ്ടാവില്ല’’.  

ഇതാണ് സ്നേഹത്തിന്‍റെ പൂര്‍ണത, അഥവാ സൗഭാഗ്യാവസ്ഥ.  സ്നേഹമായ ദൈവത്തില്‍ നിന്നു വന്ന മനുഷ്യന് ഈലോകത്തിലും അവിടുത്തെ സ്നേഹത്തില്‍ നിലനില്‍ക്കാനാവും.  വേദനയ്ക്കും മരണത്തിനുമപ്പുറം സ്നേഹത്തിന്‍റെ ശാശ്വത സൗഭാഗ്യാവസ്ഥയില്‍ അവനെത്തിച്ചേരാന്‍ കഴിയുന്നത് ഈ ഭൂമിയില്‍ ആ സ്നേഹത്തില്‍, ആ സ്നേഹൈക്യത്തില്‍ ജീവിച്ചാല്‍ മാത്രമാണ് എന്ന സത്യം നമുക്കു മറക്കാതിരിക്കാം.

ഡുക്യാറ്റിന്‍റെ ഒന്നാമധ്യായത്തില്‍ പതിനാറു മുതലുള്ള ചോദ്യങ്ങള്‍ ക്രിസ്തുവിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തിയ അവിടുത്തെ സ്നേഹത്തെക്കുറിച്ചാണ്. അതെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ അടുത്തു വരുന്ന ആഴ്ചകളില്‍.








All the contents on this site are copyrighted ©.