2017-02-08 12:54:00

പ്രത്യാശയില്‍ പരസ്പരം താങ്ങാകുക- പാപ്പാ


പതിവുപോലെ, ഈ ബുധനാഴ്ചയും (08/02/17)  ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ പ്രതിവാരപൊതുദര്‍ശനം അനുവദിച്ചു. വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ അതിവിശാലമായ ഈ ശാലയില്‍ സന്നിഹിതരായിരുന്നു.  റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ഓടെ പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ആദ്യം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു.

നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞാന്‍ ഉദ്ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വ്വം പെരുമാറുവിന്‍; ആരും ആരോടും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാനും, തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്മചെയ്യാനും ശ്രദ്ധിക്കുവിന്‍. എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം”    തെസലോണിക്കാക്കാര്‍ക്കുള്ള ഒന്നാം ലേഖനം, അദ്ധ്യായം 5, വാക്യങ്ങള്‍ 14 മുതല്‍ 18 വരെ.

ബൈബിള്‍ വായനയെ തുടര്‍ന്ന് പാപ്പാ, ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് താന്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പരയുടെ ഭാഗമായി. പ്രത്യാശ പര്സപര സാന്ത്വനത്തിന്‍റെയും സമാധാനത്തിന്‍റെയും ഉറവിടമാണെന്ന് സമര്‍ത്ഥിച്ചു.

പാപ്പായുടെ സന്ദേശത്തിന്‍റെ സംഗ്രഹം താഴെ ചേര്‍ക്കുന്നു:

പുനരുത്ഥാനത്തെക്കുറിച്ചുള്ള പ്രത്യാശയില്‍ ഉറച്ചുനില്ക്കാന്‍ വിശുദ്ധ പൗലോസ്, “നമ്മള്‍ സദാ കര്‍ത്താവിനോടു കൂടെ ആയിരിക്കും” എന്ന മനോഹരമായ വാക്യത്താല്‍,  തെസ്സലോസിക്കാക്കാര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ ഉപദേശിക്കുന്നത് കഴിഞ്ഞ ബുധനാഴ്ച നാം കാണുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ത്തന്നെ അപ്പസ്തോലന്‍, പ്രത്യാശയ്ക്ക് സ്വകാര്യ-വൈക്തികങ്ങളായ ഒരു മാനം മാത്രമല്ല സംഘാതാത്മകവും സഭാപരവുമായ മാനവുമുണ്ടെന്ന് കാട്ടിത്തരുന്നു. നാമെല്ലാവരും പ്രത്യാശിക്കുന്നു. നമുക്ക് സമൂഹപരമായും പ്രത്യാശയുണ്ട്

ആകയാല്‍ ഒരാള്‍ മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പരസ്പരം തുണയേകാനും സമൂഹത്തോടാവശ്യപ്പെട്ടുകൊണ്ട് പലോസ് തന്‍റെ വീക്ഷണം ക്രൈസ്തവസമൂഹത്തിന് രൂപമേകുന്ന സകല യാഥാര്‍ത്ഥ്യങ്ങളിലേക്കും വ്യാപിക്കുന്നു. പരസ്പരം സഹായിക്കണം. ആവശ്യങ്ങളില്‍, അനുദിന ജീവിതത്തിലെ നിരവധിയായ ആവശ്യങ്ങളില്‍ മാത്രം തമ്മില്‍ത്തമ്മില്‍ സഹായിക്കുകയല്ല, മറിച്ച് പ്രത്യാശയില്‍ സഹായമേകുക, പ്രത്യാശയില്‍ പരസ്പരം താങ്ങാകുക.  സമൂഹത്തിന്‍റെ  ചുമതലയും അജപാലനദൗത്യവും ആരില്‍ നിക്ഷിപ്തമാണോ അവരെക്കുറിച്ചുള്ള സൂചനയോടെ പൗലോസ് തന്‍റെ വീക്ഷണം ആരംഭിക്കുന്നത് യാദൃശ്ചികമല്ല.  അവരാണ് പ്രത്യാശയെ ഊട്ടിവളര്‍ത്താന്‍ വിളിക്കപ്പെട്ടവരില്‍ പ്രഥമര്‍. ഇത് അവര്‍ മറ്റുള്ളവരെക്കാള്‍ മെച്ചപ്പെട്ടവര്‍ ആയതുകൊണ്ടല്ല, മറിച്ച്, അവരുടെ ശക്തികളെ ഏറെ ഉല്ലംഘിച്ചു നില്ക്കുന്ന ദൈവിക ശുശ്രൂഷയുടെ സവിശേഷതയാലാണ്. അതുകൊണ്ട് അവര്‍ മറ്റുള്ള സകലരുടെയും ആദരവും ധാരണയും തുണയും ഏറെ ആവശ്യമുള്ളവരാണ്.

തുടര്‍ന്ന് ശ്രദ്ധപതിയുന്നത് പ്രത്യാശ നഷ്ടപ്പെടുന്ന, നിരാശയില്‍ നിപതിക്കുന്ന  അപകടം കൂടുതലുള്ള സഹോദരങ്ങളിലാണ്. നൈരാശ്യത്താല്‍ മോശമായ കാര്യങ്ങള്‍ ചെയ്യുന്നവരെക്കുറിച്ച് നാം കേള്‍ക്കാറുണ്ട്. നിരാശ മോശപ്പെട്ട നിരവധി കാര്യങ്ങളിലേക്ക് നയിക്കും. ഇവിടെ വിവക്ഷ പ്രത്യാശയറ്റവനാണ്, ബലഹീനനാണ്, ജീവിതഭാരത്താലും സ്വന്തം തെറ്റുകളാലും തളര്‍ന്നു വീണ് എഴുന്നേല്‍ക്കാന്‍ കഴിയാതിരിക്കുന്നവനാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ ആകമാനസഭയുടെ സാമീപ്യവും ഊഷ്മളതയും ഉപരി തീവ്രവും സ്നേഹപൂര്‍ണ്ണവുമായിരിക്കണം. അത് സഹാനുഭൂതിയുടെ രൂപം ആര്‍ജ്ജിക്കുകയും വേണം. ദയ കാട്ടുക എന്നതല്ല ഇതിനര്‍ത്ഥം. അപരനോടൊപ്പം വേദനിക്കുക, സഹിക്കുക, യാതനയനുഭവിക്കുന്നവന്‍റെ ചാരത്തായിരിക്കുക, ഒരു വാക്ക്, ഒരു തലോടല്‍, ഇവ ഹൃദയത്തില്‍ നിന്നു പുറപ്പെടുന്നവയായിരിക്കണമെന്നു മാത്രം. അതാണ് സഹാനുഭൂതി. അവര്‍ക്ക് സാന്ത്വനം ആവശ്യമുണ്ട്. പൗലോസപ്പസ്തോലന്‍ റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നു: “ബലമുള്ളവരായ നാം ദുര്‍ബലരുടെ പോരായ്മകള്‍ സഹിക്കുകയാണുവേണ്ടത്, നമ്മെത്തന്നെ പ്രീതിപ്പെടുത്തുകയല്ല” അദ്ധ്യായം 15, വാക്യം 1. നമ്മള്‍ വിശ്വാസവും പ്രത്യാശയുമുള്ളവരാണ്. ഒപ്പം നമുക്ക് നിരവധി ബുദ്ധിമുട്ടുകളും ഉണ്ട്. അപരന്‍റെ   പോരായ്മകള്‍ നാം വഹിക്കണം. ഈ സാക്ഷ്യം പിന്നീട് ക്രൈസ്തവ സമൂഹത്തിനകത്ത് ഒതുങ്ങിനില്ക്കില്ല; മതിലുകളല്ല പാലങ്ങള്‍ തീര്‍ക്കുക, തിന്മയ്ക്ക് പകരം തിന്മ ചെയ്യരുത്, തിന്മയെ നന്മകൊണ്ടു ജയിക്കുക, ദ്രോഹത്തെ മാപ്പുകൊണ്ടു ജയിക്കുക എന്ന അഭ്യര്‍ത്ഥനയെന്നോണം, അത്,  പുറത്ത് സാമൂഹ്യ പൗരജീവിത പശ്ചാത്തലത്തില്‍ സര്‍വ്വശക്തിയോടും കൂടെ മുഴങ്ങും. നിന്നോടു പകരം വീട്ടും എന്ന് ക്രൈസ്തവന് ഒരിക്കലും പറയാന്‍ കഴിയില്ല. അത് ക്രൈസ്തവികമല്ല. തെറ്റിനെ മാപ്പുകൊണ്ടു ജയിക്കുക. സകലരുമൊത്തു സമാധാനത്തില്‍ കഴിയുക. ഇതാണ് സഭ. സ്നേഹം ശക്തവും മൃദുലവുമാണ്.

പ്രത്യാശിക്കുന്നതിന് തനിച്ചു പഠിക്കാന്‍ ഒരുവനു സാധിക്കുമോ? അത് ആര്‍ക്കും സാധ്യമല്ല. പ്രത്യാശയ്ക്ക് വളരാന്‍ പരസ്പരം താങ്ങാകുന്ന, പരസ്പരം ചൈതന്യം പകരുന്ന അവയവങ്ങളുള്ള ഒരു “ഗാത്രം” അവശ്യാവശ്യമാണ്. അതിനര്‍ത്ഥം നാം പ്രത്യാശിക്കുന്നെങ്കില്‍ അതിനുകാരണം, നമ്മുടെ സഹോദരീസഹോദരങ്ങള്‍ നമ്മെ പ്രത്യാശിക്കാന്‍ പഠിപ്പിക്കുകയും നമ്മുടെ പ്രത്യാശയെ ജീവസുറ്റതാക്കി നിറുത്തുകയും ചെയ്തു എന്നാണ്.

പ്രത്യാശിക്കുന്നവന്‍ ഒരു ദിവസം ഈ വാക്കുകള്‍ കേള്‍ക്കാന്‍ കഴിയുമെന്ന് ആശിക്കുന്നു, അതായത്, സഹോദരാ, എന്നന്നേക്കുമായി എന്‍റെ പക്കലേക്കു വരൂ, സഹോദരീ എന്നന്നേക്കുമായി എന്‍റെ അടുക്കല്‍ വരൂ.

പ്രിയ സുഹൃത്തുക്കളേ, പ്രത്യാശയുടെ സ്വഭാവിക ഭവനം ഐക്യമുള്ള “ഗാത്രം” ആണെന്നു പറഞ്ഞെങ്കില്‍ ക്രിസ്തീയ പ്രത്യാശയുടെ കാര്യത്തില്‍ ഈ ഗാത്രം സഭയാണ്. ഈ പ്രത്യാശയുടെ പ്രാണവായു, ആത്മാവ് പരിശുദ്ധാരൂപിയാണ്. പരിശുദ്ധാരൂപിയെക്കൂടാതെ പ്രത്യാശിക്കാനാകില്ല. അതുകൊണ്ടാണ് പരിശുദ്ധാരൂപിയോടു നിരന്തരം പ്രാര്‍ത്ഥിക്കാന്‍ പൗലോസപ്പസ്തോലന്‍ നമ്മെ ക്ഷണിക്കുന്നത്. വിശ്വസിക്കുക എളുപ്പമല്ലെങ്കില്‍ അതിലും ആയസകരമാണ് പ്രത്യാശിക്കുക എന്നത്. എന്നാല്‍ പരിശുദ്ധാരൂപി നമ്മുടെ ഹൃദയത്തില്‍ വസിച്ചാല്‍ അവിടന്ന് നമ്മെ മനസ്സിലാക്കിത്തരും ഭയപ്പെടേണ്ടതില്ല, കര്‍ത്താവ് ചാരെയുണ്ട്, അവിടന്ന് നമ്മുടെ കാര്യങ്ങള്‍ നോക്കിക്കൊള്ളും എന്ന്.  അവിടന്നാണ് നിത്യമായ ഒരു പെന്തക്കൂസ്തയില്‍, മാനവകുടുംബത്തിന്‍റെ സജീവ പ്രത്യാശയുടെ അടയാളങ്ങളെന്നോണം, നമ്മുടെ സമൂഹങ്ങളെ രൂപപ്പെടുത്തുക. നന്ദി.  

 പ്രഭാഷണാനന്തരം അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

ചൊവ്വാഴ്ച (07/02/17) ജപ്പാനിലെ ഒസാക്കയില്‍ നിണസാക്ഷി ജസ്റ്റോ തക്കയാമ യുക്കോണ്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതും. ഈ ബുധനാഴ്ച(08/02/17) മനുഷ്യക്കടത്തുവിരുദ്ധ ലോക പ്രാര്‍ത്ഥനാദിനമായി ആചരിക്കപ്പെട്ടതും പതിനൊന്നാം തിയതി ശനിയാഴ്ച (11/02/17) ഇരുപത്തിയഞ്ചാം ലോക രോഗീദിനം ആചരിക്കപ്പെടുന്നതും പാപ്പാ അനുസ്മരിച്ചു.

മനുഷ്യക്കടത്തിനെതിരായ ലോക പ്രാര്‍ത്ഥനാദിനാചരണ സംഘാടകസമിതിയംഗങ്ങളെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. പതിവുപോലെ, പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത്, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, തുടര്‍ന്ന് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി 








All the contents on this site are copyrighted ©.