2017-02-07 08:48:00

''ഒരു ക്രിസ്ത്യാനി സ്നേഹത്തിന്‍റെ അടിമയാണ്'': ഫ്രാന്‍സീസ് പാപ്പാ


 ''ഒരു ക്രിസ്ത്യാനി സ്നേഹത്തിന്‍റെ അടിമയാണ്, പ്രവൃത്തികളുടെയല്ല''.   2017 ഫെബ്രുവരി ആറാംതീയതി, തിങ്കളാഴ്ച കാസാ സാന്താമാര്‍ത്തായിലര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.  ദൈവത്തിന്‍റെ വിസ്മയകൃത്യങ്ങളെക്കുറിച്ച് പ്രഘോഷിക്കുന്ന സങ്കീര്‍ത്തനവായനയോടു (സങ്കീ 103) ചേര്‍ന്ന് പാപ്പാ ഉദ്ഘോഷി ച്ചു: ‘‘കര്‍ത്താവേ അങ്ങ് മഹോന്നതനാണ്’’.  ദൈവത്തിന്‍റെ വിസ്മയപ്രവൃത്തികള്‍ സൃഷ്ടിയിലൂടെ നാം കാണുന്നു.  എന്നാല്‍ പുനഃസൃഷ്ടിയിലൂടെ പുത്രന്‍ നമുക്കുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. സൃഷ്ടിയുടെ അത്ഭുതവും, വീണ്ടെടുപ്പിന്‍റെ അത്ഭുതവും; അതായത് പുനഃസൃഷ്ടിയുടെ അത്ഭുതവും. എങ്ങനെയാണ് നാം വീണ്ടെടുക്കപ്പെട്ടവരായത്?  തന്‍റെ പുത്രനിലൂടെയാണത്.  അവിടുത്തെ സ്നേഹത്താലും വാത്സല്യത്താലും.  കല്പനകളുടെ കാര്‍ക്കശ്യത്താലല്ല.  അതു നമുക്കു സ്വാതന്ത്ര്യം തരികയില്ല.  അതുകൊണ്ട് ഈ രണ്ടു വിസ്മയങ്ങളിലൂടെ, സൃഷ്ടിയുടെയും പുനഃസൃഷ്ടിയുടെയും നാം ജീവിക്കണം.   ഒരിക്കല്‍ ഒരു കുട്ടി പാപ്പായോട് ‘‘ലോകത്തെ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം എന്തു ചെയ്യുകയായിരുന്നു’’ എന്നു ചോദിച്ചതും, താന്‍ അതിന്, ‘‘സ്നേഹിക്കുകയായിരുന്നു’’ എന്നുത്തരം പറഞ്ഞതും പാപ്പാ അനുസ്മരിച്ചു.

‘‘എന്‍റെ പിതാവ് എപ്പോഴും പ്രവര്‍ത്തന നിരതനാണ്.  ഞാനും പ്രവര്‍ത്തിക്കുന്നു’’ (യോഹ 5:17) എന്ന യേശുവിന്‍റെ വാക്കുകള്‍ നിയമജ്ഞര്‍ക്ക് ഉതപ്പായി. അവര്‍ യേശുവിനെ കൊല്ലാന്‍ ആഗ്രഹി ച്ചു. എന്തുകൊണ്ടാണത്?  അവര്‍ ദൈവത്തില്‍നിന്നുള്ളവ ദാനമായി സ്വീകരിച്ചില്ല, മറിച്ച്, കല്പന അനുസരിച്ചുകൊണ്ട് തങ്ങളെത്തന്നെ നീതീകരിക്കുവാന്‍ ശ്രമിച്ചു.  അവര്‍ പത്തു കല്പനകളെ അഞ്ഞൂറിലധികം കല്പനകളാക്കി വര്‍ധിപ്പിച്ചു. ദൈവദാനം സ്വീകരിക്കുന്നതിന് അവര്‍ക്കു കഴിഞ്ഞില്ല. തന്‍റെ സന്ദേശം പാപ്പാ ഇങ്ങനെയാണ് അവസാനിപ്പിച്ചത്: ‘‘എന്നാല്‍ നാം ദൈവത്തിന്‍റെ സ്നേഹം മനസ്സിലാക്കിക്കൊണ്ട് ഇങ്ങനെ പറയണം; ഇന്നു നമ്മള്‍ ഉദ്ഘോഷിച്ചപോലെ, ‘കര്‍ത്താവേ അങ്ങ് മഹോന്നതനാണ്’. അങ്ങേയ്ക്കു നന്ദി’’.  








All the contents on this site are copyrighted ©.