2017-02-04 14:06:00

ലോകത്തിന് പ്രകാശമാകേണ്ട നമ്മിലെ ദൈവാംശം


പുതിയ നിയമ പണ്ഡിതനും കാരുണികന്‍ മാസികയുടെ പത്രാധിപരുമായ റവറെന്‍റ് ഡോക്ടര്‍ ജേക്കബ് നാലുപറ എം.സി.ബി.എസ്സി-ന്‍റെ വചനവിചിന്തനമാണിത്.

ഒരു കഥ! ഒരു മനുഷ്യന്‍ ജീവിതനൈരാശ്യത്തിലാണ്ടു. കൈയ്യില്‍ ഒരു വിഷക്കുപ്പിയുമായി അവിടെ പട്ടണത്തിലേയ്ക്കു വരികയാണ്. സിനിമാക്കമ്പക്കാരന്‍ ആയതിനാല്‍ ചാകുംമുന്‍പേ തിയറ്ററില്‍ക്കയറി ഒരു സിനിമ കാണാമെന്നു തീരുമാനിച്ചു. മുന്നോട്ടു നടക്കുമ്പോള്‍... ഇതാ! ഒരു പെണ്‍കുട്ടിയും അവളുടെകൂടെ ഇളപ്പക്കാരായ രണ്ടുകുട്ടികളുംകൂടി വരികയായിരുന്നു. പാട്ടുംമ്പാടി അലക്ഷ്യമായിട്ട് കടന്നുവരുന്നു. തിയറ്ററില്‍ തൊട്ടടുത്ത സീറ്റില്‍ വന്നിരിക്കുന്നു. ഇരുന്നിട്ട് സംസാരിക്കുന്നത് തമിഴു കലര്‍ത്തിയ മലയാളമാണ്. ഇടതടവില്ലാതെ സംസാരിക്കുന്നു. ഇടയ്ക്ക് രണ്ടുവരി പാട്ടു മൂളുന്നു, പൊട്ടിച്ചിരിക്കുന്നു. അങ്ങനെ ആകെ സന്തോഷഭരിതയായ ഒരു പെണ്‍‍കുട്ടിയും കുട്ടികളും! സിനിമ ഇംഗ്ലിഷായിരുന്നു. അവള്‍ക്ക് ഇതൊന്നും മനസ്സിലാകുന്നില്ലെങ്കില്‍ക്കൂടി എല്ലാം ആസ്വദിച്ച് അങ്ങ് മുന്നോട്ടു പോവുകയാണ്. സ്ക്രീനില്‍ -  ഒരു കുതിര വെടികൊണ്ടു ചത്തപ്പോള്‍, അയ്യോ! പാവം! അവള്‍ സഹതപിച്ചു. വില്ലന് ഇടികൊണ്ടപ്പോള്‍, സബാഷ്...!! എന്നു പറഞ്ഞു സന്തോഷിച്ചു. അങ്ങനെ ചൈതന്യത്തിന്‍റെ സ്ഫുലിംഗമായൊരു പെണ്‍കുട്ടി.

ചാകാന്‍ ഒരുങ്ങിയിരിക്കുന്നവനോടു ഇടവേളയ്ക്ക് അവള്‍ ചോദിച്ചു,  ഈ സിനിമയുടെ കഥയൊന്നു പറഞ്ഞുതരാമോ? മറുപടിയൊന്നും കിട്ടാഞ്ഞപ്പോള്‍... വീണ്ടും അവള്‍ നിര്‍ബന്ധിച്ചു. ഒന്നു പറഞ്ഞതന്നു കൂടേ?! ആറാം ക്ലാസ്സുവരെയേ തനിക്ക് വിദ്യാഭ്യാസമുള്ളൂ എന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. അയാള്‍ക്ക് അതില്‍പ്പരം ഒരു സന്തോഷവും ഉണ്ടാകാനില്ല. ഇത്രയും സ്നേഹത്തോടും വത്സല്യത്തോടുംകൂടെ ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി തന്നില്‍ വിശ്വാസമര്‍‍പ്പിച്ചുകൊണ്ട് സംസാരിക്കുന്നത്. രക്ഷയില്ലാതെ വന്നപ്പോള്‍ ആ മനുഷ്യന്‍ പെട്ടന്ന്,  കഥ ചുരുക്കി പറഞ്ഞുകൊടുത്തു. പ്രതിഫലമായി അവള്‍ അയാള്‍ക്കുവേണ്ടി ഒരു പാട്ടുപാടി.

നല്ല പാട്ടാണെന്നു പറഞ്ഞപ്പോള്‍, അവള്‍ അനിയന്‍റെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന ഒരു ചോക്കളേറ്റു വാങ്ങി അയാള്‍ക്കു വച്ചുനീട്ടി. അതു സ്വീകരിക്കാന്‍ അയാള്‍ മടിച്ചപ്പോള്‍, അവള്‍ നിര്‍ബന്ധിച്ചു. അതിനുശേഷം സിനിമ തീര്‍ന്നപ്പോള്‍ അവളുടെ പ്രതികരണം... അയ്യോ..!. ഈ സിനിമ തീരണ്ടായിരുന്നു എന്നാണ്! പോകാറായപ്പോള്‍ തിരിഞ്ഞ് അവള്‍ അയാളോടു ചോദിച്ചു. ഇനി എന്നാണ് സിനിമയ്ക്കു വരിക? അയാള്‍ തമാശരൂപേണ പറഞ്ഞു. അമ്മ സമ്മതിച്ചാല്‍ വരാം. അപ്പോള്‍ അവള്‍ പറഞ്ഞു. അമ്മയോടു പറയൂ, ഞാന്നും വരുന്നുണ്ടെന്ന്. എന്നിട്ട് പോകാന്‍ നേരത്ത് അവള്‍ വീണ്ടും പറഞ്ഞു. ഞാന്‍ കാത്തിരിക്കും. അയാള്‍ പറഞ്ഞു. അന്നു രാത്രി അയാള്‍ വിഷം കുടിച്ച് മരിച്ചില്ല! ഇതാണ് ടി. പത്മനാഭന്‍റെ പ്രശസ്തമായ “പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി” എന്ന കഥ.

ഇന്നത്തെ സുവിശേഷത്തില്‍ ഈശോ പറയുന്നു. നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്. അതായത് നിങ്ങളില്‍ ഒരു പ്രകാശമുണ്ട്. അത് പ്രകാശിപ്പിച്ചുകൊണ്ടിരിക്കുക. ഇതാണ് ഈശോ ഇന്നും നമ്മോടു പറയുന്നത്. അതായത്, നിന്‍റെ ചുറ്റുമുള്ളവര്‍ക്കെല്ലാം, വീട്ടിലുള്ളവര്‍ക്കെല്ലാം, ഈ പ്രപഞ്ചമാകുന്ന വീട്ടില്‍ ഉള്ളവര്‍ക്കെല്ലാം പ്രകാശം കൊടുക്കത്തക്ക രീതിയില്‍ നിന്‍റെ ഇരുളിലെ പ്രകാശത്തെ ജ്വലിപ്പിച്ചു ഉണര്‍ത്തുക. ഇതാണ് ഈശോ ഇന്ന് എന്നോടു ആവശ്യപ്പെടുന്നത്.

രണ്ടാഴ്ച മുന്‍പു നടന്ന ഒരു സംഭവം! തോപ്രാംകുടി ഒരു കുഗ്രാമം, അതു സിനിമയിലൂടെയാണ് ആദ്യം കേട്ടിട്ടുള്ളത്. എന്നാല്‍ തോപ്രാംഗുടിക്കടുത്ത് അതിനെക്കാള്‍ കുഗ്രാമമായ ഒരു സ്ഥലമാണ് മുരിക്കാശ്ശേരി. അവിടെ ഒരാശുപത്രിയുണ്ട്. 25 വര്‍ഷങ്ങള്‍ക്കുമുന്‍പ് തുടങ്ങിയതാണത്. അതിന്‍റെ തുടക്കം മുതല്‍ അവിടെ സേവനംചെയ്തിരുന്നതാണ് - സിസ്റ്റര്‍ ആന്‍സിലിറ്റ്. പിന്നെ സിസ്റ്റര്‍ സുഗുണയും. രണ്ടുപേരും ഡോക്ടര്‍മാരാണ്. ഒരാള്‍ ഗൈനക്കോളജിസ്റ്റാണ് Gynecologist. മറ്റെയാള്‍ കുട്ടികളുടെ ചികിത്സയില്‍ വിദഗ്ദ്ധയാണ്  പീഡിയാട്രീഷനും Paediatrician. സിസ്റ്റര്‍ ആന്‍സലിറ്റിന് ക്യാന്‍സര്‍ ബാധിച്ചു. തുടങ്ങിയിട്ട് 23 വര്‍ഷങ്ങളായി. ചികിത്സ നടത്തുന്നുണ്ടെങ്കിലും രോഗം മൂര്‍ച്ഛിച്ചതേയുള്ളൂ. അങ്ങനെ അവസാനം, കഴിഞ്ഞ അറേഴു മാസങ്ങളായിട്ട് തീരെ അവശതയില്‍ മരണക്കിടക്കയിലായി. എന്നാല്‍ എഴുന്നേറ്റുപോയി ജോലിചെയ്യാന്‍ പറ്റുമായിരുന്നപ്പോഴെല്ലാം അവര്‍ രോഗികളെ കാണുമായിരുന്നു.

അവസാനം മരണസമയത്ത് ശ്വാസംവലിച്ചു കിടക്കുന്ന സമയം! അപ്പോഴാണ് ഒരമ്മയും കുഞ്ഞും മുറിയില്യേക്ക് കടന്നുവന്നത്. ചെറുതോണിയില്‍‍നിന്നും വന്നതാണ്. സിസ്റ്റര്‍ മരണമടുത്ത്, വായൂവലിച്ച്, ശ്വാസംകിട്ടാതെ വിഷമിച്ചു കിടക്കുന്ന സമയം! ഈ  അമ്മയെയും കുഞ്ഞിനെയും കണ്ടപ്പോള്‍ ആംഗ്യംകാണിച്ചുകൊണ്ട് അടുത്തേയ്ക്കു വിളിച്ചു. എന്നിട്ട് എന്തോ സംസാരിക്കാനായിട്ട് ഓങ്ങി. എന്താണെന്ന് തിരിയുന്നില്ല. അപ്പോള്‍ തൊട്ടടത്തുനിന്ന പരിചയക്കാരി‍ സിസ്റ്റര്‍ പറഞ്ഞു. ചോദിക്കുന്നത്, മൂത്തകുട്ടി എന്ത്യേ... എന്നാണ്. കാരണം ഈ രണ്ടു കുട്ടികളുടെയും പ്രസവം എടുത്തത് സിസ്റ്ററാണ്. വായുവലിച്ച് ശ്വാസം കിട്ടാതെ, മരണത്തോടു അടുക്കുമ്പോഴും തൊട്ടടുത്തു നില്ക്കുന്നവരുടെ ജീവിതത്തെക്കുറിച്ചുള്ള ശ്രദ്ധയും സ്നേഹവും കരുണയും കരുതലുമാണിത്. ജീവിതത്തില്‍ ഉടനീളം മാത്രമല്ല, അവസാനം മരണത്തോട് മല്ലടിക്കുമ്പോഴും, പ്രകാശം പരത്തിനില്ക്കുന്ന വ്യക്തി! ഒരു നാടിന്‍റെ മുഴുവന്‍ പ്രസവമെടുത്ത ഗൈനക്കോളജിസ്റ്റ്!   ഒരു തലമുറയ്ക്കു മുഴുവന്‍ ജീവിന്‍റെ വെളിച്ചു പകര്‍ന്നുകൊടുത്തവള്‍!

ഈശോ പറയുന്നു നീ പ്രകാശമാണ്. നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്. വിളക്കുകൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല. പീഠത്തില്‍വയ്ക്കുന്നു. അതിലൂടെ വീട്ടിലുള്ള എല്ലാവര്‍ക്കും വെളിച്ചം ലഭിക്കുന്നു. ഇവിടെ നാം ചോദിക്കേണ്ട ചോദ്യം - മലയിലെ പ്രസംഗത്തിന്‍റെ തുടക്കത്തില്‍ ഈശോ പറയുന്ന പ്രകാശം എന്താണ്? അത് അറിയണമെങ്കില്‍, അത് തുടങ്ങുന്ന അഷ്ടഭാഗ്യങ്ങളിലേയ്ക്കുതന്നെ തിരിയണം. അതില്‍ ആവര്‍ത്തിച്ചാവര്‍ത്തിട്ട് ഈശോ ഭാഗ്യവാന്മാരെന്ന് പറഞ്ഞിട്ട്, വ്യക്തമാക്കുന്നത്, അവര്‍ ദൈവത്തിന്‍റെ പുത്രന്മാരെന്ന് വിളിക്കപ്പെടും, അവര്‍ ദൈവത്തെ കാണും, സ്വര്‍ഗ്ഗരാജ്യം അവര്‍ സന്ത്വമാക്കും എന്നെല്ലാമാണ്. സ്വര്‍ഗ്ഗം ദൈവത്തിന്‍റേതാണ്. ദൈവത്തിന്‍റെ രാജ്യം സ്വന്തമാക്കുന്നവര്‍ ദൈവമക്കളാണ്. അപ്പോള്‍ ഉള്ളിലെ പ്രകാശമാകുന്നത്,  നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാകുന്നതാണ്. നിങ്ങളുടെ ഉള്ളിലൊരു പ്രകാശമുണ്ട് എന്നു പറയുന്നത് ഈ ദൈവപുത്രത്ത്വം തന്നെയാണ്. തമ്പുരാന്‍റെ മകനാണ്, മകളാണ് എന്ന അനുഭവമാണത്... മാത്രമല്ല, ദൈവവുമായിട്ടുള്ള ഈ Intimacy ‘ഇന്‍റിമസി’ അടുപ്പം, ഹൃദയത്തിന്‍റെ അടുപ്പം പുത്രത്ത്വത്തിന്‍റെ അടുപ്പമാണ്. അതായത്, സ്വന്തം പിതാവാണ് എന്നുള്ളതിന്‍റെ അടുപ്പമാണത്.

ഇതുതന്നെയാണ് പൗലോസ്ശ്ലീഹ ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത്. വഴി പിഴച്ചതും, വക്രതയുള്ളതുമായ തലമുറയില്‍ നിങ്ങള്‍ കുറ്റമേറ്റ ദൈവമക്കളാകുവിന്‍. ലോകത്തില്‍ നിങ്ങള്‍ വെളിച്ചമായി പ്രകാശിക്കട്ടെ! ലോകത്തിന്‍റെ വെളിച്ചമായി പൗലോസ് പറയുന്നത്....   കുറ്റമറ്റ ദൈവമക്കള്‍ എന്നാണ്. ഇതു പറയുന്നതിന്‍റെ പശ്ചാത്തലം, എങ്ങനെയാണ് ദൈവമക്കാളാകേണ്ടത് എന്നാണ്. യേശുക്രിസ്തുവിന് ഉണ്ടായിരുന്ന മനോഭാവം ... തുല്യത നിലനിറുത്താതെ, തന്നെത്തന്നെ ശൂന്യനാക്കുന്ന മനോഭാവമാണ്. അത് പരോത്മുഖതയാണ്. കൊടുക്കുക.... അവസാനം സ്വന്തം ജീവന്‍വരെ കൊടുക്കുക...! അവസാനംവരെ കൊടുക്കുന്ന വലിയ പരോന്മുഖതയും സ്നേഹവുമാണ് ഈ ദൈവികഭാവം. ഇതാണ് ഒരുവനെ ദൈവത്തിന്‍റെ മകനും മകളുമാക്കുന്നത്. ഇതാണ് ഒരുവന്‍റെ ഉള്ളില്‍ ജ്വലിച്ചുനില്ക്കുന്ന പ്രകാശം. ഇതാണ് ഇശോ പറയുന്നത് നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്! അതു മൂടിവയ്ക്കരുത്. പ്രകാശിക്കട്ടെ!! എല്ലാവര്‍ക്കും പ്രകാശം പരത്തട്ടെ!

പൗലോശ്ലീഹ എഫേസോസുകാര്‍ക്കുള്ള ലേഖനത്തില്‍ 5-Ɔ൦ അദ്ധ്യായം 8-Ɔമത്തെ വരിയില്‍ പറയുന്നതും ഇതുതന്നെ. “ഇന്നു നിങ്ങള്‍ കര്‍ത്താവില്‍ പ്രകാശിക്കുവിന്‍, പ്രകാശമായിരിക്കുവിന്‍!”  പിന്നെയും പറയുന്നുണ്ട്, “നിങ്ങള്‍ സ്നേഹത്തില്‍ ജീവിക്കുവിന്‍. സ്നേഹത്തില്‍ ജീവിച്ചുകൊണ്ട് കര്‍ത്താവിന്‍റെ പ്രകാശമായിരിക്കുവിന്‍!”

ചുരുക്കത്തില്‍, ഈശോ ശിഷ്യരോടു പറയുന്നു ഈ പ്രകാശം, നിങ്ങള്‍ പ്രകാശമാണ്. മാത്രമല്ല, നിങ്ങളുടെ ഉള്ളില്‍ ഒരു പ്രകാശമുണ്ട്. ഇതെന്താണ്? ഇതെന്താണെന്ന് ചോദിച്ചാല്‍, നിന്നിലെയും, എന്നിലെയും ക്രിസ്തു സാന്നിദ്ധ്യമാണിത്.... എന്നിലെ ഈശ്വരാംശമാണിത്. എന്നില്‍ ഒളിഞ്ഞിരിക്കുന്ന ദൈവികാംശമാണിത്, ദൈവികപ്രഭയാണിത്. മാത്രമല്ല. എന്നിലെ ദൈവികതയും, ഈശ്വരസാന്നിദ്ധ്യവും, ക്രിസ്തുസാന്നിദ്ധ്യവും എന്നു പറയുന്നത് സ്നേഹമാണ്. എന്നിലെ പ്രണയവും, പരോത്മുഖതയുമാണ്. മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന, അവരുമായി പങ്കുവയ്ക്കുന്ന സ്നേഹത്തിന്‍റെ സ്വഭാവം. ഇതാണ് ഈശോ പറയുന്ന വെളിച്ചം. ഈ വെളിച്ചം മൂടിവയ്ക്കുന്നത് വിളക്കുകൊണ്ടുവന്ന് പറയുടെ കീഴില്‍ വയ്ക്കുന്നതിനു തുല്യമാണ്. മൂടിവച്ചാല്‍ കെട്ടുപോകും. പകരം പീഠത്തില്‍ വയ്ക്കുക. അപ്പോള്‍ അത് ജ്വലിക്കുന്നു പ്രകാശം പരത്തുന്നു. കൂടുതല്‍ പ്രഭയോടെ കത്തിജ്വലിക്കുന്നു. അത് എല്ലാവര്‍ക്കും പ്രകാശം നല്കും.

പഴയൊരു കഥ! കുരുടനായ യുവാവിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു സമ്മാനം കൊടുത്തു.  അത് അവന്‍ വളരെ സന്തോഷത്തോടെ സ്വീകരിച്ചു. വര്‍ണ്ണക്കടലാസിന്‍റെ പൊതി അഴിച്ച് തപ്പിപ്പിടിച്ച്, തിരിച്ചും മറിച്ചും നോക്കി! ഒരു വിളിക്കാണെന്ന് മനസ്സിലായി. ഒരു റാന്തല്‍!  ആദ്യത്തെ സന്തോഷം കഴിഞ്ഞപ്പോള്‍, അവന്‍ ചോദിച്ചു, എന്തിനാ എനിക്ക് ഈ വിളക്ക്?   ഞാന്‍ ഒന്നും കാണുന്നില്ലല്ലോ?! പ്രകാശവും ഇരുട്ടും എനിക്ക് ഒരുപോലെയല്ലേ? അപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു. സ്നേഹിതാ, ഇത് ശരിക്കും നിനക്കു വേണ്ടീട്ടല്ല. നീ ദൂരെ യാത്രചെയ്യുമ്പോള്‍ ഇത് കത്തിച്ചുപിടിച്ചു പോകുക. അപ്പോള്‍ നിനക്ക് മറ്റുള്ളവര്‍ക്കും പ്രകാശംപകര്‍ന്നു കൊടുക്കാനാകും. ഒപ്പം നിന്‍റെ ജീവിതം സുരക്ഷിതവുമാകും. കാരണം, ഇരുട്ടില്‍ നടന്നുപോകുന്ന നിന്‍റെ ദേഹത്തു ആരും വന്ന്, മുട്ടിത്തട്ടി നീ അപകടത്തില്‍ പെടുകയില്ല. ആശയം അവന് വളരെ നന്നായി തോന്നി.  പിറ്റെ ദിവസംമുതല്‍ വൈകുന്നേരമാകുമ്പോള്‍ വിളക്കു കത്തിച്ച് അവന്‍ നടക്കാന്‍ തുടങ്ങി. മുന്നോട്ടു പോയി... പിന്നെ, വൈകുന്നേരങ്ങളില്‍ എന്നും യാത്രതന്നെ യാത്ര!

അങ്ങനെ കുറെക്കാലം കഴിഞ്ഞപ്പോഴാണ് ഒരു ദിവസം ഇയാള്‍ യാത്രചെയ്യവെ, എതിരെ വന്നൊരുവന്‍ ഇവന്‍റെ ദേഹത്തു തട്ടി താഴെ വീണു. കാഴ്ചയില്ലാത്ത യുവാവ് താഴെ വീണു. റാന്തല്‍ പൊട്ടി. വിളക്കുമായി അവന്‍ എഴുന്നേറ്റു. ക്ഷോഭത്തോടെ ചോദിച്ചു. കാണാന്‍മേലെ, വിളക്കു കത്തിച്ചു പടിച്ചിരിക്കുന്നത്. എതിരെ വന്നവന്‍ മറുപടി പറഞ്ഞു, വിളക്ക് കയ്യിലുണ്ട് സഹോദരാ! പക്ഷേ, അതു കത്തിയിരുന്നില്ലല്ലോ! കെട്ടിരിക്കുകയായിരുന്നില്ലേ!?

ഇശോ നമ്മോടു ചേദിക്കുന്ന ചോദ്യമിതാണ്. നിന്‍റെ ഉള്ളിലെ വിളക്ക് കത്തുന്നുണ്ടോ? അതോ, കെട്ടുപോയിരിക്കുകയാണോ? കാരണം, നിന്‍റെ വിളക്കു കത്തിച്ച് മറ്റുള്ളവര്‍ക്കും പ്രകാശംനല്കാനാണ് തമ്പുരാന്‍ എന്‍റെ ജീവിതത്തിലും ഹൃദയത്തിലും വിളക്കു തന്നിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് അത് പ്രകാശം പകരും, അവരുടെ ജീവിതത്തില്‍ അവര്‍ അപകടത്തില്‍പ്പെട്ട് മരണപ്പെടാതിരിക്കാനും ഈ വിളക്ക് ഉപകരിക്കും. അതുകൊണ്ട് ഞാന്‍ എന്നോടുതന്നെ ചോദിക്കേണ്ട ചോദ്യം, ഉള്ളിലെ ഈ വിളക്ക് കത്തുന്നുണ്ടോ? എത്രമാത്രമാണ് ഇത് കത്തിപ്രശോഭിച്ച്, പ്രകാശം പരത്തുന്നത്. എന്നിലെ ക്രിസ്തുസാന്നിദ്ധ്യം, എന്നിലെ സ്നേഹം കണ്ടുമുട്ടുന്നവരോടും ഈ പ്രപഞ്ചത്തോടും സ്നേഹത്തിലാകാനുള്ള, പ്രണയത്തിലാകാനുള്ള എന്‍റെ ഉന്നിലെ ക്രിസ്തുസാന്നിദ്ധ്യം, എന്നിലെ സ്നേഹം കണ്ടുമുട്ടുന്നവരോടും ഈ പ്രപഞ്ചത്തോടും സ്നേഹത്തിലാകാനുള്ള പ്രണയത്തിലാകാനുള്ള എന്‍റെ ള്ളിലെ കഴിവാണ്. അതാണ് ദൈവസാന്നിദ്ധ്യം. അതു ജ്വലിച്ചു ജ്വലിച്ച് നില്ക്കേണ്ട പ്രകാശം അതാണ്? എന്‍റെ ഉള്ളിലെ ഈ ഈശ്വരസാന്നിദ്ധ്യത്തെ, ക്രിസ്തു സാന്നിദ്ധ്യത്തെ... ഈശ്വര സാന്നിദ്ധ്യത്തെ ജ്വലിപ്പിച്ചുനിറുത്തുമ്പോള്‍ വളര്‍ത്തി നിറുത്തുമ്പോഴാണ് എന്‍റെ ചുറ്റുമുള്ളവര്‍, എന്‍റെ വീട്ടിലുള്ളവര്‍ക്കെല്ലാം.. പ്രകാശം ലഭിക്കുന്നത്. അവരുടെ ജീവിതത്തിലേയ്ക്കൊത്തിരി പ്രകാശം കയറിവരുന്നത്. ഈ പ്രപഞ്ചമാകുന്ന വീട്ടിലെ പലര്‍ക്കും പ്രകാശം പരത്താന്‍ എനിക്കാകുന്നത് ഇതുതന്നെയാണ്.

ഇതിന് തൊട്ടു മുന്നിലെ വചനത്തില്‍ ഈശോ പറയുന്നത്. “നിങ്ങള്‍ ലോകത്തിന്‍റെ ഉപ്പാണ്!” ഇതുതന്നെയാണ് ഉള്ളിലെ ആന്തരികചൈതന്യം പ്രണയിക്കാന്‍, സ്നേഹിക്കാനുള്ള കഴിവ്, കൊടുക്കാനുള്ള നന്മ...!! അതു ജ്വലിച്ചു നില്ക്കുമ്പോള്‍, എന്താ സംഭവിക്കുന്നത്. അടുത്തു വരുന്നവരുടെ ജീവിതങ്ങള്‍ക്കൊക്കെ സ്വാദുപകരുന്നു. ജീവിതങ്ങള്‍ സ്വാദേറിയതാകുന്നു. പോരാ, അടുത്തു വരുന്നവരുടെയും, മുരിപ്പെട്ടവരുടെയും മുറിവുണക്കുന്ന ഔഷധമായിട്ട് അത് മാറുന്നു.  ഈശോ ഇന്ന് എന്നോട് ആവശ്യപ്പെടുന്നത് ഇതാണ്. നിന്നിലൊരു പ്രകാശമുണ്ട് അത് പറയുടെ കീഴില്‍വച്ച് പങ്കുവയ്ക്കാതെ ഒതുക്കി, സ്വാര്‍ത്ഥതയോടെ സൂക്ഷിച്ചു സൂക്ഷിച്ചു, അതു കെടുത്തിക്കളയരുത്. പകരം, പീഠത്തില്‍ വയ്ക്കുക. പീഠത്തില്‍ വയ്ക്കുക. പങ്കുവയ്ക്കുക. അതിലൂടെ എല്ലാവരുടെയും ജീവിതത്തിലേയ്ക്ക് പ്രകാശംപരത്താനും എല്ലാവരുടെയും ജീവിതങ്ങള്‍ സ്വാദേറിയതാക്കാനും ശ്രമിക്കുക. അതിലൂടെയാണ് നിത്യതയിലേയ്ക്കും മരണത്തിനപ്പുറത്തേയ്ക്കും നാം കടക്കുന്നത്.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയേ, അങ്ങ് ഇന്ന് എന്നോട് ആവശ്യപ്പെടുന്നത് മനസ്സിലാക്കാനുള്ള കൃപതരിക.  എന്‍റെ ഉള്ളില്‍ നീ കത്തിച്ചുവെച്ച പ്രകാശം.. എന്‍റെ ഉള്ളില്‍ നീ ഒളിപ്പിച്ചുവെച്ച ലവണാംശം പകര്‍ന്നുകൊടുക്കാന്‍... അങ്ങനെ ജീവിതത്തില്‍ ആകമാനം കുടുതല്‍ പ്രകാശംപരത്താന്‍,  ജീവിതം പ്രകാശമാനമാക്കാന്‍, മറ്റുള്ളവരുടെ ജീവിതത്തില്‍ കൂടുതല്‍ കൂടുതല്‍ സ്വാദുപകരാന്‍... മുറിവേറ്റവര്‍ക്കൊക്കെ സൗഖ്യമേകാനുള്ള കൃപ എനിക്ക് തരിക. അത്രമാത്രം എന്നിലെ സാന്നിദ്ധ്യത്തെ ജ്വലിപ്പിച്ചുനിറുത്താന്‍, ഈശോയേ, അങ്ങേ എന്നെ പ്രാപ്തനാക്കണമേ!    ആമേന്‍. 








All the contents on this site are copyrighted ©.