2017-02-02 09:21:00

സമാധാനവഴികളില്‍ വത്തിക്കാനും ഇതരസഭകളും ഇനിയും കൈകോര്‍ക്കും


സമാധാനസംസ്കൃതി വളര്‍ത്താന്‍ പൊതുവായൊരു പ്രമാണരേഖ സജ്ജമാക്കും.

സഭകളുടെ ആഗോള കൂട്ടായ്മയും (World Council of Churches - WCC)  വത്തിക്കന്‍റെ മതാന്തര സംവാദത്തിനായുള്ള കൗണ്‍സിലും (Pontifical Council for Interreligious Dialogue - PCID) കൈകോര്‍ത്താണ് സമാധാനസംസ്കൃതി പ്രചാരണംചെയ്യാനുള്ള പ്രമാണരേഖ (Joint document on Education for Peace) സംയുക്തമായി തയ്യാറാക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇതര സഭകളോടു വത്തിക്കാനും കൈകോര്‍ത്ത് മാനവികതയുടെ പൊതുന്മായ്ക്കായുള്ള ഒരു പ്രമാണരേഖ സജ്ജമാക്കുന്നത്. ജനുവരി 30, 31 തിയതികളില്‍ വത്തിക്കാനില്‍ നടന്ന ഇരുപക്ഷത്തിന്‍റെയും ചര്‍ച്ചകളുടെയും പഠനത്തിന്‍റെയും വെളിച്ചത്തിലാണ് ലോകസമാധാന നിര്‍മ്മിതിയുടെ പാതയില്‍ കാലികമായ ഒരു പാഠ്യപദ്ധതി സജ്ജമാക്കാന്‍ തീരുമാനമായത്.

ജനുവരി 25-ന് സമാപിച്ച ക്രൈസ്തവൈക്യവാര ആഘോഷത്തിന്‍റെ തുടര്‍ച്ചയെന്നോണമാണ് സഭകളുടെ ആഗോളകൂട്ടായ്മയുടെ പ്രതിനിധികളും, മതാന്തര സംവാദത്തിനായുള്ള വത്തിക്കാന്‍റെ വിഭാഗവും സംഗമിച്ച് ലോകസമാധന നിര്‍മ്മിതിക്കുതകുന്ന പൊതുപ്രമാണരേഖയുടെ ചിന്ത രൂപപ്പെടുത്തിയത്. ഇതര മതവിഭാഗങ്ങളുടെ സഹകരണവും ആശയങ്ങളും പൊതുവായ ഈ പഠനപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആശയം സംയുക്ത ചര്‍ച്ചാവേദിയില്‍ ഉയര്‍ന്നുവന്നതായി ജനുവരി 31-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവന അറിയിച്ചു.  

ആഗോളവത്കൃതമായ ലോകത്ത് സമാധനത്തെക്കുറിച്ചുള്ള പ്രായോഗികവും വ്യക്തവുമായ ധാരണകള്‍ ഏറെ അടിയന്തിരമാണ്. കൂട്ടായ്മയുടെ സംയുക്തവേദിയില്‍ ശക്തമായി ഉയര്‍ന്നുവന്ന അഭിപ്രായപ്രകടനമാണ് ഇത്രയേറെ ക്രിയാത്മകമായ ചിന്തയിലേയ്ക്ക് നയിച്ചതെന്ന് പ്രസ്താവന വ്യക്തമാക്കി. 








All the contents on this site are copyrighted ©.